തിരുവനന്തപുരം: മാസാവസാനമായപ്പോൾ പതിവു പോലെ റേഷൻ കടകളിലെ ഇ-പോസ് മെഷീനുകൾ തകരാറിലായതോടെ സൗജന്യ ഭക്ഷ്യക്കിറ്റ് വിതരണം മുടങ്ങി. തിങ്കളാഴ്ചയും ഇന്നലെയുമായിട്ടാണ് ഇതു സംബന്ധിച്ച പരാതികളുയർന്നത്. ഇന്നലെ പിങ്ക് കാർഡുകളിൽ നമ്പർ പൂജ്യത്തിൽ അവസാനിക്കുന്നവർക്ക് കിറ്റ് നൽകുമെന്നായിരുന്നു അറിയിപ്പ്. ഇതനുസരിച്ചെത്തിയ കാർഡുടമകൾക്ക് നിരാശയായിരുന്നു ഫലം. മെഷീൻ പ്രവർത്തിക്കാത്തതിനാൽ ഉച്ചയ്ക്ക് 12 വരെ പല കടകളിലും കാർഡുടമകളുടെ നീണ്ട നിരയായിരുന്നു. ഉച്ചയോടെ മെഷീൻ പ്രവർത്തിച്ചെങ്കിലും പിങ്ക് കാർഡുകാരുടെ നമ്പർ അതിൽ തെളിഞ്ഞില്ല. നമ്പർ അപ് ലോഡ് ആയ ചില കടകളിൽ ആവശ്യത്തിന് കിറ്റും ഉണ്ടായിരുന്നില്ല.
സംസ്ഥാനത്തെ 14,221 റേഷൻ കടകളിൽ ഇ-പോസ് തകരാർ പരിഹരിച്ചതുൾപ്പെടെ ഇന്നലെ 13,418 എണ്ണം പ്രവർത്തിച്ചതായി സിവിൽ സപ്ലൈസ് ഡയറക്ടറേറ്റ് അറിയിച്ചു. ബാക്കി കടകളിലെ ഇ-പോസ് മെഷീൻ പ്രവർത്തിച്ചതേയില്ല. കിറ്റ് വാങ്ങാൻ കഴിയാത്തവർക്ക് മറ്റ് ദിവസങ്ങളിൽ വിതരണം ചെയ്യും. ഈ മാസത്തെ റേഷൻ വിതരണം അടുത്ത മാസം മൂന്നുവരെ നീട്ടാനും സിവിൽ സപ്ലൈസ് വകുപ്പ് തീരുമാനിച്ചിട്ടുണ്ട്.
കഴിഞ്ഞ മാസത്തെ തട്ടിപ്പ്
ഇ-പോസ് വ്യാപകമായി തകരാറായെന്ന് പരാതി ഉയർന്നതോടെ ബയോമെട്രിക് പഞ്ചിംഗ് സംവിധാനം ഒഴിവാക്കി മാന്വലായി വിതരണം നടത്താൻ റേഷൻകട ഉടമകൾക്ക് കഴിഞ്ഞ മാസം സിവിൽ സപ്ലൈസ് വകുപ്പ് അനുവാദം നൽകിയിരുന്നു. ഈ അവസരം മുതലാക്കി ചില കട ഉടമകൾ തിരുവോണം ദിവസം പോലും റേഷൻ സാധനങ്ങൾ കരിഞ്ചന്തയിലേക്ക് കടത്തിയെന്ന് കണ്ടെത്തിയിരുന്നു. ഇതു സംബന്ധിച്ച് അന്വേഷണം ആരംഭിച്ചെങ്കിലും തുടർ നടപടി ഉണ്ടായില്ല.
മറ്റൊരു സർവർ കൂടി
എൻ.ഐ.സിയുടെ സർവർ ആണ് ഇപ്പോൾ ഉപയോഗിക്കുന്നത്. ബി.എസ്.എൻ.എൽ നെറ്റ്‌വർക്ക് ഉപയോഗിക്കുന്ന കടകളിലെ ഇ പോസ് മെഷീനാണ് പ്രവർത്തിക്കാതിരിക്കുകയോ മന്ദഗതിയിൽ പ്രവർത്തിക്കുകയോ ചെയ്യുന്നത്. ഇത് മാറ്റി നൽകാനുള്ള നടപടികൾ പുരോഗമിക്കുകയാണ്. മറ്റൊരു സർവർ കൂടി പ്രവർത്തിപ്പിക്കാനാണ് തീരുമാനം. ഇതിന് അനുവാദം തേടി സർക്കാരിന് കത്ത് നൽകിയിട്ടുണ്ട്.
'' ഇത്തവണ മാന്വൽ ആയി റേഷൻ വിതരണം അനുവദിക്കില്ല''
- ഹരിത വി.കുമാർ, സിവിൽ സപ്ലൈസ് ഡയറക്ടർ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |