കൊളംബോ: രാജ്യാന്തര നിയമങ്ങൾക്ക് വിരുദ്ധമായി ബ്രിട്ടൻ കയറ്റി അയച്ച ആശുപത്രി അവശിഷ്ടങ്ങൾ അടക്കമുള്ള 260 ടൺ മാലിന്യങ്ങൾ ശ്രീലങ്ക മടക്കി അയച്ചു. 2017 സെപ്തംബറിനും 2018 മാർച്ചിനും ഇടയിൽ എത്തിയ 21 കണ്ടെയ്‌നർ മാലിന്യങ്ങളാണ് മടക്കി അയച്ചത്. നിയമപ്രകാരം, ഉപയോഗശൂന്യമായ മെത്തകളും കാർപെറ്റുകളും തുണിത്തരങ്ങളും മാത്രമാണ് കണ്ടെയ്‌നറുകളിൽ ഉണ്ടാകേണ്ടിയിരുന്നത്. എന്നാൽ ഇവയ്ക്ക് പുറമേ വൻതോതിൽ ആശുപത്രി മാലിന്യങ്ങളുമായാണ് കണ്ടെയ്‌നറുകൾ തുറമുഖത്തെത്തിയത്.
തിരിച്ചയച്ച കണ്ടെയ്‌നറുകളിൽ അനധികൃത ആശുപത്രി മാലിന്യങ്ങൾ ഉണ്ടായിരുന്നുവെന്ന് കസ്റ്റംസ് സ്ഥിരീകരിച്ചിട്ടുണ്ട്.
മുമ്പും ശ്രീലങ്കൻ തുറമുഖത്തേക്ക് മോർച്ചറിയിൽ നിന്നുള്ള ശരീരഭാഗങ്ങളും ബാൻഡേജുകളും അടക്കമുള്ള മാലിന്യങ്ങൾ കണ്ടെയ്‌നറുകളിലെത്തിയിരുന്നു. 2017-18 കാലയളവിൽ ബ്രിട്ടനിൽ നിന്നെത്തിയ 242 കണ്ടെയ്‌നറുകൾ ഇപ്പോഴും കൊളംബോയ്ക്ക് പുറത്തുള്ള തുറമുഖത്തെ സ്വതന്ത്ര വ്യാപാര മേഖലയിൽ അവശേഷിക്കുന്നുണ്ട്.
ഇവയും നീക്കം ചെയ്യുന്നതിനായി നിയമ നടപടികൾ സ്വീകരിച്ചുവരികയാണ് ശ്രീലങ്കൻ സർക്കാർ.
കൂടാതെ, അനധികൃത മാലിന്യങ്ങളുമായി കണ്ടെയ്‌നറുകൾ രാജ്യത്ത് പ്രവേശിച്ചതിന് നഷ്ടപരിഹാരം നേടിയെടുക്കുന്നതിനുള്ള നടപടികളും ശ്രീലങ്ക ആരംഭിച്ചിട്ടുണ്ട്.
ശ്രീലങ്കൻ തുറമുഖത്തെത്തിയ 3,000 ടണ്ണോളം വരുന്ന അപകടകരമായ വസ്തുക്കൾ അടങ്ങിയ മാലിന്യങ്ങളെക്കുറിച്ച് കഴിഞ്ഞ വർഷം അന്വേഷണം നടന്നിരുന്നു. അന്വേഷണത്തിൽ 2017-2018 വർഷങ്ങളിൽ 180 ടണ്ണോളം മാലിന്യങ്ങൾ ഇന്ത്യയിലേക്കും ദുബായിലേക്കും തിരിച്ചു വിട്ടിരുന്നതായി കണ്ടെത്തിയിരുന്നു.
ശ്രീലങ്കയ്ക്ക് പുറമേ നിരവധി ഏഷ്യൻ രാജ്യങ്ങളാണ് കഴിഞ്ഞ രണ്ടു വർഷങ്ങളായി പാശ്ചാത്യരാജ്യങ്ങളിലേക്ക് അനധികൃത മാലിന്യങ്ങൾ മടക്കി അയച്ചത്. ബ്രിട്ടനിൽ നിന്നെത്തിയ 42 കണ്ടെയ്‌നർ പ്ലാസ്റ്റിക് മാലിന്യങ്ങൾ ജനുവരിയിൽ മലേഷ്യ മടക്കി അയച്ചിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |