പെരിന്തൽമണ്ണ: വ്യാജരേഖ ചമച്ച് പട്ടികജാതിക്കാരനായ കുടുംബനാഥന് അർഹതപ്പെട്ട ആനുകൂല്യം മുടക്കിയ കേസിൽ അങ്ങാടിപ്പുറം ഗ്രാമ പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാനും സി.പി.എം നേതാവുമായ അബ്ദുൾ അസീസിനെ(52) പൊലീസ് അറസ്റ്റ് ചെയ്തു.
സ്വന്തമായി വീടില്ലാത്ത പട്ടികജാതിക്കാരന് വീട് നിലവിലുണ്ടെന്ന വ്യാജ സർട്ടിഫിക്കറ്റ് നൽകി ഭവന നിർമ്മാണത്തിനുള്ള പട്ടികജാതി വികസന വകുപ്പിന്റെ സഹായം മുടക്കിയ കേസിലാണ് അറസ്റ്റ്. ഹൈക്കോടതിയിൽ സമർപ്പിച്ച മുൻകൂർ ജാമ്യഹർജി തള്ളിയതിനെ തുടർന്നാണ് അറസ്റ്റുണ്ടായത്.
വലമ്പൂരിലെ വാകശ്ശേരി രാവുണ്ണി എന്ന ബാലനെതിരായാണ് വ്യാജരേഖയുണ്ടാ ക്കിയത്. ഭവനപദ്ധതി ലിസ്റ്റിൽ 18ാം നമ്പറുകാരനായിരുന്നു രാവുണ്ണി. രാവുണ്ണിക്ക് സഹായം ലഭിക്കാതിരിക്കുകയും പട്ടികയിൽ പിറകിലുള്ളവർക്ക് സഹായം ലഭിക്കുകയും ചെയ്തപ്പോൾ നടത്തിയ അന്വേഷണത്തിലാണ് രാവുണ്ണിക്ക് വീടുണ്ടെന്ന് കാണിച്ച് അങ്ങാടിപ്പുറം പഞ്ചായത്തിൽ നിന്ന് കത്ത് പെരിന്തൽമണ്ണ ബ്ലോക്ക് പട്ടികജാതി വികസന ഓഫീസിൽ ലഭിച്ചതായി അറിയുന്നത് . തുടർന്ന് രാവുണ്ണി വിവരാവകാശ നിയമ പ്രകാരം നൽകിയ അപേക്ഷകൾക്ക് ലഭിച്ച മറുപടിയിൽ നിന്നാണ് അങ്ങാടിപ്പുറം ഗ്രാമ പഞ്ചായത്തിൽ നിന്ന് അത്തരമൊരു കത്ത് ബ്ലോക്ക് പട്ടികജാതി വികസന ഓഫീസിലേക്ക് നൽകിയിട്ടില്ലെന്ന വിവരം പുറത്തറിയുന്നത്. തുടർന്ന് രാവുണ്ണി നൽകിയ പരാതിയിൽ രണ്ടുവർഷം നീണ്ട അന്വേഷണത്തിനൊടുവിലാണ് പൊലീസ് അബ്ദുൾ അസീസിനെതിരെ കേസെടുത്തത്. പട്ടികജാതി , വർഗ്ഗ വിഭാഗങ്ങളോടുള്ള അതിക്രമവുമായി ബന്ധപ്പെട്ട വകുപ്പും ഉൾപ്പെടുത്തിയിട്ടുണ്ട്.കേസിൽ പ്രതിയായതോടെ രാവുണ്ണിക്ക് വീട് നൽകാനും പരാതി പിൻവലിപ്പിക്കാനുമുള്ള നീക്കങ്ങൾ ചില കേന്ദ്രങ്ങളിൽ നിന്നുണ്ടായെങ്കിലും ഫലമുണ്ടായില്ല. 2015ലെ തദ്ദേശ തിരഞ്ഞെടുപ്പിൽ സി.പി.എം സീറ്റ് നിഷേധിച്ചതിനെ തുടർന്ന് രാവുണ്ണി വെൽഫെയർ പാർട്ടി പിന്തുണയോടെ സ്വതന്ത്രനായി മത്സരിച്ചിരുന്നു. ഇതിലുള്ള വിദ്വേഷം തീർക്കാനാണ് വ്യാജരേഖ ചമച്ചതെന്നാണ് രാവുണ്ണിയുടെ ആരോപണം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |