SignIn
Kerala Kaumudi Online
Thursday, 18 December 2025 2.35 AM IST

എസ്.ഐ.ആർ: പ്രവാസികളുടെ ശാക്തീകരണം

Increase Font Size Decrease Font Size Print Page

s


ദുബായിയിലെ അംബരചുംബികൾ തൊട്ട് ദോഹയിലെ തിരക്കുപിടിച്ച മാർക്കറ്റുകൾ വരെയുള്ള മധ്യപൗരസ്ത്യദേശത്തെ ദശലക്ഷക്കണക്കിനു പ്രവാസികൾ അവരുടെ മാതൃരാജ്യത്തിന്റെ ഭാഗധേയം നിർണയിക്കാൻ കഷ്ടപ്പെടുന്നവരാണ്. ഇവരിൽ ഏറെയും കേരളത്തിൽ നിന്നുള്ളവരുമാണ്. അവർ നാട്ടിലേക്കയക്കുന്ന പണവും അവരുടെ സാംസ്കാരിക ബന്ധങ്ങളും ജനാധിപത്യ അവകാശങ്ങളുമൊക്കെയാണ് നാടിന്റെ ഭാവി ശോഭനമാക്കുന്നതിൽ വലിയ പങ്കു വഹിക്കുന്നത്. കേരളത്തിൽ ഇപ്പോഴത്തെ പ്രത്യേക തീവ്ര വോട്ടർ പട്ടികാ പരിശോധന (എസ്. ഐ. ആർ) വിദേശത്ത് പലയിടങ്ങളിലായി ചിതറിക്കിടക്കുന്ന ഇന്ത്യക്കാരിൽ ചില ആശങ്കകൾ ഉളവാക്കിയിട്ടുണ്ട്. ഇത് യഥാർത്ഥത്തിൽ ഇന്ത്യൻ ജനാധിപത്യം ശക്തിപ്പെടുത്താനുള്ള ഒരു പാലമാണ് എന്നതാണു സത്യം.

കേന്ദ്ര തെരഞ്ഞെടുപ്പു കമ്മീഷൻ ദേശവ്യാപകമായി നടപ്പാക്കുന്ന രണ്ടാംഘട്ട തീവ്ര വോട്ടർ പട്ടികാ പരിശോധനയാണ് ഇപ്പോൾ കേരളത്തിൽ നടക്കുന്നത്. വോട്ടർ പട്ടിക കുറ്റമറ്റതാക്കി പുതുക്കുന്ന നടപടി മാത്രമാണിത്. എസ്.ഐ. ആറിന്റെ രണ്ടാം ഘട്ടത്തിൽ രാജ്യത്താകെ 50. 96 കോടി ഫോമുകളാണ് നൽകിയിട്ടുള്ളത്. ഇതിൽ 98.2 ശതമാനവും ഓൺലൈനായാണ് നൽകിയത്. വോട്ടർ പട്ടിക പരിഷ്കരണം കൂടുതൽ കാര്യക്ഷമവും സുതാര്യവുമാക്കാനുള്ള തെരഞ്ഞെടുപ്പു കമ്മീഷന്റെ പ്രതിബദ്ധതയ്ക്കുള്ള തെളിവാണിത്. 18 വയസു തികഞ്ഞ അർഹരായ പുതിയ വോട്ടർമാരെ ചേർക്കുക, ഇരട്ട വോട്ടുകൾ ഒഴിവാക്കുക, പേര്, വയസ്, മേൽവിലാസം തുടങ്ങിയ വ്യക്തിഗത വിവരങ്ങൾ പുതുക്കുക തുടങ്ങിയവയാണ് ഇതിന്റെ ഉദ്ദേശലക്ഷ്യങ്ങൾ. ഇതുവഴി എല്ലാ മണ്ഡലങ്ങളിലും കുറ്റമറ്റ വോട്ടർ പട്ടിക യാഥാർത്ഥ്യമാക്കുക എന്നതും ഇതിന്റെ ലക്ഷ്യമാണ്. സ്ഥിരതാമസമില്ലാത്തവരും താമസസ്ഥലം മാറിപ്പോയവരുമായ 21 ലക്ഷത്തോളം പേരെ ഒഴിവാക്കി വോട്ടർ പട്ടിക ശുദ്ധീകരിക്കുക എന്നതും ഇതിന്റെ ലക്ഷ്യമാണ്. തട്ടിപ്പ് ഒഴിവാക്കാനും ഓരോ ബാലറ്റിന്റെയും പവിത്രത ഉറപ്പാക്കാനും ഇതു സഹായകമാകും.

കേരളത്തിൽ 30 ലക്ഷത്തോളം പ്രവാസികളുണ്ടെന്നാണ് കണക്ക്. ഇവരും കുടുംബങ്ങളും വിദേശ രാജ്യങ്ങളിൽ സ്ഥിരതാമസക്കാരാണ്. നാട്ടിലെ ഇവരുടെ വീടുകൾ അടച്ചിട്ടിരിക്കുകയുമാണ്. കണക്കെടുപ്പു നടത്തുമ്പോൾ ഇവരുടെ പലരുടേയും വോട്ടു നഷ്ടപ്പെടുമെന്ന ആശങ്ക ഉണ്ടായിട്ടുണ്ട്. ഇതിന് അടിസ്ഥാനമില്ല. ഇങ്ങനെ വിദേശത്ത് കുടുംബങ്ങളുമായി താമസിക്കുന്നവർക്ക് ഓൺലൈനായി അപേക്ഷ നൽകാൻ കഴിയുമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ രത്തൻ യു. ഖേൽക്കർ വ്യക്തമാക്കിയിട്ടുണ്ട്. പരിശോധന നടക്കുന്ന സമയം ഇത്തരത്തിലുള്ളവരുടെ ബന്ധുക്കൾക്കോ ബന്ധുക്കളുമായി അടുപ്പമുള്ളവർക്കോ തെളിവുകൾ ഹാജരാക്കി പേര് വോട്ടേഴ്സ് ലിസ്റ്റിൽ വരുമെന്ന് ഉറപ്പാക്കാനാവും.

നാടിന്റെ സമ്പദ്ഘടനയ്ക്ക് ശതകോടികൾ സംഭാവന ചെയ്യുന്ന മധ്യപൂർവദേശങ്ങിലെ ഇന്ത്യക്കാരെ പ്രത്യേകം പരിഗണിച്ചു കൊണ്ടാണ് എസ്.ഐ.ആർ നടപ്പാക്കുന്നത്. തെരഞ്ഞെടുപ്പു കമ്മീഷന്റെ nvsp.in എന്ന ഓൺലൈൻ പോർട്ടൽ വഴി ഇതിനുള്ള ഫോം നമ്പർ 6A സുഗമമായി സമർപ്പിക്കാവുന്നതാണ്. അവരവരുടെ വീടുകളിലിരുന്ന് മേൽവിലാസം തിരുത്തുന്നതടക്കം ചെയ്യാനും കഴിയും. ഇതിനു ശേഷം നേരിട്ടു നടത്തുന്ന പരിശോധനയും ആയാസ രഹിതമാണ്. സത്യവാങ്ങ്മൂലങ്ങളോ, പകരക്കാർ വഴിയുള്ള സമർപ്പണങ്ങളോ, കുടുംബത്തിലുള്ളവരുടെ സാക്ഷ്യപ്പെടുത്തലോ വഴി നേരിട്ടുള്ള പരിശോധന നടത്തി യഥർത്ഥ വോട്ടർമാർ ഒഴിവാക്കപ്പെട്ടിട്ടില്ല എന്നുറപ്പിക്കാൻ കഴിയും. ഇന്ത്യൻ ഭരണഘടനയുടെ അനുഛേദം 326 പ്രകാരം പ്രവാസികളുടെ വോട്ടിന് പരിരക്ഷയുള്ളതാണ്. എസ്.ഐ.ആർ വ്യാജ വോട്ടർമാരെ ഒഴിവാക്കി വോട്ടർ പട്ടിക ശുദ്ധീകരിച്ച് പ്രവാസികളുടെ വോട്ടവകാശ പരിരക്ഷ ശക്തിപ്പെടുത്തുകയാണ് ചെയ്യുന്നത്.

പ്രായോഗികമായി ചില വെല്ലുവിളികൾ ഉണ്ടായ പശ്ചാത്തലത്തിൽ, സുപ്രീം കോടതി കേരളത്തിലെ എസ്.ഐ.ആർ 2025 ഡിസംബർ 18 വരെ ദീർഘിപ്പിച്ചിട്ടുണ്ട്. തെരഞ്ഞെടുപ്പ് കമ്മീഷൻ കേരളത്തിലെ തദ്ദേശ തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ, ഇതു സമ്മതിച്ച് കാര്യങ്ങൾ നീക്കുകയും ചെയ്തു കൊണ്ടിരിക്കുകയാണ്. ഇക്കാര്യത്തിൽ ഒരു തരത്തിലുമുള്ള തിടുക്കം കാണിക്കുന്നില്ല. തികച്ചും ക്രിയാത്മകമായ ഭരണ നടപടിയാണിത്. കോടതി തെരഞ്ഞെടുപ്പു കമ്മീഷന് നൽകുന്ന ഫീഡ്ബാക്ക്- സമ്മതിദായകരുടെ ചോദ്യങ്ങളെ സഹിഷ്ണുതയോടെ കൈകാര്യം ചെയ്യുന്ന രീതി - ഇതിൽ നീതിനിർവഹണ സഭ പുലർത്തുന്ന ജാഗ്രതയ്ക്ക് തെളിവാണ്. ഇതാകട്ടെ, ഇന്ത്യയ്ക്ക് ആഗോള തലത്തിൽത്തന്നെ തിളക്കമേറ്റുന്ന കണക്കെടുപ്പു മാതൃകയായും മാറിയിരിക്കുന്നു. ഇതിനിടയിൽ, ഉത്തർപ്രദേശ് പോലുള്ള സംസ്ഥാനങ്ങൾ 97 ശതമാനം എസ്.ഐ.ആർ പൂർത്തിയാക്കി ഈ സംരംഭത്തിന്റെ വിജയഗാഥ രചിച്ചിരിക്കുകയാണ്.

ശരിയായ വോട്ടർ പട്ടിക കേരളത്തിലെ ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പിലെ ന്യായമായ ഫലം ഉറപ്പാക്കുന്നതാണ്. ഇതാകട്ടെ, വിദ്യാഭ്യാസ, ആരോഗ്യ, പണനിക്ഷേപ നയങ്ങളെ പ്രത്യക്ഷത്തിൽ സ്വാധീനിക്കുന്നതുമാണ്. ഇത് വ്യാജ വോട്ടും വോട്ടിരട്ടിപ്പും ഇല്ലാതാക്കി, യഥാർത്ഥ ആവശ്യങ്ങൾക്ക് വിഭവ വിനിയോഗം ഉറപ്പാക്കുന്നതുമാണ്. തെരഞ്ഞെടുപ്പു കമ്മീഷന്റെ ട്രാക്ക് റെക്കോഡുതന്നെ ഇതു വാചാലമായി പറയുന്നുണ്ട്. മുൻകാലങ്ങളിൽ നടത്തിയിട്ടുള്ള വോട്ടർ പട്ടിക പുതുക്കലിൽ പ്രവാസികളുടെ 99 ശതമാനം അവകാശവാദങ്ങളും സാധുവാക്കപ്പെട്ടിട്ടുണ്ട്. ഇതിനാവശ്യമായ പിന്തുണ നൽകാൻ 1800-425-1250 എന്ന ഹെൽപ്പ് ലൈൻ നമ്പരുണ്ട്. sir2025@eci.gov.in എന്ന ഇ-മെയിൽ ഐ.ഡിയിലൂടെയും സഹായം തേടാവുന്നതാണ്.

TAGS: ELECTION
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.