കൊച്ചി : സംസ്ഥാനത്തെ സി.ബി.എസ്. ഇ സ്കൂളുകളിലെ ഒാൺലൈൻ ക്ളാസുകളുടെ ദൈർഘ്യം നിശ്ചയിക്കുന്നതിൽ സി.ബി.എസ്.ഇയുടെ അഭിപ്രായം സംസ്ഥാന ബാലാവകാശ കമ്മിഷൻ പരിഗണിക്കണമെന്ന് ഹൈക്കോടതി നിർദേശിച്ചു. ഒാൺലൈൻ ക്ളാസുകൾക്ക് നിയന്ത്രണങ്ങൾ ഏർപ്പെടുത്തി ബാലാവകാശ കമ്മിഷൻ സെപ്തംബർ 11 ന് ഇറക്കിയ ഉത്തരവിനെ ചോദ്യംചെയ്ത് തിരുവല്ലയിലെ സെന്റ് മേരീസ് റസിഡൻഷ്യൽ സ്കൂൾ നൽകിയ ഹർജിയിലാണ് നിർദേശം. ഹർജി 14ന് വീണ്ടും പരിഗണിക്കും.
ഒരു ദിവസത്തെ ഒാൺലൈൻ ക്ളാസിന്റെ ദൈർഘ്യം രണ്ടു മണിക്കൂറിൽ കൂടരുത്, ടേം പരീക്ഷയ്ക്കു സമാനമായി ഒാൺലൈൻ പരീക്ഷ പാടില്ല എന്നിങ്ങനെയുള്ള വ്യവസ്ഥകൾ ക്ളാസ് നടത്താൻ ബുദ്ധിമുട്ടുണ്ടാക്കുമെന്ന് ഹർജി നേരത്തെ പരിഗണിച്ചപ്പോൾ സി.ബി.എസ്.ഇയുടെ അഭിഭാഷകൻ വ്യക്തമാക്കിയിരുന്നു. തുടർന്ന് ഇൗ രണ്ടു വ്യവസ്ഥകൾ സ്റ്റേ ചെയ്തു.
ഫീസ്: അധികാരം
സർക്കാരിന്:
കൊവിഡ് വ്യാപന സാഹചര്യത്തിൽ ഫീസ് നിർണയിക്കാനുള്ള അധികാരം സംസ്ഥാന സർക്കാരിനാണെന്ന് സി.ബി.എസ്.ഇ അറിയിച്ചു. കൊവിഡ് പശ്ചാത്തലത്തിൽ ഫീസ് പിരിക്കുന്നതിന് നിയന്ത്രണങ്ങൾ ഏർപ്പെടുത്തി വിവിധ സംസ്ഥാന സർക്കാരുകൾ ഉത്തരവുകളും സർക്കുലറുകളും ഇറക്കുന്നുണ്ടെന്നും സി.ബി.എസ്.ഇയുടെ സ്റ്റേറ്റ്മെന്റിൽ പറയുന്നു. ഫീസടയ്ക്കാത്തതിന്റെ പേരിൽ കുട്ടികളെ ഒാൺലൈൻ ക്ളാസിൽ നിന്നു പുറത്താക്കാൻ നീക്കം നടക്കുന്നെന്നാരോപിച്ച് ആലുവ മണലിമുക്ക് സെന്റ് ജോസഫ് പബ്ളിക് സ്കൂളിലെ ഏഴു കുട്ടികളുടെ രക്ഷിതാക്കൾ നൽകിയ ഹർജിയിലാണിത്. ലാഭേച്ഛയില്ലാതെ സ്കൂൾ നടത്താനാവശ്യമായ തുകയാണ് ഫീസിനത്തിൽ പിരിക്കേണ്ടത്. കൊവിഡ് സാഹചര്യത്തെ നേരിടാൻ അദ്ധ്യാപകർക്ക് 500 ലേറെ സൗജന്യ ഒാൺലൈൻ ട്രെയിനിംഗ് ക്ളാസുകൾ നൽകിയിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |