ഈ വർഷം സെപ്തംബർ 28ന് അവിട്ടം നാളിൽ നവതി ആഘോഷിക്കാൻ തയ്യാറെടുത്തിരിക്കേയാണ് കേരളകൗമുദി എഡിറ്റോറിയൽ സ്റ്റാഫും ഗാന്ധിയനുമായിരുന്ന പ്രൊഫ. കെ. ശ്രീനിവാസന്റെ ഭാര്യ ജെ. ഇന്ദിര ജൂലായ് അഞ്ചിന് നിര്യാതയായത്. ഓരോരുത്തർക്കും ഓരോരോ താത്പര്യങ്ങൾ ഉണ്ട്. ഇത്തരം താത്പര്യങ്ങൾ അവരെ ആ വിഷയത്തിൽ വിദഗ്ദ്ധമാക്കുന്നു. ദീർഘകാലം ചൈനയുടെയും ജപ്പാന്റെയും ചരിത്രം പഠിപ്പിച്ച ടീച്ചർ എന്ന നിലയിലാണ് പഴയ തലമുറയിലെ ബഹുഭൂരിപക്ഷം പേരും ടീച്ചറിനെ ഓർമ്മിക്കുക. 1952 മുതൽ ഏതാണ്ട് അഞ്ചുവർഷക്കാലം കൊല്ലത്തെ എസ്.എൻ കോളേജിലും വനിതാ കോളേജിലും പഠിപ്പിച്ച ഇന്ദിരാ ശ്രീനിവാസൻ 1986 മേയിലാണ് കോളേജ് വിദ്യാഭ്യാസ വകുപ്പിലെ ഡെപ്യൂട്ടി ഡയറക്ടറായി പെൻഷൻ ആകുന്നത്. 1957 മുതൽ 29 വർഷം സർക്കാർ സർവീസിലായിരുന്നു. അതിൽ 14 വർഷം യൂണിവേഴ്സിറ്റി കോളേജിൽ തന്നെ ലക്ചററും പ്രൊഫസറും വകുപ്പദ്ധ്യക്ഷയുമായിരുന്നു. തിരുവിതാംകൂറിലെ ഓണാട്ടുകരയിൽ കോമലേഴത്ത് തറവാട്ടിൽ പി. പല്പുവിന്റെയും കായംകുളം തിരുവിക്കൽ കുടുംബത്തിലെ ജാനകികുട്ടിയുടെയും സീമന്തപുത്രിയായി കന്നിമാസത്തിലെ അവിട്ടത്തിലായിരുന്നു ഇന്ദിര ടീച്ചറിന്റെ ജനനം. ജനിച്ചതും വളർന്നതുമെല്ലാം ഹരിപ്പാട്ട് മുട്ടത്ത്. നങ്ങ്യാർകുളങ്ങരയിലും തട്ടാരമ്പലം സെന്റ് ജോൺസ് സ്‌കൂളിലും ബഥനി ബാലികാമഠത്തിലുമായി സ്‌കൂൾ വിദ്യാഭ്യാസം. തിരുവനന്തപുരം വനിതാ കോളേജിൽ നിന്നും ഇന്ററും യൂണിവേഴ്സിറ്റി കോളേജിൽനിന്ന് ബി.എ ഓണേഴ്സും പ്രശസ്തമായി പാസായി. 1951 ലെ യൂണിവേഴ്സിറ്റി ഒന്നാം റാങ്കുകാരിയായതിനാൽ പാസായയുടൻ ശ്രീനാരായണ കോളേജിൽ ചരിത്രം ലക്ചററായി നിയമനം ലഭിച്ചു. അന്നത്തെ കാലത്ത് ശ്രീപത്മനാഭന്റെ നാല് ചക്രത്തിന്റെ മാറ്റ് ഒന്നു വേറെതന്നെയായിരുന്നു. അതുകൊണ്ട് പബ്ളിക് സർവീസ് കമ്മിഷൻ ഒറ്റ പോസ്റ്റിന് സെലക്ഷൻ നടത്തിയപ്പോഴും ടീച്ചറിനത് കിട്ടി. റാങ്കുകാരി കൂടിയായതിനാൽ. 1955 ലാണ് ഇന്ദിര ടീച്ചർ പ്രൊഫ. കെ. ശ്രീനിയെ വിവാഹം കഴിച്ചത്. ഇവർക്ക് രണ്ട് കുട്ടികൾ. പ്രൊഫ. രാജീവ് ,ഡോ. ജയാഗൗതമൻ എന്നിവർ. ജയ നാഗർകോവിലിൽ സ്ഥിരവാസം. രാജീവ് അമേരിക്കയിലെ വാസം മതിയാക്കി തിരുവനന്തപുരത്തുതന്നെ പഠിപ്പിക്കുന്നു. 2000 - 2003 കാലത്ത് തിരുച്ചിയിലെ ഭാരതീദാസൻ മധുര കാമരാജ് യൂണിവേഴ്സിറ്റികളിൽ സിന്റിക്കേറ്റ് അംഗമായിരുന്നു. യൂണിവേഴ്സിറ്റി കോളേജ് ചരിത്ര വകുപ്പിന്റെ അലൂമിനി സ്ഥാപിക്കപ്പെട്ടപ്പോൾ അതിന്റെ രക്ഷാധികാരിയായി ടീച്ചർ. 'കോളേജിനെ കുറിച്ചുള്ള ഓർമ്മകൾ' എന്ന ടീച്ചറിന്റെ പ്രഭാഷണം അന്ന് കേട്ടവർക്കെല്ലാം പുതുമയായി. പൂർവ വിദ്യാർത്ഥിയുടെ ആത്മരോദനമായിരുന്നു അത്. ഇന്നത്തെ അവസ്ഥ കണക്കിലെടുത്തുകൊണ്ട്. ശ്രീനാരായണ ഭക്ത സംഘങ്ങൾ, സദനങ്ങൾ എന്നിവയിലും മറ്റു സ്ത്രീ ശാക്തീകരണ സംഘങ്ങളിലും ടീച്ചർ സജീവമായിരുന്നു. . ഈ മാതൃകാദ്ധ്യാപികയ്ക്കുമുമ്പിൽ ബാഷ്പാഞ്ജലി സമർപ്പിക്കുന്നു.
(ലേഖകന്റെ ഫോൺ: 9447246356 )