തിരുവനന്തപുരം: ബസുകളിൽ യാത്രക്കാരുടെ പക്കലുള്ള സ്മാർട്ട് കാർഡുകളിൽ നിന്ന് തുക ഈടാക്കാൻ കഴിയുന്ന ആധുനിക ടിക്കറ്റ് മെഷീനുകളും യാത്ര നിരീക്ഷിക്കാനുള്ള ജി.പി.എസും സജ്ജമാക്കി കെ.എസ്.ആർ.ടി.സി നവീകരണത്തിന് ഒരുങ്ങുന്നു.
ഇതിനുപുറമേ, ശമ്പള വിതരണത്തിന് സർക്കാരിന്റെ ഓൺലൈൻ സംവിധാനമായ സ്പാർക്ക് പ്രയോജനപ്പെടുത്തും.
സിഡാക്കുമായി ചേർന്ന് വെഹിക്കിൾ ട്രാക്കിംഗ് സംവിധാനം ഏർപ്പെടുത്തും. ബസുകളുടെ വരവും പോക്കും ഓൺലൈനിൽ അറിയാം. യാത്രക്കാർക്ക് സ്മാർട്ട് ഫോണുകളിലൂടെയും സ്റ്റാൻഡുകളിലെ ഡിസ്‌പ്ലേ സ്‌ക്രീനിലൂടെയും ബസുകളുടെ യാത്രാവിവരം ലഭ്യമാക്കുമെന്ന് മന്ത്രി എ.കെ.ശശീന്ദ്രൻ അറിയിച്ചു.
നവീകരണത്തിന് സർക്കാർ 16.98 കോടി രൂപ അനുവദിച്ചതായി കെ.എസ്.ആർ.ടി.സി മേധാവി ബിജുപ്രഭാകർ പറഞ്ഞു. മാർച്ചിനു മുമ്പ് നവീകരണം പൂർത്തിയാക്കാനാണ് ശ്രമം.
കെ.എസ്. ആർ.ടി.സി വിതരണം ചെയ്യുന്ന സ്മാർട്ട് കാർഡ് ഉപയോഗിച്ച് ടിക്കറ്റ് തുക ഈടാക്കാൻ കഴിയുന്ന 5500 മെഷീനുകൾ ഉടൻ വാങ്ങും. ഓർഡിനറി സർവീസിലടക്കം ഉപയോഗിക്കാം. ഓൺലൈൻ റിസർവേഷൻ സംവിധാനവുമായി ബന്ധിപ്പിക്കുന്നതിനാൽ ഒഴിവുള്ള സീറ്റുകൾ അറിയാം.
ബസുകളുടെ യാത്രാവിവരം പുതുതായി തിരുവനന്തപുരം ആനയറ ടെർമിനലിൽ സ്ഥാപിച്ച സെൻട്രൽ കൺട്രോൾ റൂമിൽ ലഭിക്കും.
ഇന്ധനവും നിരീക്ഷിക്കും
ഇന്ത്യൻ ഓയിൽ കോർപറേഷനുമായി ചേർന്ന് ഇന്ധന നിരീക്ഷണ സംവിധാനം തയ്യാറാക്കി. ബസിന്റെ ടാങ്കിൽ ആർ.എഫ്.ഐ.ഡി റിംഗ് ഘടിപ്പിക്കും. നിറയ്ക്കുന്ന ഡീസൽ വിവരം കൺട്രോൾ റൂമിൽ കിട്ടും. ഉപഭോഗം നിയന്ത്രിച്ച് നഷ്ടം കുറയ്ക്കുകയാണ് ലക്ഷ്യം.
എല്ലാം ഒറ്റ കാർഡിൽ
സീസൺ ടിക്കറ്റ്, പാസുകൾ, കൺസക്‌ഷൻ ടിക്കറ്റുകൾ കാർഡ് രൂപത്തിൽ
പത്തുരൂപ മുതലുള്ള കാർഡുകൾ കച്ചവട സ്ഥാപനങ്ങളിൽ ലഭ്യമാക്കും.
ഓൺലൈൻ, കിയോസ്‌കുകൾ, ഷോപ്പുകൾ വഴി റീചാർജ് ചെയ്യാം
കാർഡൊന്നിന് ചെലവാകുന്ന 40 രൂപ പരസ്യത്തിൽ നിന്നു കണ്ടെത്തും
തുടക്കം പരീക്ഷണാടിസ്ഥാനത്തിൽ തലസ്ഥാന നഗരത്തിൽ
യാത്രക്കാർക്കായി കെ.എസ്.ആർ.ടി.സി സെക്രട്ടേറിയറ്റ് കയറുന്നു
തിരുവനന്തപുരം: ജീവനക്കാരെ ആകർഷിക്കാൻ സെക്രട്ടേറിയറ്റിൽ കൗണ്ടർ തുറക്കാൻ കെ.എസ്.ആർ.ടി.സി സർക്കാരിനെ സമീപിച്ചു. ബസ് ഓൺ ഡിമാൻഡ് പ്രകാരമുള്ള സർവീസുകളിലേക്ക് ജീവനക്കാരെ ആകർഷിക്കാനും ബുക്കിംഗിനുമാണ് കൗണ്ടർ. ഇതിനായി കന്റോൺമെന്റ് ഗേറ്റിന് സമീപം അനുയോജ്യമായ സ്ഥലം ലഭ്യമാക്കണമെന്നഭ്യർത്ഥിച്ച് കെ.എസ്.ആർ.ടി.സി മേധാവി ബിജു പ്രഭാകർ ഗതാഗത സെക്രട്ടറി കെ.ആർ. ജ്യോതിലാലിന് നൽകിയ കുറിപ്പ് സർക്കാരിന്റെ പരിഗണനയിലാണ്.
ജീവനക്കാരിൽ ചിലർ സ്വകാര്യബസുകൾ നടത്തുന്ന നിയമവിരുദ്ധ സർവീസുകളിലാണ് സെക്രട്ടേറിയറ്റിലെത്തുന്നത്. ഇത്തരം ബസുകൾക്കെതിരെ മോട്ടോർ വാഹന വകുപ്പ് നടപടിയെടുത്തപ്പോൾ അതിൽ വരുന്ന ജീവനക്കാർ ചീഫ് സെക്രട്ടറിക്ക് പരാതി നൽകിയിരുന്നു. തുടർന്ന് ചീഫ് സെക്രട്ടറി ഗതാഗത സെക്രട്ടറിക്കു നൽകിയ നിർദ്ദേശ പ്രകാരം പരിശോധന നിറുത്തിവച്ചിരിക്കുകയാണ്. ഈ സാഹചര്യത്തിലാണ് കെ.എസ്.ആർ.ട.സിയുടെ നീക്കം.
കൗണ്ടർ തുറന്നാൽ സ്വകാര്യബസുകളിലെ യാത്രക്കാർ കെ.എസ്.ആർ.ടി.സിയിലേക്കെത്തുമെന്നാണ് കരുതുന്നത്. ജീവനക്കാർ തെറ്റിദ്ധരിപ്പിച്ചതുകൊണ്ടാണ് സെക്രട്ടേറിയറ്റിലേക്ക് വരുന്ന വാഹനങ്ങൾ പരിശോധിക്കരുതെന്ന നിലപാട് ചീഫ് സെക്രട്ടറിയെടുക്കാൻ കാരണമെന്നാണ് ഗതാഗത വകുപ്പ് ഉദ്യോഗസ്ഥർ പറയുന്നത്. ഇപ്പോൾ വാഹനപരിശോധന നടത്തുന്നില്ല. കെ.എസ്.ആർ.ടി.സി, പൊലീസ്, മോട്ടോർ വാഹനവകുപ്പ് സംയുക്ത സ്ക്വാഡുകളേയും മരവിപ്പിച്ചു.
നിയമവിരുദ്ധ സർവീസുകളെ പ്രോത്സാഹിപ്പിക്കുകയോ ആശ്രയിക്കുകയോ ചെയ്യുന്ന ജീവനക്കാരെ അതിൽ നിന്ന് പിന്തിരിപ്പിക്കണമെന്നും 'ബോണ്ട്" സർവീസുകൾ ലഭ്യമാക്കാൻ കെ.എസ്.ആർ.ടി.സിയെ സമീപിക്കാൻ ബന്ധപ്പെട്ട സെക്രട്ടറിമാർക്കും വകുപ്പ് മേധാവികൾക്കും സർക്കുലർ നൽകണമെന്നും ബിജു പ്രഭാകർ ആവശ്യപ്പെട്ടിട്ടുണ്ട്. സ്റ്റേജ് കാര്യേജായി ഓപറേറ്റ് ചെയ്യുന്ന കോൺട്രാക്ട് കര്യേജ് സർവീസുകൾക്കെതിര നിയമനടപടി സ്വീകരിക്കാൻ ട്രാൻസ്പോർട്ട് കമ്മിഷണർക്ക് നിർദ്ദേശം നൽകണമെന്നതാണ് മറ്റൊരു ആവശ്യം.
കെ.എസ്.ആർ.ടി.സിയുടെ വരുമാനം വർദ്ധിപ്പിക്കാൻ ശ്രമം നടക്കുമ്പോഴാണ് ഭരണസിരാകേന്ദ്രത്തിൽ തന്നെ അതിനെതിരായ നീക്കം നടക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |