ന്യൂഡൽഹി: നടപ്പു സാമ്പത്തിക വർഷത്തിന് സമാനമായി 2019-20ലും പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരി വില്‌പനയിലൂടെ കേന്ദ്രസർക്കാർ ലക്ഷ്യമിടുന്നത് 80,000 കോടി രൂപയുടെ സമാഹരണം. ഇതുസംബന്ധിച്ച വിശദാംശങ്ങൾ ധനമന്ത്രി അരുൺ ജയ്‌റ്ര്‌ലിയുടെ ഇടക്കാല ബഡ്‌ജറ്റിലുണ്ടാകുമെന്നാണ് സൂചന. ഒരിക്കൽ പരാജയപ്പെട്ട എയർ ഇന്ത്യയുടെ ഓഹരി വില്‌പന വീണ്ടും നടത്താനും സർക്കാർ ഉദ്ദേശിക്കുന്നുണ്ട്. ഡിപ്പാർട്ട്‌മെന്റ് ഒഫ് ഇൻവെസ്‌റ്ര്‌മെന്റ് ആൻഡ് പബ്ളിക് അസറ്ര് മാനേജ്‌മെന്റാണ് (ദിപം) പൊതുമേഖലാ ഓഹരി വില്‌പനയ്ക്ക് നടപടികളെടുക്കുന്നത്.
ഇന്ത്യ ടൂറിസം ഡെവലപ്‌മെന്റ് കോർപ്പറേഷന്റെ (ഐ.ടി.ഡി.സി) വസ്‌തുവകകൾ വില്‌ക്കാനും ന്യൂഡൽഹിയിലെ അശോക് ഹോട്ടൽ പാട്ടത്തിന് നൽകാനും ദിപം ആലോചിക്കുന്നു. വിവിധ സ്ഥാപനങ്ങളുടെ പ്രാരംഭ ഓഹരി വില്‌പന (ഐ.പി.ഒ), മ്യൂച്വൽ ഫണ്ട് മാതൃകയിൽ ഓഹരികൾ വിറ്റഴിക്കുന്ന രണ്ട് ഇ.ടി.എഫ് പദ്ധതികളുടെ പുതിയ പതിപ്പ് പുറത്തിറക്കുക, ഇൻഷ്വറൻസ് കമ്പനികളെ ലയിപ്പിക്കുക തുടങ്ങിയ നടപടികളും പരിഗണിക്കുന്നു. നാഷണൽ ഇൻഷ്വറൻസ്, ഓറിയന്റൽ ഇൻഷ്വറൻസ്, യുണൈറ്രഡ് ഇന്ത്യ ഇൻഷ്വറൻസ് എന്നിവയെ ലയിപ്പിക്കാനുള്ള നടപടികൾക്ക് ധനമന്ത്രാലയം തുടക്കമിട്ടിരുന്നു. അടുത്ത സാമ്പത്തിക വർഷം ലയനം പൂർത്തിയാക്കി, പുതിയ കമ്പനിയെ ഓഹരി വിപണിയിൽ ലിസ്‌റ്ര് ചെയ്യും.
കേന്ദ്രസർക്കാരിന്റെ ഓഹരി പങ്കാളിത്തം കുറയ്‌ക്കാനോ ഓഹരികൾ പൂർണമായി വിറ്റൊഴിഞ്ഞ് സ്വകാര്യവത്‌കരിക്കാനോ ലക്ഷ്യമിടുന്ന പട്ടികയിൽ എയർ ഇന്ത്യയ്ക്ക് പുറമേ മറ്ര് 20ഓളം കമ്പനികളുമുണ്ട്. ഭാരത് എർത്ത് മൂവേഴ്‌സ്, പവൻ ഹാൻസ്, ഹിന്ദുസ്ഥാൻ ന്യൂസ്‌പ്രിന്റ്, സിമന്റ് കോർപ്പറേഷൻ ഒഫ് ഇന്ത്യ, എച്ച്.എൽ.എൽ ലൈഫ് കെയർ തുടങ്ങിയവയാണവ.
ഐ.പി.ഒയ്ക്ക് നീണ്ടനിര
ടെലികമ്മ്യൂണിക്കേഷൻസ് കൺസൾട്ടന്റ്‌സ് ഇന്ത്യ, ഐ.ആർ.സി.ടി.സി., റെയിൽടെൽ കോർപ്പറേഷൻ ഒഫ് ഇന്ത്യ, നാഷണൽ സീഡ്‌സ് കോർപ്പറേഷൻ തുടങ്ങി ഒട്ടേറെ പ്രമുഖ പൊതുമേഖലാ കമ്പനികളുടെ പ്രാരംഭ ഓഹരി വില്‌പനയും (ഐ.പി.ഒ) 2019-20ൽ പ്രതീക്ഷിക്കാം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |