തിരുവനന്തപുരം: അഴിമതിയും കൊള്ളയും പുറത്തറിയാതിരിക്കാനും പിടി വീഴാതിരിക്കാനും കേരളത്തിൽ സി.ബി.ഐയെ നിരോധിക്കാനുള്ള ഓർഡിനൻസ് സർക്കാർ തയ്യാറാക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് വെളിപ്പെടുത്തി.
ഈ നീക്കത്തിൽ നിന്ന് പിന്തിരിയണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
ഓർഡിനൻസിന്റെ ഫയൽ ഒപ്പിടാനായി ലാ സെക്രട്ടറിയുടെ മുന്നിലെത്തിയിരിക്കുകയാണ്. ഓർഡിനൻസുമായി മുന്നോട്ടുപോയാൽ ഒപ്പിടരുതെന്ന് ഗവർണറോട് രേഖാമൂലം ആവശ്യപ്പെടും. അത് ഫലിച്ചില്ലെങ്കിൽ നിയമപരമായും രാഷ്ട്രീയമായും നേരിടും.
ഏത് അന്വേഷണത്തെയും സ്വാഗതം ചെയ്യുമെന്ന് പറഞ്ഞ മുഖ്യമന്ത്രി എങ്ങനെയാണ് സി.ബി.ഐയെ തടയുന്നത്? ഹൈക്കോടതിയോ സുപ്രീംകോടതിയോ ഉത്തരവിട്ടാൽ സി.ബി.ഐ കേസ് ഏറ്റെടുക്കും. ഡൽഹി എസ്റ്റാബ്ളിഷ്‌മെന്റ് ആക്ട് 6, 6 എ അനുസരിച്ച് സംസ്ഥാന സർക്കാരിന്റെ സമ്മതത്തോടെയും കേസെടുക്കാം. ഇവിടെ എഫ്.സി.ആർ.എ ലംഘനത്തിന് എഫ്.സി.ആർ ആക്ട് 43 അനുസരിച്ച് നേരിട്ടാണ് കേസെടുത്തിരിക്കുന്നത്. അതിന് അധികാരമുണ്ട്.
സി.ബി.ഐയെ വിലക്കിയാൽ സംസ്ഥാന ചരിത്രത്തിലെ കറുത്ത അദ്ധ്യായമായിരിക്കും. മടിയിൽ കനമുള്ളത് കൊണ്ടാണോ സർക്കാരിനിത്ര ഭയം?
നിയമസഭാ സീറ്റുകളിലേക്കുള്ള ഉപതിരഞ്ഞെടുപ്പുകൾ മാറ്റി വച്ച തിരഞ്ഞെടുപ്പ് കമ്മിഷന്റെ നടപടിയെ രമേശ് ചെന്നിത്തല സ്വാഗതം ചെയ്തു.
വ്യാജ ഏറ്റുമുട്ടൽ
വയനാട്ടിൽ മാവോയിസ്റ്റ് സി.പി.ജലീലിനെ വധിച്ചത് വ്യാജ ഏറ്റുമുട്ടലിലാണെന്ന് വ്യക്തമായതായി ചെന്നിത്തല പറഞ്ഞു. പുറകിലാണ് വെടി കൊണ്ടത്. മജിസ്റ്റീരിയൽ അന്വേഷണമല്ല, ഉന്നത തല അന്വേഷണമാണ് നടക്കേണ്ടിയിരുന്നത്. ഈ സർക്കാർ ഏഴ് മാവോയിസ്റ്റുകളെയാണ് മനുഷ്യത്വ രഹിതമായി വെടിവച്ചു കൊന്നത്. ഇതിന് ഇവർക്ക് ആരാണ് അധികാരം നൽകിയതെന്നും ചെന്നിത്തല ചോദിച്ചു.
ലൈഫ് മിഷൻ തൃശൂർ ജില്ലാ കോ- ഓർഡിനേറ്ററെ സി.ബി.ഐ ചോദ്യംചെയ്തു
കൊച്ചി: ലൈഫ് മിഷൻ തൃശൂർ ജില്ലാ കോ- ഒാർഡിനേറ്റർ ലിൻസ് ഡേവിഡിനേയും നഗരസഭ സെക്രട്ടറി അനസിനേയും സി.ബി.ഐ കൊച്ചി ഓഫീസിൽ വിളിച്ചുവരുത്തി ചോദ്യംചെയ്തു. പദ്ധതിയുമായി ബന്ധപ്പെട്ട ചില ഫയലുകളും ലിൻസ് ഹാജരാക്കി. നാലുമണിക്കൂർ ചോദ്യംചെയ്യലിന് ശേഷം വിട്ടയച്ചു. കഴിഞ്ഞദിവസം കേസിലെ ഒന്നാംപ്രതിയായ യുണിടാക് എം.ഡി സന്തോഷ് ഈപ്പൻ, ഡയറക്ടറും ഭാര്യയുമായ സീമ എന്നിവരെ സി.ബി.ഐ ചോദ്യംചെയ്തിരുന്നു. വരും ദിവസങ്ങളിൽ കൂടുതൽ ഉദ്യോഗസ്ഥരെ ചോദ്യംചെയ്യലിന് വിളിച്ചുവരുത്തും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |