തിരുവനന്തപുരം: ബാർ കോഴക്കേസിൽ കെ.എം.മാണി തെറ്റുകാരനല്ലെന്ന് അറിഞ്ഞുകൊണ്ടായിരുന്നു അന്ന് സമരം നടത്തിയതെന്ന് എൽ.ഡി.എഫ് കൺവീനർ എ. വിജയരാഘവന്റേതായി കേരള കൗമുദി ഫ്ലാഷിൽ വന്ന അഭിമുഖ പരാമർശങ്ങൾ നിഷേധിച്ച് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ.
എൽ.ഡി.എഫ് കൺവീനർ പറയാത്ത കാര്യം പറഞ്ഞുവെന്നാണ് ഒരു മാദ്ധ്യമം പ്രചരിപ്പിച്ചതെന്നും അങ്ങനെ പറഞ്ഞിട്ടില്ലെന്ന് വിജയരാഘവൻ വ്യക്തമാക്കിയിട്ടുണ്ടെന്നും കോടിയേരി വാർത്താസമ്മേളനത്തിൽ പറഞ്ഞു.
കെ.എം. മാണിയെ പ്രതിയാക്കിയത് മുഖ്യമന്ത്രിയായിരുന്ന ഉമ്മൻ ചാണ്ടിയും ആഭ്യന്തരമന്ത്രിയായിരുന്ന രമേശ് ചെന്നിത്തലയുമാണ്. കെ.എം. മാണി ജീവിച്ചിരിപ്പില്ല. അദ്ദേഹം പ്രതിയായ കേസും നിലവിലില്ല. മരിച്ചുപോയ നേതാവിനെക്കുറിച്ച് വെറുതെ ചർച്ചചെയ്ത് പ്രശ്നമുണ്ടാക്കേണ്ട. ആ നേതാവിനോട് അനാദരവ് കാട്ടുന്നതിനോട് യോജിക്കുന്നില്ലെന്നും കോടിയേരി പറഞ്ഞു.
ജോസ് കെ.മാണിയുടെ
രാഷ്ട്രീയനിലപാട് നോക്കട്ടെ
കേരള കോൺഗ്രസ്- ജോസ് കെ.മാണി വിഭാഗവുമായി എൽ.ഡി.എഫ് സഹകരിക്കണോയെന്ന് തീരുമാനിക്കുന്നത് അവർ സ്വീകരിക്കുന്ന രാഷ്ട്രീയനിലപാട് നോക്കിയാവുമെന്ന് കോടിയേരി വ്യക്തമാക്കി. ഡൽഹിയിൽ കർഷകപ്രശ്നത്തിൽ ഇടതുപക്ഷത്തിന് അനുകൂലമായ നിലപാട് അവരെടുത്തത് സ്വാഗതാർഹമാണ്. അവർ രാഷ്ട്രീയനിലപാട് പ്രഖ്യാപിക്കുമ്പോൾ പാർട്ടി ചർച്ച ചെയ്യും.
ബിനീഷ് കേസിൽ ഇടപെടില്ല
മകൻ ബിനീഷ് കോടിയേരിക്കെതിരെ ഏത് കേസുണ്ടായാലും ഇടപെടില്ലെന്ന് നേരത്തേ പറഞ്ഞത് തന്നെയാണ് ഇപ്പോഴത്തേയും നിലപാടെന്ന് കോടിയേരി പറഞ്ഞു. ബിനീഷിനെതിരെ ആരോപണമുണ്ടെങ്കിൽ അന്വേഷിക്കട്ടെ. കുറ്റം ചെയ്തിട്ടുണ്ടെങ്കിൽ അതിനനുസരിച്ച നടപടിയും സ്വീകരിക്കട്ടെ. പാർട്ടി ഇടപെടില്ലെന്ന് ആദ്യം ആരോപണമുയർന്നപ്പോൾ തന്നെ വ്യക്തമാക്കിയതാണെന്നും കോടിയേരി പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |