
ലക്‌നൗ: വളർത്തുനായ രോഗബാധിതനായതിൽ മനംനൊന്ത് സഹോദരിമാർ ജീവനൊടുക്കി. ഉത്തർപ്രദേശ് ലക്‌നൗവിലാണ് സംഭവം. ദോഡ ഖേദ ജലാൽപൂർ സ്വദേശികളായ രാധ സിംഗ് (24), ജിയ സിംഗ് (22) എന്നിവരാണ് മരിച്ചത്. ഇരുവരും ഫിനൈൽ കുടിച്ച് ജീവനൊടുക്കുകയായിരുന്നു.
ടോണി എന്ന് പേരുള്ള ജർമൻ ഷെപ്പേർഡ് ഇനത്തിൽപ്പെട്ട ഇവരുടെ വളർത്തുനായ ഒരു മാസത്തോളമായി രോഗബാധിതനായിരുന്നു. നായ ചത്തുപോകുമോയെന്ന ഭയത്താലാണ് ഇരുവരും ആത്മഹത്യ ചെയ്തത്. രാധ ആശുപത്രിയിലേയ്ക്ക് കൊണ്ടുപോകുന്ന വഴിക്കും ജിയ ചികിത്സയിൽ കഴിയവേയുമാണ് മരിച്ചത്.
ബിരുദധാരികളാണ് സഹോദരിമാർ വളർത്തുനായയുമായി വളരെ അടുത്ത ആത്മബന്ധം പുലർത്തിയിരുന്നു. നായ രോഗബാധിതനായത് ഇരുവരെയും മാനസികമായി ഏറെ അലട്ടിയിരുന്നുവെന്ന് ബന്ധുക്കൾ പറയുന്നു. നായ ആഹാരം കഴിക്കാതായതോടെ സഹോദരിമാരും ഭക്ഷണം ഉപേക്ഷിച്ചിരുന്നു.
കഴിഞ്ഞദിവസം സമീപത്തെ കടയിൽ പോയി തിരികെ വന്നതിനുശേഷം സഹോദരിമാർ അസ്വസ്ഥത പ്രകടിപ്പിച്ചിരുന്നു. തുടർന്ന് മാതാവ് ഗുലാബ ദേവി വിവരം തിരക്കിയപ്പോഴാണ് ഇരുവരും ഫിനൈൽ കഴിച്ചവിവരം അറിയിച്ചത്. തങ്ങൾ മരിച്ചുകഴിഞ്ഞാൽ നായയെ ഉപേക്ഷിക്കരുതെന്നും മരുന്ന് നൽകുന്നത് തുടരണമെന്നും വീട്ടിൽതന്നെ വളർത്തണമെന്നും ഇരുവരും അഭ്യർത്ഥിക്കുകയും ചെയ്തതായി ബന്ധുക്കൾ പറയുന്നു.
പെൺകുട്ടികളുടെ പിതാവ് കൈലാഷ് സിംഗ് രോഗബാധിതനായി കഴിഞ്ഞ ആറുമാസമായി കിടപ്പിലാണ്. തലച്ചോറിലെ രക്തസ്രാവത്തെത്തുടർന്ന് ഇളയസഹോദരൻ ഏഴുവർഷങ്ങൾക്ക് മുൻപ് മരണപ്പെട്ടു. മൂത്ത സഹോദരൻ വസ്തുകച്ചവടം ചെയ്യുന്നയാളാണ്. പെൺകുട്ടികളുടെ മരണത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. കുടുംബാംഗങ്ങളിൽ നിന്ന് മൊഴി രേഖപ്പെടുത്തുകയും ചെയ്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |