കൊച്ചി : ഡൽഹിയിലെ രാഷ്ട്രീയ യജമാനന്മാരെ തൃപ്തിപ്പെടുത്താനായി കേന്ദ്ര അന്വേഷണ ഏജൻസികൾ ആരോപണങ്ങൾ കെട്ടിച്ചമച്ച് തന്നെ മാനസികമായി പീഡിപ്പിച്ചെന്ന് സ്വപ്ന കോടതിയിൽ വ്യക്തമാക്കി. പറയാത്ത മൊഴികളാണ് ഇവർ രേഖപ്പെടുത്തി കോടതിയിൽ നൽകിയത്.
കസ്റ്റംസ് മുദ്രവച്ച കവറിൽ കോടതിയിൽ സമർപ്പിച്ച തന്റെ മൊഴി മാദ്ധ്യമങ്ങൾക്ക് ചോർത്തി നൽകിയ ഉദ്യോഗസ്ഥർക്കെതിരെയും ഇതു പ്രസിദ്ധീകരിച്ച മാദ്ധ്യമങ്ങൾക്കെതിരെയും നടപടി ആവശ്യപ്പെട്ട് സ്വപ്‌ന നൽകിയ അപേക്ഷയിലാണ് ഇക്കാര്യം പറയുന്നത്. എറണാകുളം അഡി. സി.ജെ.എം കോടതിയിലാണ് സ്വപ്ന അഭിഭാഷകൻ മുഖേന ഹർജി നൽകിയത്. കസ്റ്റംസ് ആക്ട് 108 പ്രകാരമാണ് അന്വേഷണ സംഘം സ്വപ്നയുടെ മൊഴി രേഖപ്പെടുത്തിയത്. എൻ.ഐ.എയുടെ കസ്റ്റഡിയിലിരിക്കെ കോടതിയുടെ അനുമതിയോടെയാണ് തന്നെ ചോദ്യം ചെയ്തതെന്നും ഈ മൊഴി മുദ്രവച്ച കവറിലാണ് കോടതിയിൽ സമർപ്പിച്ചതെന്നും സ്വപ്ന പറയുന്നു.
കസ്റ്റംസുകാർ തങ്ങളുടെ ഭാവനയ്ക്കും സൗകര്യത്തിനും വേണ്ടി തയ്യാറാക്കിയതാണ് മൊഴി. 30 പേജു വരുന്ന മൊഴിയിൽ തന്നെക്കൊണ്ട് നിർബന്ധിച്ച് ഒപ്പിടീച്ചതാണെന്നു ചൂണ്ടിക്കാട്ടി പകർപ്പ് ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചിരുന്നെങ്കിലും അനുവദിച്ചില്ല. പൊലീസ് കസ്റ്റഡിക്കു ശേഷം കടുത്ത മാനസികസംഘർഷം നേരിട്ടിരുന്ന സമയത്താണ് കസ്റ്റംസ് രഹസ്യമൊഴി രേഖപ്പെടുത്താനെത്തിയത്. അതിൽ പറയുന്ന പല കാര്യങ്ങളും വാസ്തവമല്ല. എന്നിട്ടും ഈ മൊഴിയിലെ വിവരങ്ങൾ അച്ചടി - ദൃശ്യ മാദ്ധ്യമങ്ങൾ പ്രസിദ്ധീകരിച്ചു. രഹസ്യമൊഴി പ്രസിദ്ധീകരിക്കുന്നതിനെതിരെ സുപ്രീംകോടതിയുടേതുൾപ്പെടെ വിധികൾ നിലവിലുണ്ട്. മൊഴി ചോർത്തി നൽകിയ സംഭവത്തിൽ കസ്റ്റംസ് സൂപ്രണ്ടിൽ നിന്ന് റിപ്പോർട്ട് തേടണം. ഉദ്യോഗസ്ഥർക്കും മാദ്ധ്യമങ്ങൾക്കുമെതിരെ കോടതിയലക്ഷ്യ നടപടി എടുക്കാതിരക്കാൻ കാരണം തേടി നോട്ടീസ് നൽകണമെന്നും ഹർജിയിൽ പറയുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |