തിരൂരങ്ങാടി: കടലുണ്ടിപ്പുഴയിൽ കുളിക്കാനിറങ്ങി ഒഴുക്കിൽപ്പെട്ട് കാണാതായ പിതാവിന്റെയും മകന്റെയും മൃതദേഹങ്ങൾ കണ്ടെത്തി. കക്കാട് കടലുണ്ടിപ്പുഴയിലെ ബാക്കിക്കയം റഗുലേറ്റർ കം ബ്രിഡ്ജിന് സമീപത്തെ കാവുങ്ങൽ ഇസ്മായിലിന്റെയും (36), മകൻ മുഹമ്മദ് ഷംവീലിന്റെയും (7) മൃതദേഹമാണ് കണ്ടെടുത്തത്.
ഇന്നലെ നടന്ന തെരച്ചിലിൽ ഒഴുക്കിൽപ്പെട്ടതിന്റെ 80 മീറ്റർ അകലെനിന്ന് ഉച്ചയ്ക്ക് ഒന്നരയോടെ ഷംവീലിന്റെയും ബാക്കിക്കയം റഗുലേറ്ററിന്റെ താഴെനിന്ന് നാലേമുക്കാലോടെ ഇസ്മായിലിന്റെയും മൃതദേഹങ്ങൾ ലഭിച്ചു. കോഴിക്കോട് കീരാച്ചുണ്ട് അൽ അമീൻ റസ്ക്യൂ ടീമിന്റെ സഹായത്തോടെ കാമറ ഉപയോഗിച്ച് വെള്ളത്തിൽ നടത്തിയ തെരച്ചിലിലാണ് മൃതദേഹങ്ങൾ കണ്ടെടുത്തത്.
വെള്ളിയാഴ്ച രാവിലെ 11.30നാണ് ഇസ്മായിൽ മക്കളായ ഷംവീലിനും ഷാനിബിനുമൊപ്പം പുഴയിൽ കുളിക്കാൻ പോയത്. ബാക്കിക്കയം ഭാഗത്ത് 18 ദിവസം മുമ്പാണ് ഇവർ പുതിയ വീട് വച്ച് താമസം മാറിയത്. പുഴയിലിറങ്ങവേ കാൽതെറ്റി വീണ ഷംവീലിനെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ ഇസ്മായിലും ഒഴുക്കിൽപ്പെട്ടു. ഇസ്‌മായിൽ ഡിസംബറിൽ തിരിച്ച് അബുദാബിയിൽ പോകാനിരിക്കുകയായിരുന്നു. മാതാവ് മമ്മാത്തു. ഭാര്യ: സാജിത പാണ്ടികശാല. പോസ്റ്റുമോർട്ടത്തിന് ശേഷം ഇന്ന് ഉച്ചയോടെ കക്കാട് ടൗൺ ജുമാ മസ്ജിദിൽ കബറടക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |