ന്യൂഡൽഹി: രാജ്യത്ത് കൊവിഡ് രോഗികളുടെ എണ്ണം 74 ലക്ഷം പിന്നിടുമ്പോള്‍ രാജ്യത്ത് ചിലയിടങ്ങളില്‍ സമൂഹവ്യാപനമുണ്ടെന്ന സ്ഥിരീകരണവുമായി കേന്ദ്ര ആരോഗ്യ മന്ത്രി ഹര്‍ഷ് വര്‍ദ്ധന്‍. ചില സംസ്ഥാനങ്ങളിലെ ജില്ലകളില്‍ സമൂഹവ്യാപനം ഉണ്ടായതായാണ് കേന്ദ്ര മന്ത്രി തന്റെ പ്രതിവാര പരിപാടിയായ സണ്‍ഡേ സംവാദിലൂടെ വ്യക്തമാക്കിയിരിക്കുന്നത്.
ബംഗാളില്‍ സമൂഹവ്യാപനം ഉണ്ടായതായി മുഖ്യമന്ത്രി മമതാ ബാനര്‍ജി പറഞ്ഞത് ചൂണ്ടിക്കാട്ടി ഉന്നയിച്ച ചോദ്യത്തിനാണ് മന്ത്രിയുടെ മറുപടി. ഏതൊക്കെ സംസ്ഥാനങ്ങളിലാണ് സമൂഹവ്യാപനം റിപ്പോര്‍ട്ട് ചെയ്തത് എന്ന് പരിപാടിയില്‍ പങ്കെടുത്ത ആള്‍ ചോദിച്ചു. 'പശ്ചിമ ബംഗാള്‍ ഉള്‍പ്പെടെയുള്ള വിവിധ സംസ്ഥാനങ്ങളിലെ ചില ജില്ലകളില്‍ സമൂഹവ്യാപനം ഉണ്ടായി. ജനസാന്ദ്രതയുള്ള പ്രദേശങ്ങളിലാണ് കൂടുതലായും സമൂഹവ്യാപനം റിപ്പോര്‍ട്ട് ചെയ്തത്. എന്നാലിത് രാജ്യത്ത് എല്ലായിടത്തും ഉണ്ടായിട്ടില്ല.' എന്നായിരുന്നു മന്ത്രിയുടെ മറുപടി.
അതേസമയം, രാജ്യം കൊവിഡ് വ്യാപനത്തിന്റെ അതി തീവ്ര ഘട്ടം പിന്നിട്ടുവെന്ന് കേന്ദ്രസര്‍ക്കാര്‍ നിയോഗിച്ച വിദഗ്ദ സമിതി വ്യക്തമാക്കി. കൊവിഡ് രോഗികളുടെ എണ്ണം അടുത്ത വര്‍ഷം ഫെബ്രുവരിയോടെ നിയന്ത്രണ വിധേയമാകും. ഫെബ്രുവരിയോടെ രോഗികളുടെ എണ്ണം 1.06 കോടി വരെ എത്താമെന്ന് വിദഗ്ദ സമിതിയുടെ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
ശൈത്യകാലത്തും അടുത്ത ദിവസങ്ങളില്‍ നടക്കാനിരിക്കുന്ന ആഘോഷങ്ങളും രോഗികളുടെ എണ്ണത്തില്‍ വര്‍ദ്ധനവ് ഉണ്ടാക്കും. സുരക്ഷാ മുന്‍കരുതലുകളില്‍ ഉണ്ടാകുന്ന ഇളവുകള്‍ രോഗികളുടെ എണ്ണത്തില്‍ വര്‍ദ്ധനവ് ഉണ്ടാക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |