തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് വ്യാപനം അതിതീവ്രഘട്ടത്തിലാണെങ്കിലും സമ്പൂർണ ലോക്ക്ഡൗൺ പരിഹാരമല്ലെന്നും നിയന്ത്രണങ്ങൾ കർശനമാക്കിയാൽ മതിയെന്നും രാഷ്ട്രീയകക്ഷികൾ സർവകക്ഷി യോഗത്തിൽ അഭിപ്രായപ്പെട്ടു. കൊവിഡ് വ്യാപനത്തിൻെറ പശ്ചാത്തലത്തിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ അദ്ധ്യക്ഷതയിൽ ഓൺലൈനായി ചേർന്ന യോഗത്തിലാണ് നേതാക്കൾ ഒരേ നിലപാട് സ്വീകരിച്ചത്. ഇതോടെ സംസ്ഥാനത്ത് ലോക്ക്ഡൗൺ ഉണ്ടാകില്ലെന്ന് വ്യക്തമായി. അടച്ചിടൽ ജനജീവിതം ദുസ്സഹമാക്കുമെന്ന് നേതാക്കൾ പറഞ്ഞു. കൊവിഡ് പ്രതിരോധത്തിൽ ഒറ്റക്കെട്ടായി നീങ്ങാൻ സർവക്ഷിയോഗം തീരുമാനിച്ചതായി യോഗത്തിനുശേഷം മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
നിയന്ത്രണങ്ങൾ സംബന്ധിച്ച് വിശദമായ മാർഗനിർദേശം സർക്കാർ പുറത്തിറക്കും. വിവാഹം, മരണാനന്തര ചടങ്ങുകൾ, രാഷ്ട്രീയ പരിപാടികൾ തുടങ്ങിയവയിൽ പങ്കെടുക്കുന്നവരുടെ എണ്ണം കേന്ദ്രസർക്കാർ വർദ്ധിപ്പിച്ചെങ്കിലും സംസ്ഥാനത്ത് അത് ബാധകമാക്കില്ല. വിവാഹത്തിന് 50,മരണാനന്തര ചടങ്ങുകൾക്ക് 20 എന്ന നില തുടരും.
അടച്ചിടലിന് പകരം നിയന്ത്രണങ്ങൾ കർശനമാക്കി കൊവിഡിനൊപ്പം ജീവിക്കുന്ന തരത്തിലേക്ക് സർക്കാർ സമീപനം മാറണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. ആൾക്കൂട്ടസമരങ്ങളിൽ നിന്ന് പിൻമാറണമെന്ന് മുഖ്യമന്ത്രി ആവർത്തിച്ചു. സമരങ്ങൾ നിറുത്തി വയ്ക്കണമെന്ന ആവശ്യം സ്വീകാര്യമെന്ന് പറഞ്ഞ കെ.പി.സി.സി വൈസ് പ്രസിഡന്റ് ഡോ.ശൂരനാട് രാജശേഖരൻ, മുഖ്യമന്ത്രിയും മന്ത്രിമാരും രണ്ടു മാസത്തേക്ക് ഉദ്ഘാടന പരിപാടികൾ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടു. അതേസമയം, കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ബി.ജെ.പി സമരങ്ങൾ തുടരുമെന്ന് ജനറൽ സെക്രട്ടറി ജോർജ് കുര്യൻ വ്യക്തമാക്കി.
വിവാഹത്തിന് 50 പേരും സംസ്കാര
ചടങ്ങിന് 20 പേരും മതി :മുഖ്യമന്ത്രി
*ലോക്ക് ഡൗണോ, അടിയന്തരാവസ്ഥയോ ഉദ്ദേശിച്ചിട്ടില്ല
തിരുവനന്തപുരം: കൊവിഡ്വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ,വിവാഹത്തിന് പരമാവധി 50 പേരും സംസ്കാരച്ചടങ്ങിന് 20 പേരും പങ്കെടുക്കാമെന്ന സ്ഥിതി സംസ്ഥാനത്ത് തുടരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
പൊതുചടങ്ങുകളിൽ പങ്കെടുക്കാവുന്നവരുടെ എണ്ണം നിജപ്പെടുത്തി വൈകാതെ ഉത്തരവിറക്കും. 100 പേരെ പങ്കെടുപ്പിക്കാമെന്ന് ദേശീയതലത്തിൽ നിശ്ചയിച്ചിട്ടുണ്ടെങ്കിലും ,ഇവിടെ ഇപ്പോഴത്തെ നില തുടരാനാണ് സർവ്വകക്ഷി യോഗത്തിലെ തീരുമാനം.വിവാഹത്തിന് 50 പേർ വേണോയെന്ന് ചോദിച്ചവരുമുണ്ട്.
ഐ.എം.എ ആരോഗ്യ അടിയന്തരാവസ്ഥ ആവശ്യപ്പെട്ടതിനെപ്പറ്റി ചോദിച്ചപ്പോൾ, ചില കടുത്ത നിയന്ത്രണങ്ങളിലേക്ക് നീങ്ങണമെന്നും, ഐ.എം.എ ഉദ്ദേശിച്ചതെന്താണെന്ന് വ്യക്തമാക്കട്ടെയെന്നും മുഖ്യമന്ത്രി പറഞ്ഞു. ലോക്ക് ഡൗണോ അടിയന്തരാവസ്ഥയോ ഉദ്ദേശിച്ചിട്ടില്ല.
ആശുപത്രി സൗകര്യങ്ങൾ:
ആശങ്കപ്പെടേണ്ടതില്ല
ആശുപത്രികളിൽ ഐ.സി.യു, വെന്റിലേറ്ററുകൾ, കിടക്കകൾ എന്നിവ സംബന്ധിച്ച് ആശങ്കപ്പെടേണ്ട അവസ്ഥ എത്തിയിട്ടില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു.. ആവശ്യത്തിന് വെന്റിലേറ്റർ, ഐ.സി.യു സൗകര്യങ്ങളൊരുക്കിയിട്ടുണ്ട്. സി.എഫ്.എൽ.ടി.സി സൗകര്യങ്ങളും കൂടുതലാണ്. ഇനിയും രോഗികൾ വന്നാലും കിടത്താനുള്ള ഒഴിവുകളുണ്ട്. എന്നാൽ, രോഗികളുടെ എണ്ണം പ്രതീക്ഷിക്കാത്ത തരത്തിൽ വല്ലാതെ കൂടിയാൽ നമ്മുടെ കണക്കുകൂട്ടലിനപ്പുറത്താകും. ആ ഘട്ടം വരാതിരിക്കാനാണ് രോഗവ്യാപനം തടയുന്നതിന് പ്രാധാന്യം നൽകുന്നത്. എല്ലാവരും ഏക മനസ്സോടെ യോജിച്ച് നിന്നാൽ ഭയപ്പാടിന്റെ ആവശ്യമില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |