ചെന്നൈ: രാഷ്ട്രീയത്തിൽ സ്ഥിരം ശത്രുക്കളില്ല എന്നത് പറഞ്ഞു പഴകിയ വാചകമാണ്. പക്ഷേ ഇന്ത്യയിലെ പ്രദേശിക രാഷ്ട്രീയത്തിൽ ആ വാചകത്തിന് ഇന്നും പ്രസക്തിയേറെയുണ്ട്. അതിന് ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് തമിഴ്‌നാട്ടിൽ പനീർശെൽവവും ഇടപ്പാടി പളനി സ്വാമിയും കൈ കൊടുത്തത്. ശത്രുവിന്റെ ശത്രു മിത്രമാകുമ്പോൾ ഇരുവർക്കും കൈ കൊടുക്കാതിരിക്കാനാകില്ല. ശശികലയെ ഒതുക്കി എ.ഐ.എ.ഡി.എം.കെ രാഷ്ട്രീയം വരുതിയിലാക്കുക എന്നതാണ് ഇരുവരുടേയും കൂടിചേരലിന്റെ ലക്ഷ്യം.
ദുരൂഹതകൾ നിറഞ്ഞ മരണം
പളനി സ്വാമിയും പനീർശെൽവവും ഒന്നിച്ചപ്പോൾ മുൻ തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയുടെ മരണം സംബന്ധിച്ച ദുരൂഹതകൾ ഏറുകയാണ്. ജയലളിതയുടെ മരണം അന്വേഷിക്കുന്ന സിംഗിൾ ജഡ്‌ജി അറുമുഖ സ്വാമി കമ്മിഷന്റെ നടപടി 2019 ഏപ്രിൽ 26ന് സുപ്രീം കോടതി സ്റ്റേ ചെയ്‌തിരുന്നു. എന്നാൽ കമ്മിഷനുമായി ബന്ധപ്പെട്ട ചർച്ചകൾ ഇപ്പോൾ വീണ്ടും തമിഴ്‌നാട്ടിൽ സജീവമായിരിക്കുകയാണ്. എ.ഐ.എ.ഡി.എം.കെയുടെ അനിഷേധ്യ നേതാവായ ജയലളിത 2016 ഡിസംബർ 5ന് മരിക്കുന്നതുവരെ 75 ദിവസമാണ് ചെന്നൈയിലെ അപ്പോളോ ആശുപത്രിയിൽ കഴിഞ്ഞത്.
ജയലളിതയുടെ മരണം നിരവധി ചോദ്യങ്ങളും വിവാദങ്ങളും ഉയർത്തിയിരുന്നു. എടപ്പാടി പളനി സ്വാമിയുടേയും പനീർശെൽവത്തിന്റേയും നേതൃത്വത്തിലുളള എ.ഐ.എ.ഡി.എം.കെ വിഭാഗങ്ങൾ അധികാര രാഷ്ട്രീയത്തിന് വേണ്ടി മല്ലടിച്ചപ്പോൾ, സമാധാന ഉടമ്പടികളിലൊന്ന് ജയലളിതയുടെ മരണം അന്വേഷിക്കാനുളള ഒരു സമിതിയായിരുന്നു. ജയലളിതയുടെ നിര്യാണത്തിന് ഏകദേശം പത്ത് മാസത്തിന് ശേഷം 2017 സെപ്‌തംബർ 25ന് രൂപീകരിച്ച കമ്മിഷൻ ഒരു നിഗമനത്തിൽ എത്തി ചേരുമെന്ന് തമിഴ്‌നാട്ടിലെ ജനങ്ങൾക്കും എ.ഐ.എ.ഡി.എം.കെ പ്രവർത്തകർക്കും പ്രതീക്ഷയുണ്ടായിരുന്നു. എന്നാൽ കമ്മിഷൻ രൂപീകരിച്ച് 36 മാസത്തിലേറെയായിട്ടും ജയലളിതയുടെ 75 ദിവസത്തെ അപ്പോളോ വാസത്തെപ്പറ്റിയും മരണത്തെപ്പറ്റിയും യാതൊന്നും കണ്ടെത്താൻ സാധിച്ചിട്ടില്ല .
അന്വേഷണത്തിന്റെ തടയിട്ട ഇടപെടൽ
സംശയാസ്പദമായ സാഹചര്യത്തിലാണ് കമ്മിഷൻ രൂപീകരിച്ചത്. ഇപ്പോൾ 37 മാസങ്ങൾ പിന്നിട്ടിരിക്കുന്നു. ഒരു ഇടക്കാല റിപ്പോർട്ട് പോലും ഇതുവരെ വന്നിട്ടില്ല. ഈ കമ്മിഷൻ എന്തിനാണ് സ്ഥാപിച്ചതെന്ന് സംസ്ഥാനത്തെ ജനങ്ങൾക്ക് പോലും ആശ്ചര്യമാണെന്ന് ഡി.എം.കെ വക്താവ് മനു സുന്ദരം അഭിപ്രായപ്പെടുന്നു.
അറുമുഖ സ്വാമി കമ്മിഷൻ ആരംഭിച്ച കാലം മുതൽ നിരവധി വിവാദങ്ങൾ നേരിട്ടിട്ടുണ്ട്. അന്വേഷണ സമിതി പക്ഷപാതപരമായാണ് പെരുമാറുന്നത് എന്നായിരുന്നു അപ്പോളോ ആശുപത്രി അധികൃതരുടെ ആരോപണം. ആരോഗ്യ സംബന്ധമായ കാര്യങ്ങളോ അന്തരിച്ച നേതാവിന് നൽകിയ ചികിത്സയോ അന്വേഷിക്കാൻ കമ്മിഷന് വൈദ്യപരിജ്ഞാനമില്ലെന്നാണ് ആശുപത്രിയുടെ വാദം. അറുമുഖ സ്വാമി കമ്മിഷനുമായി ചേർന്ന് ഒരു മെഡിക്കൽ വിദഗ്ദ്ധ സംഘത്തെ രൂപീകരിക്കാൻ അപ്പോളോ ആശുപത്രി ആവശ്യപ്പെട്ടിരുന്നു. കമ്മിഷനിൽ സ്റ്റേ ആവശ്യപ്പെട്ട് 2019 ഏപ്രിൽ 4ന് ആശുപത്രി മദ്രാസ് ഹൈക്കോടതിയെ സമീപിച്ചിരുന്നു. അന്തരിച്ച മുഖ്യമന്ത്രിയെ ചികിത്സിച്ച ഡോക്‌ടർമാരുമായി അന്വേഷണ കമ്മിഷൻ ശരിയായി സഹകരിക്കുന്നില്ലെന്നും തങ്ങളെ ലക്ഷ്യമിടുന്നതായി തോന്നുന്നുവെന്നും ആശുപത്രി അധികൃതർ കോടതിയെ അറിയിച്ചു.
മദ്രാസ് ഹൈക്കോടതി ഹർജി തളളിയെങ്കിലും അപ്പോളോ ആശുപത്രി സുപ്രീം കോടതിയെ സമീപിച്ചു. 2019 ഏപ്രിൽ 26ന് സുപ്രീംകോടതി കമ്മിഷൻ നടപടികൾ സ്റ്റേ ചെയ്‌തു. കമ്മിഷനായി മൂന്നുമാസത്തെ കാലാവധി നീട്ടണമെന്ന് ആവശ്യപ്പെട്ട് അറുമുഖ സ്വാമി ഇപ്പോൾ തമിഴ്‌നാട് സർക്കാർ പ്രിൻസിപ്പൽ സെക്രട്ടറിക്ക് കത്തെഴുതിയിരിക്കുകയാണ്. ഒക്ടോബർ 16നാണ് അദ്ദേഹം കത്തെഴുതിയത്. കമ്മിഷന്റെ തുടർനടപടികളിൽ സർക്കാർ കാട്ടുന്ന അലസതയെ ചോദ്യം ചെയ്‌തായിരുന്നു കത്ത്.
കളംപിടിക്കാൻ ഡി.എം.കെ
വിഷയത്തെ രാഷ്ട്രീയമായി നേരിടാനാണ് തിരഞ്ഞെടുപ്പ് അടുത്തിരിക്കെ ഡി.എം.കെ ശ്രമിക്കുന്നത്. കേസ് വേഗത്തിലാക്കുന്നതിൽ സർക്കാർ കാണിക്കുന്ന അനാസ്ഥയാണ് ഇപ്പോൾ ചോദ്യം ചെയ്യപ്പെടുന്നത്. മുഖ്യമന്ത്രി എടപാടി പളനിസ്വാമി പുലർത്തുന്ന മൗനം ദുരൂഹത വർദ്ധിപ്പിക്കുകയാണ്. ഒന്നിലധികം തവണ സമൻസ് അയച്ചിട്ടും കമ്മിഷന് മുന്നിൽ പനീർ ശെൽവം ഹാജരായിരുന്നില്ല. ആരോഗ്യമന്ത്രി എന്തുകൊണ്ട് വിഷയത്തിൽ മൗനം പാലിക്കുന്നുവെന്നാണ് ഡി.എം.കെയുടെ മറ്റൊരു ചോദ്യം. സ്വന്തം നേതാവിന്റെ മരണം സംബന്ധിച്ച അന്വേഷണം ഭരണകക്ഷിയായ എ.ഐ.എ.ഡി.എം.കെ എന്തുകൊണ്ട് ഗൗരവമായി എടുക്കുന്നില്ലെന്നും ഡി.എം.കെ ആരോപിക്കുന്നു.
ശശികല ജയിൽമോചിതയാകുന്നത് നോക്കി കമ്മിഷനെ വീണ്ടും പൊടിതട്ടിയെടുക്കാനാണ് സർക്കാർ ശ്രമമെന്നാണ് ഡി.എം.കെ ആരോപണം. കമ്മിഷൻ രൂപീകരിച്ച സമയത്ത് തന്നെ ശശികലയെ സമ്മർദ്ദത്തിലാക്കാനുളള ഒരു രാഷ്ട്രീയ ഉപകരണമായി ഇത് ഉപയോഗിക്കപ്പെടുമെന്ന സംശയം ഉയർന്നിരുന്നു. അഞ്ച് മുതൽ ആറ് മാസത്തിനുളളിൽ ചെയ്‌ത് തീർക്കേണ്ട കാര്യങ്ങളാണ് മൂന്ന് വർഷത്തോളം നീണ്ടതെന്നും ഡി.എം.കെ നേതാക്കൾ പറയുന്നു.
ഒരു മുഴം മുമ്പേ സ്റ്റാലിൻ
കമ്മിഷൻ നടപടികൾ എപ്പോൾ അവസാനിക്കുമെന്നതിനെക്കുറിച്ച് ആളുകൾക്ക് കാര്യമായ ധാരണയില്ല. അന്വേഷണത്തിന്റെ ലക്ഷ്യവും ചോദ്യം ചെയ്യപ്പെടേണ്ടതാണെന്നാണ് തമിഴ്നാട്ടിലെ പ്രശസ്‌ത രാഷ്ട്രീയ നിരീക്ഷകനായ സുമന്ത് സി രാമൻ പറയുന്നത്. സർക്കാരിന്റെ ഭാഗത്ത് നിന്നുളള അലസതയെപ്പറ്റി കമ്മിഷൻ ആശങ്ക ഉന്നയിച്ചതോടെ പ്രതിപക്ഷം വിഷയം ഏറ്റെടുത്തിരിക്കുകയാണ്. സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പിന് മാസങ്ങൾ മാത്രം ബാക്കി നിൽക്കെ, ഡി.എം.കെ അധികാരത്തിൽ എത്തിയാൽ മരണവുമായി ബന്ധപ്പെട്ട ദുരൂഹതകൾ അന്വേഷിച്ച് ജയലളിതയ്‌ക്ക് നീതി ലഭ്യമാക്കുമെന്ന് ഡി.എം.കെ മേധാവി എം.കെ സ്റ്റാലിൻ ട്വീറ്റ് ചെയ്‌തതും വലിയ ചർച്ചയായി മാറിയിരിക്കുകയാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |