കൊല്ലം: ബിസിനസുമായി ബന്ധപ്പെട്ട് പലപ്പോഴും തർക്കങ്ങളും വഴക്കുകളും സാധാരണയാണ്. എന്നാൽ പൂനെയിൽ ഉണ്ടായ തർക്കത്തിന് കൊട്ടാരക്കരയിലെ വീട് കത്തിയ്ക്കാൻ ശ്രമിച്ച സംഭവം സാധാരണയല്ല. പൂനെയിലെ വ്യവസായിയായ കൊട്ടാരക്കര തലച്ചിറ കൃപയിൽ ജോസ് മാത്യു (രാജു)വിന്റെ വീട് കത്തിയ്ക്കാൻ ശ്രമിച്ച കേസിൽ പൊലീസ് അന്വേഷണം ഊർജ്ജിതമായി നടക്കുകയാണ്. കേസുമായി ബന്ധപ്പെട്ട് പത്തനാപുരം കുന്നിക്കോട് പനമ്പറ്റ ആവണീശ്വരം വൈദ്യഗിരി എസ്റ്റേറ്റിൽ ലൈജു മാത്യുവിനെ (41) അറസ്റ്റ് ചെയ്തിരുന്നു. എന്നാൽ യഥാർത്ഥ പ്രതി ലൈജു മാത്യുവല്ലെന്നാണ് ഇപ്പോൾ അന്വേഷണ സംഘം നൽകുന്ന സൂചനകൾ. ലൈജു മാത്യു വീട് കത്തിയ്ക്കാൻ ശ്രമിച്ചയാൾ തന്നെയാണ്. എന്നാൽ, ഇതിന് നിർദ്ദേശം നൽകിയത് പൂനെയിൽ നിന്നുള്ളവരാണെന്നാണ് അന്വേഷണത്തിൽ വ്യക്തമായി വരുന്നത്. ലൈജു മാത്യുവിന്റെ ഫോൺ കാൾ വിവരങ്ങളും ഫേസ് ബുക്ക്, വാട്സ് ആപ് അക്കൗണ്ടുകളും പരിശോധിച്ച് ഇക്കാര്യത്തിൽ കൂടുതൽ വ്യക്തത വരുത്തുകയാണ് അന്വേഷണ സംഘം. റൂറൽ എസ്.പി ഹരിശങ്കറിന്റെ നിർദ്ദേശ പ്രകാരം തുടർ അന്വേഷണം പൂനെയിലേക്ക് നീളുമെന്നാണ് ലഭ്യമായ വിവരങ്ങൾ.
രാത്രിയിൽ എത്തിയ ബൊലെറോ
കഴിഞ്ഞ 13ന് സന്ധ്യ പിന്നിട്ടപ്പോഴാണ് കുന്നിക്കോട് പനമ്പറ്റ ആവണീശ്വരം വൈദ്യഗിരി എസ്റ്റേറ്റിൽ ലൈജു മാത്യു ബൊലെറോ കാറുമായി വീട്ടിൽ നിന്നിറങ്ങിയത്. സൂപ്പർമാർക്കറ്റിൽ നിന്നും കന്നാസ് വാങ്ങി, സമീപത്തെ പമ്പിൽ നിന്നും പെട്രോളും. ബൊലെറോ നേരെ വെട്ടിക്കവല വഴി തലച്ചിറയിലെ ജോസ് മാത്യുവിന്റെ വീട് ലക്ഷ്യമാക്കി പുറപ്പെട്ടു. സമയം രാത്രി 10.10. ജോസ് മാത്യുവിന്റെ വീടിന് മുന്നിൽ കാർ നിർത്തി കന്നാസുമായി പുറത്തേക്കിറങ്ങിയ ലൈജു മാത്യു വീടിന്റെ സിറ്റൗട്ട് ലക്ഷ്യമാക്കി അത് വലിച്ചെറിഞ്ഞു. ലക്ഷ്യ സ്ഥാനമെന്ന് ഉറപ്പിച്ചു. തടികൊണ്ടുള്ള പാനലിംഗാണ്. തീ പടർന്നാൽ വീട് മുഴുവൻ കത്തുമെന്ന് ഉറപ്പാണ്. അപ്പോൾ കാറിന് പിന്നിൽ മറ്റൊരു കാർ വന്ന് ഹോൺ അടിച്ചതിനാൽ വീണ്ടും തന്റെ കാറിൽ കയറി സൈഡിലേക്ക് ഒതുക്കിയിട്ടു. കരുതിയിരുന്ന പന്തവുമായി പുറത്തേക്കിറങ്ങി, അത് കത്തിച്ച് വീടിന് നേർക്കെറിഞ്ഞു. ലക്ഷ്യം തെറ്റി കാർ പോർച്ചിലിലാണ് പന്തം വീണത്.
ശബ്ദം കേട്ട് അയൽ വീട്ടുകാർ പുറത്തേക്കിറങ്ങിയെന്ന് ബോദ്ധ്യമായതോടെ ലൈജു കാറുമായി സ്ഥലം വിട്ടു. പന്തം കത്തിയതിന്റെ പുക കണ്ട് അയൽക്കാർ ഓടിയെത്തിയതിനാൽ പെട്രോളിലേക്ക് തീ പടരുംമുൻപെ കെടുത്താനായി. വാളകത്ത് നിന്നും കൊട്ടാരക്കര നിന്നും പൊലീസ് പാഞ്ഞെത്തി. ബൊലെറോ കാറാണ് വന്നുപോയതെന്ന് പൊലീസിനോട് പറഞ്ഞതോടെ കാർ കണ്ടുപിടിക്കാനുള്ള ശ്രമമായി. സി.സി ടി.വി ദൃശ്യങ്ങൾ സഹായകരമായി. ലൈജു മാത്യു അറസ്റ്റിലുമായി. ചോദ്യം ചെയ്തപ്പോഴും മറ്റാർക്കും ഇതിൽ പങ്കില്ലെന്ന് ലൈജു ആവർത്തിച്ചു. പക്ഷേ, പൊലീസ് ഇത് കണ്ണടച്ച് വിശ്വസിക്കാൻ തയ്യാറായില്ല.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |