SignIn
Kerala Kaumudi Online
Monday, 07 July 2025 5.02 PM IST

ഇന്നടിച്ചതാരാണ് എന്ന് നാം കണ്ടു, നാളെ അടിക്കാൻ പോകുന്നവർ അവരായിരിക്കില്ല; അതറിയണമെങ്കിൽ...

Increase Font Size Decrease Font Size Print Page
murali

സ്ത്രീകൾക്കെതിരെ അശ്ലീലപരാമർശമുളള യൂട്യൂബ് വീഡിയോ പോസ്റ്റുചെയ്ത വിജയ് പി നായരെ മർദ്ദിച്ച ഭാഗ്യലക്ഷ്മിക്കും സംഘത്തിനും പൂർണ പിന്തുണ നൽകുന്ന ഫേസ്ബുക്ക് പോസ്റ്റുമായി മുരളി തുമ്മാരുകുടി. സൈബറിടത്തിലെ അതിക്രമങ്ങൾക്ക് അടി പേടിക്കേണ്ട, പൊലീസ് കേസുകൾ തന്നെ അപൂർവ്വം, അതിൽ തന്നെ കോടതിയിൽ എത്തി ശിക്ഷിക്കപ്പെടുന്നത് അപൂർവത്തിൽ അപൂർവം എന്ന സുരക്ഷാ ബോധമാണ് മൂന്നു സ്ത്രീകൾ പത്തു മിനിറ്റുകൊണ്ട് തകർത്തു കളഞ്ഞതെന്നും അടികൊണ്ടത് ഒരാൾക്ക് മാത്രമല്ലെന്നും അയാളെപ്പോലെ

മാളങ്ങളിൽ ഒളിഞ്ഞിരുന്ന് നിരീക്ഷണവും പരീക്ഷണവും നടത്തുന്നവർക്കും അവരെ പ്രോത്സാഹിപ്പിക്കുന്ന എല്ലാവർക്കും ആണെന്നും ഫേസ്ബുക്ക് കുറിപ്പിൽ അദ്ദേഹം കുറിക്കുന്നു.

ഫേസ്ബുക്ക്പോസ്റ്റിന്റെ പൂർണരൂപം:

അടിച്ചവരും അടി കൊണ്ടവരും..

മൂന്നു സ്ത്രീകൾ, രണ്ടു പേർ കാമറക്ക് മുന്നിൽ, ഒരാൾ പുറകിൽ

കരണക്കുറ്റിക്ക് രണ്ടു മൂന്ന് അടി

ശബ്ദ താരാവലിയിൽ പൊതുവെ ആണുങ്ങൾ മാത്രം എടുത്തു പ്രയോഗിക്കാറുള്ള ഉള്ള കുറച്ചു വാക്കുകൾ

മൊത്തം പത്തു മിനുട്ട്

സൈബറിടത്തിൽ സ്ത്രീകൾക്കെതിരെ എന്തും പറയാമെന്നും അതിനെതിരെ ഫലപ്രദമായ നിയമങ്ങൾ ഇല്ല എന്നും ഉള്ള നിയമങ്ങൾ തന്നെ ഫലപ്രദമായി ഉപയോഗിക്കപ്പെടില്ല എന്നുമുള്ള കാര്യങ്ങൾ കേരള സമൂഹത്തിന് വളരെ വേഗത്തിൽ മനസ്സിലായി.

ഈ വിഷയത്തോടുള്ള ആളുകളുടെ പ്രതികരണം ഞാൻ ശ്രദ്ധിക്കുകയായിരുന്നു. സമൂഹത്തിലും രാഷ്ട്രീയത്തിലും വിവിധ വശങ്ങളിൽ നിൽക്കുന്ന, എല്ലാ പ്രായത്തിലും ഉള്ള, കേരളത്തിലും കേരളത്തിന് പുറത്തുമുള്ള എല്ലാ സ്ത്രീകളും സന്തോഷത്തോടെയാണ് ഈ വിഷയത്തോട് പ്രതികരിച്ചു കണ്ടത്.

കാരണം സൈബറിടത്തിൽ അനാവശ്യമായ കടന്നുകയറ്റം സംഭവിക്കുന്നത് അവർക്ക് മറ്റുള്ളവരുടെ കഥയല്ല. സ്വന്തം അനുഭവമാണ്.

മൊബൈൽ ഫോണിൽ വിളിച്ച് അശ്ലീലം പറയുന്നത്, മെസ്സഞ്ചർ ചാറ്റ് ബോക്സിൽ വന്ന് വസ്ത്രമുരിഞ്ഞു കാണിക്കുന്നത്, ഫോട്ടോ മോർഫ് ചെയ്ത് ഇന്റർനെറ്റിൽ ഇടുന്നത്, യുട്യൂബ് ചാനലിൽ ഒക്കെ തോന്നുന്ന അശ്ലീലം ഒക്കെ വിളിച്ചു പറയുന്നത്. ഇതിൽ ഏതെങ്കിലും ഒക്കെ അനുഭവിക്കാത്ത സ്ത്രീകൾ കേരളത്തിൽ ഇല്ല.

പണ്ടൊക്കെ പബ്ലിക് ട്രാൻസ്‌പോർട്ടിലും ഉത്സവ പറമ്പിലും ആളൊഴിഞ്ഞ വഴികളിലും ഒക്കെ സ്ത്രീകളെ തൊടാനും പിടിക്കാനും നടന്നവർക്കും തുണി പൊക്കി കാണിക്കാൻ നടന്നവർക്കും ഒക്കെ സൈബറിടങ്ങൾ വിശാലമായ ലോകമാണ് തുറന്നു കൊടുത്തത്.

പണ്ടൊക്കെ അവരുടെ പ്രവർത്തികൾ സ്വന്തം പ്രാദേശിക അതിർത്തികൾക്കുള്ളിൽ നിൽക്കേണ്ട സാഹചര്യം ഉണ്ടായപ്പോൾ ഇപ്പോൾ ലോകത്ത് എവിടെ ഇരിക്കുന്നവരെ വേണമെങ്കിലും അവർക്ക് ബുദ്ധിമുട്ടിക്കാം. പണ്ടൊക്കെ ഇങ്ങനെ എന്തെങ്കിലും ചെയ്യണമെങ്കിൽ സ്വയം ചെയ്യണം, ഇപ്പോൾ കപടമായ പേരിൽ ചെയ്യാം, മുഖമില്ലാതെ ചെയ്യാം. പണ്ടൊക്കെ വീടിന് പുറത്തിറങ്ങി ചെയ്യേണ്ടിയിരുന്നെങ്കിൽ ഇപ്പോൾ വീടിനകത്ത് സ്വകാര്യമായി ചെയ്യാം.
ഇതൊക്കെ ഇത്തരക്കാർക്ക് കൂടുതൽ ആത്മവിശ്വാസം നൽകുന്നു.

ബസിൽ ഒക്കെ സ്ത്രീകളോട് അപമര്യാദയായി പെരുമാറിയാൽ സ്ത്രീകൾ ഉടൻ തന്നെ പ്രതികരിക്കാനും വരമ്പത്ത് തന്നെ കൂലി കിട്ടാനുമുള്ള സാഹചര്യം ഉണ്ടായിരുന്നു.

സൈബറിടത്തിലെ അതിക്രമങ്ങൾക്ക് അടി പേടിക്കേണ്ട, പോലീസ് കേസുകൾ തന്നെ അപൂർവ്വം, അതിൽ തന്നെ കോടതിയിൽ എത്തി ശിക്ഷിക്കപ്പെടുന്നത് അപൂർവ്വത്തിൽ അപൂർവ്വം.

ആ സുരക്ഷാ ബോധമാണ് മൂന്നു സ്ത്രീകൾ പത്തു മിനിറ്റുകൊണ്ട് തകർത്തു കളഞ്ഞത്.

അതുകൊണ്ട് തന്നെ അടി കൊണ്ടത് ജെട്ടി നിരീക്ഷകന് മാത്രമല്ല

അദ്ദേഹത്തെപ്പോലെ മാളങ്ങളിൽ ഒളിഞ്ഞിരുന്നു നിരീക്ഷണവും പരീക്ഷണവും നടത്തുന്ന എല്ലാവർക്കും ആണ്.

അവരെ പിന്തുടരുന്നു, പ്രോത്സാഹിപ്പിക്കുന്ന എല്ലാവർക്കും ആണ്.

അവരെപ്പോലെ ഉള്ളവർക്ക് വളർന്നു വരാൻ അവസരം ഉണ്ടാക്കുന്ന പുരുഷ കേന്ദ്രീകൃത സമൂഹത്തിന്റെ സൃഷ്ടിയിലും നിലനിർത്തലിലും ഉൾപ്പെട്ട എല്ലാവർക്കും ആണ്.

അവരെപ്പോലെ ഉള്ളവരെ പരാതി കിട്ടിയാൽ പോലും നിയന്ത്രിക്കാൻ സാധിക്കാത്ത നിയമ നിർവ്വഹണ സംവിധാനത്തിനാണ്.

അവരെപ്പോലെ ഉള്ളവർ ഉണ്ടാക്കുന്ന പ്രശ്നങ്ങൾ പകൽ പോലെ വ്യക്തമാണെങ്കിലും അതിനെതിരെ ശക്തമായ നിയമങ്ങൾ ഉണ്ടാക്കാത്ത നിയമ നിർമ്മാണ സംവിധാനങ്ങൾക്കാണ്.

എല്ലാവരും മനസ്സാക്ഷിയുടെ കണ്ണാടിയിൽ ഒന്ന് നോക്കുക. എന്നിട്ട് സ്വന്തം ചെകിട് ഒന്ന് തലോടി നോക്കുക.

അടിയുടെ പാടണ്ടോ ?, അടി കിട്ടാൻ വഴിയണ്ടോ ?

ഉണ്ടെങ്കിൽ അടികിട്ടാനുള്ള സാഹചര്യം ഒഴിവാക്കുക. വേണ്ടത് ചെയ്യുക.

കാരണം, ഇതൊരു സൂചനയും തുടക്കവും ആണ്.

സ്ത്രീകളോടുള്ള പെരുമാറ്റത്തിന്റെ കാര്യത്തിൽ കേരളത്തിലെ സമൂഹം ഇരുപത്തി ഒന്നാം നൂറ്റാണ്ടിൽ എത്തിയിട്ടില്ലെങ്കിലും കാലത്തിനൊപ്പം ഉള്ള സ്ത്രീകൾ കേരളത്തിൽ ഉണ്ട്. അവരുടെ എണ്ണം മൂന്നിൽ ഒതുങ്ങില്ല.

ഇന്നടിച്ചതാരാണ് എന്ന് നാം കണ്ടു. നാളെ അടിക്കാൻ പോകുന്നവർ അവരായിരിക്കില്ല. അതറിയണമെങ്കിൽ ഫേസ്ബുക്ക് ടൈംലൈൻ ഒന്ന് ശരിക്ക് വായിച്ചു നോക്കിയാൽ മതി.

അവരൊക്കെ പ്രതികരിക്കാൻ തുടങ്ങിയാൽ അടി തലസ്ഥാനത്ത് നിൽക്കില്ല, തലയിലും.

മുരളി തുമ്മാരുകുടി

TAGS: MURALI TUMMARUKUDY WITH A FACEBOOK POST GIVING FULL SUPPORT TO BHAGYALAKSHMI AND HER TEAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.