കൊച്ചി: കാലടി മണപ്പുറത്ത് ഷൂട്ടിങ്ങിനായി നിർമിച്ച 'മിന്നൽ മുരളി'യുടെ സെറ്റ് തകർത്ത സംഭവത്തിൽ ഒന്നാം പ്രതിയായ മലയാറ്റൂര്‍ കടപ്പാറ ചെത്തിക്കാട്ട് വീട്ടില്‍ രവിയുടെ മകന്‍ 'കാര' രതീഷ്(37) അറസ്റ്റിൽ. കൊലപാതകം ഉൾപ്പടെ ഒട്ടനവധി കേസുകളിലെ പ്രതിയായ ഇയാളെ ഗുണ്ടാ നിയമമായ 'കാപ്പ' പ്രകാരമാണ് അറസ്റ്റ് ചെയ്ത് ഇപ്പോൾ ജയിലിലടച്ചിരിക്കുന്നത്. രതീഷ് മലയാറ്റൂർ എന്ന പേരിലും അറിയപ്പെടുന്ന ഇയാൾ 'രാഷ്ട്രീയ ബജ്‌റംഗ് ദൾ' എറണാകുളം വിഭാഗം പ്രസിഡന്റുമാണ്.
കൊലപാതകം, വധശ്രമം, ആക്രമണം, ആയുധ നിയമപ്രകാരമുള്ള കേസ്, സ്‌ഫോടകവസ്തു കേസ്, മതസ്പർദ്ധ വളർത്തൽ തുടങ്ങിയ കേസുകളിലെ പ്രതിയാണ്രതീഷ്. 2016ൽ കാലടിയിൽ സനൽ എന്നയാളെ കൊലപ്പെടുത്തിയ കേസിൽ ഒന്നാം പ്രതിയുമാണ് ഇയാൾ. അങ്കമാലിൽ നടന്ന വധശ്രമക്കേസിൽ 2017ൽ പറവൂർ അഡീഷണൽ സെഷൻസ് കോടതി പത്തു വർഷം കഠിന തടവിന് ശിക്ഷിച്ചിരുന്നു.
ഈ കേസിൽ ഹൈക്കോടതി അപ്പീൽ ജാമ്യം അനുവദിച്ചിരുന്നു. ജാമ്യത്തിലിറങ്ങിയ പ്രതി ജാമ്യവ്യവസ്ഥകൾ ലംഘിച്ച് ക്രിമിനൽ പ്രർത്തനങ്ങൾ തുടരുകയായിരുന്നു എന്ന് പൊലീസ് പറയുന്നു. കഴിഞ്ഞ മേയിലാണ് കാലടി ശിവരാത്രി മണപ്പുറത്ത് 80 ലക്ഷം രൂപ ചെലവഴിച്ചു സിനിമാ ചിത്രീകരണത്തിനായി നിർമിച്ച സെറ്റ് തകർക്കപ്പെട്ടത്.
ടൊവിനോ തോമസ് നായകനായ ’മിന്നൽ മുരളി’ എന്ന സിനിമയ്ക്കായി മണപ്പുറത്തെ ശിവക്ഷേത്രത്തിനു സമീപം ക്രിസ്തീയ ദേവാലയത്തിന്‍റെ മാതൃകയിലായിരുന്നു സെറ്റ് സ്ഥാപിച്ചത്. അന്താരാഷ്ട്ര ഹിന്ദു പരിഷത്തിന്റെ(എ.എച്ച്.പി) യുവജന വിഭാഗമായ രാഷ്ട്രീയ ബജ്റംഗ്ദൾ പ്രവർത്തകരായിരുന്നു ആക്രമണത്തിനു പിന്നിൽ.രതീഷ് മലയാറ്റൂരിന്‍റെ നേതൃത്വത്തിൽ ആയുധങ്ങളുമായെത്തിയ സംഘം സെറ്റ് പൊളിച്ച് കേടുവരുത്തുകയായിരുന്നു. ലോക്ഡൗൺ പ്രഖ്യാപിക്കുന്നതിനു മുൻപായിരുന്നു സെറ്റ് നിർമ്മിച്ചിരുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |