സർദാർ ഫലിതങ്ങൾക്കൊപ്പം ഡൽഹിയിൽ വന്നകാലം മുതൽ കേൾക്കുന്നതാണ് അവരുടെ വീരകൃത്യങ്ങളും. ടർബണേറ്റർമാരോട് (തലയിൽ ടർബൺ കെട്ടിയവരെന്ന് ചുരുക്കം) ഉടക്കരുതെന്നും കൈയിൽ കിട്ടിയതെടുത്ത് കുത്തിക്കളയുമെന്നൊക്കെ ചിലർ ഉപദേശിച്ചിട്ടുണ്ട്. നന്നായി ജീവിച്ച് മാതൃകയാവാനും വെള്ളമടിച്ച് അലമ്പു കാട്ടാനും അഗ്രഗണ്യരാണ് ഇക്കൂട്ടർ.
വൈകിട്ട് ഇന്ത്യാ ഗേറ്റ് വഴി കടന്നുപോകവെ കത്തിയ ടയറിന്റെ മണമടിച്ചപ്പോളാണ് സർദാർമാരുടെ വീരകൃത്യങ്ങളെക്കുറിച്ച് ഓർത്തത്. തിങ്കളാഴ്‌ച ദിവസം ഡൽഹിക്കാരുടെ പ്രഭാതം സമ്പന്നമാക്കിയത് സർദാറുമാരുടെ ട്രാക്‌ടർ കൊണ്ടുള്ള പന്തംകൊളുത്തിപ്പടയായിരുന്നല്ലോ.
അവരുടെ സമരത്തിന്റെ കാര്യം തത്‌ക്കാലം വിടാം. ട്രാക്‌ടർ കത്തിച്ചപ്പോൾ ആകാശത്തേക്കുയർന്ന പുകപടലത്തിനൊപ്പമാണ് രാവിലെ മുതൽ ചിന്ത പോയത്. പഞ്ചാബിലും ഹരിയാനയിലും വയലുകളിലുയരുന്ന തീപടലങ്ങളെക്കുറിച്ചും ഓർത്തുപോയി. ഒക്ടോബറിൽ ഡൽഹിയുടെ ആകാശം നിറയുന്ന പുകയും പൊടിപടലങ്ങളും നൽകാൻ പോകുന്ന വീർപ്പുമുട്ടലുകളും ഓർത്തു. മൂന്നു നാലു വർഷമായി ഒക്ടോബർ പടിവാതുക്കലെത്തുമ്പോൾ ശരാശരി ഡൽഹിക്കാരുടെ മനസുകളിലെല്ലാം നിറയാറുണ്ട് ആകുലതകളുടെ ഇത്തരം പുകച്ചുരുളുകൾ.
കൊവിഡ് കാലത്തെ മാസ്ക് ഉപയോഗവും ലോക്ക്ഡൗൺ മൂലം യമുനയിലെ വെള്ളവും ഡൽഹിയിലെ ആകാശവും ശുദ്ധമായതും ഡൽഹി ഡയറി ഒരിക്കൽ ചർച്ച ചെയ്തിരുന്നു. ലോക്ക് ഡൗൺ കഴിഞ്ഞ് ജീവിതം തുറന്നപ്പോൾ ആകാശത്തും വെള്ളത്തിലും മാലിന്യം അടിഞ്ഞുകൂടി നിറവും മണവും പഴയതുപോലെ ആകുകയും ചെയ്‌തു.
ട്രാക്‌ടർ കത്തിച്ച സർദാറുമാരുടെ പഞ്ചാബിലും അവരെപ്പോലെ തന്നെ വീര്യം ഒട്ടും കുറയാത്ത ഗജ്ജറുകളും ജാട്ടുകളും വിലസുന്ന ഹരിയാനയിലും നെല്ലും ഗോതമ്പും വിളഞ്ഞ പാടങ്ങൾ കൊയ്‌ത്തു കഴിഞ്ഞ് അടുത്ത വിളവെടുപ്പിനൊരുക്കേണ്ട സമയമാണിത്. ഇങ്ങനെ കൊയ്ത്തു കഴിഞ്ഞ പാടങ്ങളാണ് കുറച്ചു കാലമായി ഡൽഹിയെ ശ്വാസം മുട്ടിക്കുന്നത്. അടുത്ത വിത്ത് വിതയ്‌ക്ക് മുൻപ് നിലം കൃഷിയോഗ്യമാക്കാൻ ഉണങ്ങിയ മുറിക്കറ്റകൾ തീയിടുന്നത് പണ്ടുമുതലുള്ള രീതിയാണ്.
ജൂണിൽ നമ്മുടെ തിര്വന്തോരത്തൂടെ കടന്നു വന്ന് രാജ്യമാകെ നനച്ച് കുളിപ്പിച്ച ശേഷം തെക്കുപടിഞ്ഞാറൻ കാലവർഷം രാജസ്ഥാൻ അതിർത്തി വഴി അതിർത്തി കടക്കുന്ന സമയവുമാണിത്. അവരങ്ങ് പോയിട്ടു വേണം ശൈത്യത്തിന് വരവൊരുക്കി കുളിരുമായി ഹിമാലയൻ കാറ്റിനിറങ്ങാൻ. അതോടെ മഴയിലും ചൂടിലും പതിഞ്ഞിരിക്കുന്ന പൊടി രാജസ്ഥാൻ, അഫ്ഗാനിസ്ഥാൻ ഭാഗത്തു നിന്നിങ്ങോട്ടു നീങ്ങും.
പഞ്ചാബിലെയും ഹരിയാനയിലെയും പുകപടലങ്ങൾ ഡൽഹിയുടെ കുഞ്ഞാകാശത്തേക്ക് പണ്ടും വരുമായിരുന്നു. പക്ഷേ തണുപ്പിന്റെ വരവറിയിക്കുന്ന ദീപാവലി കൊണ്ടുവരുന്ന മഴയിൽ കുതിർന്നൊലിക്കുകയോ, ഒരു കാറ്റിൽ തെന്നി അകലുകയോ ചെയ്യുമായിരുന്നു. കാലാവസ്ഥാ വ്യതിയാനം എന്ന സംഭവവികാസം കാരണം കുറച്ചുകാലമായി ദീപാവലിക്കൊപ്പം മഴ വരാറില്ല. കാറ്റുപോയിട്ട് അങ്ങേരുടെ ശിങ്കിടികൾ പോലും ഡൽഹിയെ തിരിഞ്ഞു നോക്കാറില്ല. കാറ്റും മഴയുമില്ലാത്ത ആകാശത്ത് കുറ്റിയടിച്ചിരുന്ന് പുകയും പടലങ്ങളും അങ്ങനെ വില്ലൻമാരുടെ റോൾ ഭംഗിയാക്കും.
ഒരാഴ്ചയ്‌ക്കുള്ളിൽ മേൽപറഞ്ഞ സാഹചര്യങ്ങൾ ഡൽഹി അന്തരീക്ഷത്തിലുണ്ടാകുമെന്ന് കാലാവസ്ഥാ കേന്ദ്രങ്ങൾ പ്രവചിച്ചു കഴിഞ്ഞു. കാലവർഷം പതിവിലും കൂടുതൽ പെയ്‌തതിനാൽ അന്തരീക്ഷം നിലവിൽ തെളിഞ്ഞു തന്നെയാണ്. എന്നാൽ ഒക്‌ടോബർ പിറക്കുന്നതോടെ പി.എം 10, പി.എം 2.5 കണങ്ങളുടെ അളവ് വർദ്ധിക്കാൻ തുടങ്ങുമത്രേ. രാജസ്ഥാനിലും അഫ്‌ഗാനിസ്ഥാനിലും അന്തരീക്ഷത്തിൽ പൊടിപടലങ്ങൾ രൂപം കൊണ്ടു തുടങ്ങിയെന്നാണ് ഉപഗ്രഹ ചിത്രങ്ങൾ സാക്ഷ്യപ്പെടുത്തുന്നത്. ഒന്നു രണ്ട് ദിവസം കൊണ്ട് മഴക്കാലം വിടപറയുന്ന ഡൽഹിയിലേക്ക് അവ വൈകാതെ നീങ്ങിത്തുടങ്ങും.
അന്തരീക്ഷ മലിനീകരണം കുറയ്‌ക്കാനുള്ള നടപടികളുടെ ഭാഗമായി പഞ്ചാബിലും ഹരിയാനയിലും മലിനീകരണ നിയന്ത്രണബോർഡുകൾ പാടത്ത് തീയിടുന്നത് വിലക്കാറുണ്ട്. വിലക്ക് ലംഘിക്കുന്ന കർഷകർക്ക് പിഴയിടാറുമുണ്ട്. എങ്കിലും അതു പൂർണമായി നിയന്ത്രിക്കാൻ കഴിയാറില്ല. പഞ്ചാബിലെ അമൃത്സർ ജില്ലയിലെ ദേവിദാസ് ഗ്രാമത്തിലെ കർഷകർ പറയുന്നത് കത്തിക്കുന്നത് അന്തരീക്ഷ മലിനീകരണമുണ്ടാക്കുമെന്നൊക്കെ അറിയാമെന്നും അതല്ലാതെ വേറെ വഴിയില്ലെന്നുമാണ്. ഇക്കഴിഞ്ഞ ഞായറാഴ്‌ച മാത്രം ഹരിയാനയിലെ കർണാൽ ഭാഗത്ത് 35 'തീ' കേസുകളാണ് രജിസ്‌റ്റർ ചെയ്‌തത്. ഇതുമൂലം കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് തീയും പുകയും കുറയുമെന്നാണ് അവരുടെ ഉറപ്പ്.
കഴിഞ്ഞ വർഷം വരെ ഒക്‌ടോബർ മാസമായാൽ ഡൽഹിക്കാർ ഓൺലൈനിൽ ഓർഡർ ചെയ്‌തും മെഡിക്കൽ ഷോപ്പിൽ കയറിയും എൻ 95 മാസ്‌ക് വാങ്ങുമായിരുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞപോലെ കൊവിഡ് അവസരങ്ങളും തുറന്നിരിക്കുകയല്ലേ. പെട്ടിക്കടയിലും ഇപ്പോൾ കിട്ടും സാധനം.
കൊവിഡ് വൈറസിനെ തടയുന്നതിൽ സംശയം പറയുന്നുണ്ടെങ്കിലും ഡൽഹിക്കാർക്ക് ഒക്‌ടോബർ, നവംബർ മാസങ്ങളിൽ ജീവിക്കാൻ എൻ 95 മാസ്‌ക് അണിയാതെ പറ്റില്ല. അല്ലെങ്കിൽ പർട്ടിക്കുലേറ്റ് മാറ്റർ(പി.എം) എന്ന വിളിപ്പേരുള്ള സൂക്ഷ്മ കണങ്ങൾ മൂക്കിലൂടെ കടന്ന് ശ്വാസകോശത്തെ കുത്തിക്കീറും. പുറത്തിറങ്ങിയാൽ തുമ്മൽ, അലർജി, ജലദോഷം, ശ്വാസംമുട്ടൽ, മറ്റ് ശ്വാസകോശ രോഗങ്ങൾ എന്നിവ പിടിക്കാത്ത ഡൽഹിക്കാർ കുറവായിരുന്നു. ഇക്കുറി ഇത്തരം അസ്വസ്ഥതകളുണ്ടായാലും അതൊക്കെ ചിലപ്പോൾ കൊവിഡിന്റെ അക്കൗണ്ടിലേക്കാകും പോകുക.
എന്തായാലും അടുത്തയാഴ്‌ച മുതൽ കൊവിഡ് പോസിറ്റീവ് നിരക്കുകൾക്കൊപ്പം ഡൽഹിക്കാർക്ക് വായുഗുണനിലവാര സൂചികയും (എയർ ക്വാളിറ്റി ഇൻഡക്‌സ് ) പ്രധാനമാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |