വാഷിംഗ്ടൺ: അമേരിക്കൻ പ്രസിഡന്റും റിപ്പബ്ലിക്കൻ പ്രസിഡന്റ് സ്ഥാനാർത്ഥിയുമായ ഡൊണാൾഡ് ട്രംപിന്റെ ഭാര്യ മെലാനിയ ട്രംപ് പ്രചാരണപരിപാടികളിൽ പങ്കെടുക്കില്ല. കൊവിഡ് മുക്തയായതിന് ശേഷവും അനുഭവപ്പെടുന്ന കടുത്ത ചുമയെ തുടർന്നാണ് പ്രചാരണ പരിപാടിയിൽ നിന്നും വിട്ടുനിൽക്കാൻ മെലാനിയ തീരുമാനിച്ചത്. ട്രംപും പ്രഥമവനിതയും അപൂർവമായി ഒരുമിച്ച് പ്രത്യക്ഷപ്പെടുന്ന റാലികളിലൊന്നാണ് റദ്ദാക്കിയത്. ഒരു വർഷത്തിനിടെ ട്രംപിനൊപ്പമുള്ള മെലാനിയയുടെ ആദ്യ പൊതുപരിപാടിയാണ് പെൻസിൽവാനിയയിൽ നടക്കേണ്ടിയിരുന്നത്. 2019 മുതൽ മെലാനിയ ട്രംപിനൊപ്പം പൊതുവേദിയിൽ പ്രത്യക്ഷപ്പെട്ടിരുന്നില്ല. മെലാനിയയുടെ ആരോഗ്യസ്ഥിതിയിൽ ഏറെ വ്യത്യാസമുണ്ടെന്നും മെച്ചപ്പെട്ട് വരികയാണെന്നും അവരുടെ വക്താവ് സ്‌റ്റെഫാനി ഗ്രിഷാം ഔദ്യോഗിക കുറിപ്പിൽ വ്യക്തമാക്കി. എന്നാൽ, കടുത്ത ചുമ കാരണം യാത്ര ചെയ്യാൻ ബുദ്ധിമുട്ടനുഭവപ്പെടുന്നതിനാലാണ് പരിപാടിയിൽ നിന്ന് വിട്ടു നിൽക്കാൻ തീരുമാനിച്ചതെന്നും കുറിപ്പിൽ പറയുന്നു. കൊവിഡ് നെഗറ്റീവായതിന് ശേഷം കൊവിഡിനൊപ്പമുള്ള എന്റെ വ്യക്തിപരമായ അനുഭവങ്ങൾ എന്ന പേരിൽ മെലാനിയ കുറിപ്പ് ഇട്ടിരുന്നു. തനിക്ക് ഇടക്കിടെ ചുമയും തലവേദനയും ശരീരവേദനയും അനുഭവപ്പെടുന്നുണ്ടെന്ന് അവർ വ്യക്തമാക്കിയിരുന്നു. ട്രംപിൽ നിന്ന് വ്യത്യസ്തമായി പ്രകൃതിയോട് ചേർന്ന് നിൽക്കുന്ന ചികിത്സാരീതികളാണ് മെലാനിയ സ്വീകരിച്ചത്. ആരോഗ്യകരമായ ഭക്ഷണവും വൈറ്റമിൻ ഗുളികകളും മാത്രമായിരുന്നു അവർ കഴിച്ചത്. 14 വയസായ മകൻ ബാരോൺ ട്രംപിനും കൊവിഡ് ബാധിച്ചിരുന്നുവെന്ന് മെലാനിയ വെളിപ്പെടുത്തിയിരുന്നു. ഒക്ടോബർ ആദ്യവാരത്തിലാണ് ട്രംപിനും മെലാനിയക്കും മകൻ ബാരോണിനും കൊവിഡ് സ്ഥിരീകരിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |