തിരുവനന്തപുരം:കൊവിഡ് പശ്ചാത്തലത്തിൽ ശബരിമല മണ്ഡല മകരവിളക്ക് തീർത്ഥാടനം പരിമിതമായി തീർത്ഥാടകരെ അനുവദിച്ച് നടത്താൻ മുഖ്യമന്ത്രിയുടെ അദ്ധ്യക്ഷതയിൽ ഓൺലൈനായി നടന്ന ഉന്നതതല യോഗം തീരുമാനിച്ചു.
വെർച്വൽ ക്യൂ സംവിധാനത്തിലൂടെ രജിസ്റ്റർ ചെയ്യുന്ന പരിമിത എണ്ണം തീർത്ഥാടകർക്ക് മാത്രമായിരിക്കും പ്രവേശനം. എത്തിച്ചേരേണ്ട സമയക്രമം നിശ്ചയിച്ചു നൽകും. ദർശനം നടത്തി ഉടനെ മല ഇറങ്ങണം. പമ്പയിലും സന്നിധാനത്തും വിരി വയ്ക്കാനോ തങ്ങാനോ അനുവദിക്കില്ല . നിലയ്ക്കലിൽ പരിമിതമായ രീതിയിൽ വിരി വയ്ക്കാനുള്ള സൗകര്യമുണ്ടാവും.
മന്ത്രിമാരായ കടകംപള്ളി സുരേന്ദ്രൻ, കെ.കെ. ശൈലജ, എ.കെ. ശശീന്ദ്രൻ, എം.എം. മണി, കെ. കൃഷ്ണൻ കുട്ടി, എം.എൽ.എമാരായ പി.സി.ജോർജ്, രാജു എബ്രഹാം, ഇ.എസ് ബിജിമോൾ, ജിനേഷ് കുമാർ, ദേവസ്വം ബോർഡ് പ്രസിഡന്റ് എൻ.വാസു, പ്രിൻസിപ്പൽ സെക്രട്ടറി കെ.ആർ.ജ്യോതിലാൽ, പത്തനംതിട്ട ജില്ലാകളക്ടർ നൂഹ് ബാവ, ജയദേവ്. ജി തുടങ്ങിയവർ പങ്കെടുത്തു..
തീരുമാനങ്ങൾ
ഓരോ സംസ്ഥാനത്ത് നിന്നും ദിവസവും എത്ര തീർത്ഥാടകരെ പ്രവേശിപ്പിക്കാമെന്നതടക്കമുള്ള കാര്യങ്ങൾ ചീഫ് സെക്രട്ടറി, സംസ്ഥാന പൊലീസ് മേധാവി, ദേവസ്വം , വനം , ആരോഗ്യ പ്രിൻസിപ്പൽ സെക്രട്ടറിമാരടങ്ങിയ സമിതി പരിശോധിച്ച് റിപ്പോർട്ട് നൽകും .
.ആന്ധ്ര, തെലങ്കാന, കർണ്ണാടക, തമിഴ് നാട്, പോണ്ടിച്ചേരി മന്ത്രിമാരുമായി ആശയവിനിമയം നടത്തും.
കൊവിഡ് രോഗ ബാധിതർ തീർത്ഥാടനത്തിന് എത്തുന്നില്ലെന്ന് ഉറപ്പ് ഉറപ്പു വരുത്തും. ഇതിനായി വിവിധ കേന്ദ്രങ്ങളിൽ ആരോഗ്യ വകുപ്പിന്റെ സഹായത്തോടെ ആന്റിജൻ ടെസ്റ്റ് നടത്തും.
കുടിവെള്ളം 100 രൂപ അടച്ച് സ്റ്റീൽ പാത്രത്തിൽ വാങ്ങാം. പാത്രം ഏൽപ്പിക്കുമ്പോൾ തുക തിരികെ നൽകും .
നിശ്ചിത സമയത്ത് വരുന്നവർക്ക് മാത്രം പേപ്പർ പ്‌ളേറ്റിൽ അന്നദാനം .
കടകളുടെ ലേല സാധ്യത കുറഞ്ഞതിനാൽ കൺസ്യൂമർഫെഡ്, സപ്ലൈകോ തുടങ്ങിയവയുടെ സേവനം ലഭ്യമാക്കും.
തീർത്ഥാടകർക്ക് സാമൂഹ്യ അകലം പാലിക്കുന്ന തരത്തിൽ കൂടുതൽ ബസുകൾ .
.മലകയറുമ്പോൾ മാസ്‌ക് ഉപയോഗിക്കുന്നത് പ്രശ്‌നമുണ്ടാക്കുമോയെന്ന കാര്യം ആരോഗ്യവകുപ്പ് പരിശോധിക്കും
നെയ്യഭിഷേകത്തിനുള്ള നെയ്യ് പമ്പയിലോ സന്നിധാനത്തോ ശേഖരിച്ച് പകരം അഭിഷേകം നടത്തിയ നെയ്യ് ലഭ്യമാക്കും
തിരുവാഭരണ ഘോഷയാത്ര കോവിഡ് പ്രോട്ടോക്കാൾ പാലിച്ച്
പമ്പ, എരുമേലി സ്നാനഘട്ടങ്ങളിൽ സ്പ്രിംഗ്ളർ/ഷവർ സംവിധാനം ഏർപ്പെടുത്തും.
10 വയസ്സിന് താഴെയും 65 വയസ്സിനും മുകളിലുമുള്ളവർക്ക് ദർശനം അനുവദിക്കില്ല.
അന്യസംസ്ഥാനത്തു നിന്നുള്ളവർ നോൺ കൊവിഡ് സർട്ടിഫിക്കറ്റിന് പുറമെ ഇവിടത്തെ കേന്ദ്രങ്ങളിലും പരിശോധന നടത്തി രോഗമില്ലെന്ന സർട്ടിഫിക്കറ്റ് വാങ്ങണം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |