തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളേജിൽ പുഴുവരിച്ച സംഭവത്തിൽ ആശുപത്രി അധികൃതർക്കെതിരെ ഗുരുതര ആരോപണവുമായി രോഗിയായിരുന്ന അനിൽകുമാർ. ആശുപത്രിയിൽ മതിയായ ചികിത്സ കിട്ടിയിരുന്നില്ല. ആശുപത്രി അധികൃതർ തന്റെ കൈകൾ കട്ടിലിൽ കെട്ടിയിട്ടു. ചികിത്സയ്‌ക്കിടെ പത്ത് ദിവസത്തോളം തന്നെ ആശുപത്രി അധികൃതരാരും തിരിഞ്ഞുപോലും നോക്കിയില്ലെന്നും ആശുപത്രിയിൽ ഡോക്‌ടറെ കണ്ടിട്ടേയില്ലെന്നും അനിൽകുമാർ പറഞ്ഞു.
അനിൽകുമാറിന് നേരിട്ട കടുത്ത അവഗണനയ്‌ക്ക് നഷ്‌ടപരിഹാരം തേടി കോടതിയെ സമീപിക്കുമെന്ന് അനിൽകുമാറിന്റെ മകൾ അറിയിച്ചു. വീഴ്‌ചയെ തുടർന്ന ഓഗസ്‌റ്റ് 21ന് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ച തിരുവനന്തപുരം വട്ടിയൂർക്കാവ് സ്വദേശിയായ അനിൽകുമാറിന് ഇതിനിടെ കൊവിഡ് പിടിപെട്ടിരുന്നു. പിന്നീട് 22 ദിവസത്തെ ആശുപത്രി വാസത്തിന് ശേഷം കൊവിഡ് ഭേദമായ അനിൽകുമാറിനെ ഡിസ്‌ചാർജ് ചെയ്‌ത് വീട്ടിലെത്തിച്ചപ്പോൾ പുഴുവരിച്ച നിലയിലായിരുന്നു. ഡയപറുകൾ പോലും വേണ്ടവിധത്തിൽ മാറ്റാത്ത അവസ്ഥയിലായിരുന്നുവെന്ന് കുടുംബാംഗങ്ങൾ പറഞ്ഞു.
സംഭവം വലിയ വിവാദമായതോടെ അന്വേഷിച്ച മെഡിക്കൽ വിദ്യാഭ്യാസ ഡയറക്‌ടറുടെ പ്രാഥമികാന്വേഷണ റിപ്പോർട്ട് പ്രകാരം രണ്ട് ഹെഡ്‌നഴ്‌സുമാരെയും നോഡൽ ഓഫീസറെയും സർക്കാർ സസ്‌പെൻഡ് ചെയ്‌തു. നോഡൽ ഓഫീസറായ ഡോ.അരുണ, നഴ്‌സുമാരായ ലീന കുഞ്ചൻ, രജനി എന്നിവരെയാണ് സസ്‌പെൻഡ് ചെയ്‌തിരുന്നത്. ഇതിനെതിരെ ആരോഗ്യപ്രവർത്തകർ സംസ്ഥാനവ്യാപകമായി കടുത്ത പ്രതിഷേധം നടത്തിയതോടെ സസ്‌പെൻഷൻ വകുപ്പ്തല നടപടിയിലൊതുങ്ങി.
പിന്നീട് പേരൂർക്കട സർക്കാർ ആശുപത്രിയിൽ ചികിത്സിച്ച അനിൽകുമാറിന്റെ ആരോഗ്യനിലയിൽ നിലവിൽ പുരോഗതിയുണ്ടായിരുന്നതോടെയാണ് മെഡിക്കൽ കോളേജിലെ ചികിത്സാ വിവരങ്ങൾ പുറത്തറിഞ്ഞത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |