തിരുവനന്തപുരം: തന്റെ ഫേസ്‌ബുക്ക് അക്കൗണ്ട് ഹാക്ക് ചെയ്‌തെന്ന പരാതിയുമായി സ്‌പീക്കർ ശ്രീരാമകൃഷ്‌ണൻ. പൊന്നാനിയിൽ ഹൗറ മോഡൽ പാലത്തിന് അനുമതിയായ പശ്ചാത്തലത്തിൽ എം.എൽ.എ എന്ന നിലയിൽ അഭിനന്ദിച്ച് കൊണ്ട് സ്വയം കമന്റ് ചെയ്‌തതായി സ്‌ക്രീൻ ഷോട്ടുകൾ പ്രചരിച്ചതിലാണ് വിശദീകരണവുമായി സ്‌പീക്കർ രംഗത്തെത്തിയിരിക്കുന്നത്.
സ്‌ക്രീൻ ഷോട്ട് വിഷയമാക്കി നിരവധി പേരാണ് സ്പീക്കറെ ട്രോളിയത്. ട്രോളിയവരിൽ പ്രതിപക്ഷ എം.എൽ.എമാരും ഉൾപ്പെട്ടിരുന്നു 'കേരളത്തിലെ മനുഷ്യ നിർമ്മിത അത്ഭുതമായി പൊന്നാനി പാലം മാറും SRKയുടെ വികസന മാജിക്കിന് അഭിനന്ദനങ്ങൾ PROUD OF YOU' ഇതായിരുന്നു ശ്രീരാമകൃഷ്‌ണന്റെ പേരിൽ പ്രചരിച്ച കമന്റ്. അതേസമയം പരിഹാസത്തിന് ഇടയാക്കിയ കമന്റ് താൻ ചെയ്തത് അല്ലെന്നും അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടതാണെന്നുമാണ് ശ്രീരാമകൃഷ്‌ണൻ പറയുന്നത്.
ശ്രീരാമകൃഷ്‌ണന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം
പൊന്നാനിയിൽ നിർമ്മാണനുമതി ലഭിച്ചു ടെൻഡർ നടപടികളിലേക്ക് പോകുന്ന അഴിമുഖത്തിന് കുറുകെയുള്ള ഹാങ്ങിംഗ് ബ്രിഡ്ജ് സംബന്ധിച്ചു ഇന്നലെ എന്റെ ഫേസ്ബുക്ക് പോസ്റ്റിൽ "എന്നെ അഭിനന്ദിച്ചു കൊണ്ട് ഞാൻ തന്നേ കമെന്റ് ചെയ്തതായി" കാണുകയുണ്ടായി. മിനിട്ടുകൾ കൊണ്ട് ആ കമെന്റിൽ നിരവധി റിയാക്ഷനുകളും റിപ്ലേ കമെന്റുകളും വരികയും, സ്ക്രീൻ ഷോട്ട് എടുത്ത് വ്യാപകമായി പ്രചരിപ്പിക്കുകയും ചെയ്തതായി കണ്ടു.
അക്കൗണ്ട് ഹാക്ക് ചെയ്ത് കയറി കൊച്ചിയിൽ നിന്നും കമന്റിട്ടതായി കണ്ടെത്തിയിട്ടുണ്ട്. ഇക്കാര്യത്തിൽ തെളിവ് സഹിതം പോലീസിൽ പരാതി നൽകാൻ തീരുമാനിച്ചിട്ടുണ്ട്. ഹാക്ക് ചെയ്തവരുടെ കുബുദ്ധിയല്ലാതെ ഇതിൽ മറ്റൊന്നുമില്ലെന്നു എല്ലാ സുഹൃത്തുക്കളെയും അറിയിക്കുന്നു.
പൊന്നാനിയിൽ നിർമ്മാണനുമതി ലഭിച്ചു ടെൻഡർ നടപടികളിലേക്ക് പോകുന്ന അഴിമുഖത്തിന് കുറുകെയുള്ള ഹാങ്ങിങ് ബ്രിഡ്ജ് സംബന്ധിച്ചു...
Posted by P Sreeramakrishnan on Tuesday, October 13, 2020
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |