വയനാട് : കോൺഗ്രസ് നേതാവും വയനാട് എം പിയുമായ രാഹുൽ ഗാന്ധിയുടെ മൂന്ന് ദിവസത്തെ മണ്ഡല പര്യടനം ഇന്ന് അവസാനിക്കുകയാണ്. കഴിഞ്ഞ ദിവസം അദ്ദേഹം സിനിമാ നടനും, അമ്മയുടെ ജനറൽ സെക്രട്ടറിയുമായ ഇടവേള ബാബുവുമായി നടത്തിയ കൂടിക്കാഴ്ച ചർച്ചയാവുന്നു. ഇടവേള ബാബു കോൺഗ്രസിലേക്ക് വരുന്നതിന്റെ മുന്നോടിയായിട്ടാണോ കൂടിക്കാഴ്ച എന്നാണ് ചർച്ചകൾ. കേവലം ആറുമാസത്തിനപ്പുറം കേരളം നിയമസഭ തിരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കുമ്പോൾ ഈ കൂടിക്കാഴ്ചയ്ക്ക് ഏറെ രാഷ്ട്രീയ മാനം കൈവരുന്നുണ്ട്. കെ. ഗണേശ് കുമാർ, മുകേഷ്, ഇന്നസെന്റ് അടക്കം മലയാള സിനിമയിലെ വലിയൊരു താര നിര ഇടത്മുന്നണിയുമായി ചേർന്ന് പ്രവർത്തിക്കുന്നുണ്ട്.
ഇതിനു മറുപടിയായി വലതു പക്ഷത്തും താരങ്ങളെ അണിനിരത്താനുള്ള കോൺഗ്രസ് നീക്കമാണോ ഈ കൂടിക്കാഴ്ചയ്ക്ക് പിന്നിലെന്നും സംശയിക്കുന്നു. എ ഐ സി സി ജനറൽ സെക്രട്ടറിയും മുതിർന്ന നേതാവുമായ കെ സി വേണുഗോപാലും ഇടവേള ബാബുവുമായി രാഹുൽ കൂടിക്കാഴ്ച നടത്തിയ സമയത്ത് ഉണ്ടായിരുന്നു. നീണ്ട ഇരുപത്തിയൊന്ന് വർഷമായി സിനിമ പ്രവർത്തകരുടെ സംഘടനയായ അമ്മയുടെ സെക്രട്ടറി പദത്തിൽ തുടരുന്ന ഇടവേള ബാബു മികച്ച സംഘാടകനാണ്. സിനിമ മേഖലയിലുള്ളവരുമായി ബന്ധപ്പെട്ടുള്ള എന്തെങ്കിലും സന്ദേശം നൽകുവാൻ വേണ്ടി ഇടവേള ബാബു രാഹുലിനെ കാണാൻ എത്തിയതാണെന്നും സംശയിക്കുന്നുണ്ട്.
താരസംഘടനയായ അമ്മയുടെ ജനറൽ സെക്രട്ടറിയായ ഇടവേള ബാബു അടുത്തിടെ ഒരു സ്വകാര്യ ചാനലിന് നൽകിയ അഭിമുഖം വിവാദമായിരുന്നു. കൊച്ചിയിൽ ആക്രമിക്കപ്പെട്ട നടിയുമായി ബന്ധപ്പെട്ട് നടത്തിയ പരാമർശമാണ് ബാബുവിന് തലവേദനയായി മാറിയത്. ഇടവേളയുടെ പരാമർശത്തിൽ പ്രതിഷേധിച്ച് നടി പാർവതി അമ്മയിൽ നിന്ന് രാജി വച്ചിരുന്നു.
അമ്മയിലേക്കുള്ള ബാബുവിന്റെ വരവ്
താരസംഘടനയായ അമ്മ രൂപീകൃതമായ 1994 മുതൽ ഇടവേള ബാബു സംഘടനയിൽ അംഗമാണ്. എം ജി സോമൻ പ്രസിഡന്റും, ടി പി മാധവൻ ജനറൽ സെക്രട്ടറിയുമായിരുന്നു അന്ന്. നടൻ ഗണേശ് കുമാറാണ് ഇടവേളയെ ഭരണസമിതിയിലേക്ക് കൊണ്ടുവരുന്നത്. തുടർന്ന് ക്യാപ്ടൻ രാജുവിന്റെ പ്രോത്സാഹനത്തോടെ അമ്മ എക്സിക്യൂട്ടീവ് കമ്മിറ്റിയിലെത്തി. മമ്മൂട്ടിയും മോഹൻലാലും ജനറൽ സെക്രട്ടറിമാരായി മാറി മാറി എത്തുമ്പോൾ, ബാബു ജോയിന്റ് സെക്രട്ടറിയായി തന്നെ തുടർന്നു. കോടതി വ്യവഹാരങ്ങളിലേക്ക് സംഘടന എത്തപ്പെട്ടതോടെയാണ് സെക്രട്ടറി പദവി ബാബുവിൽ നിക്ഷിപ്തമായത്.
മധു മുതൽ ടൊവിനോയ്ക്ക് വരെ വിശ്വസ്തൻ
മലയാള സിനിമയിലെ തല മുതിർന്ന നടനായ മധു മുതൽ യുവതാരം ടൊവിനോ തോമസ് വരെ ഇടവേള ബാബുവിൽ അർപ്പിച്ചിട്ടുള്ള വിശ്വാസം വെറുതേയല്ല. സാമ്പത്തികത്തിൽ തുടങ്ങി വ്യക്തിപരമായ ആവശ്യങ്ങൾക്ക് വരെ ബാബുവിന്റെ കൈയിൽ സൊല്യൂഷനുണ്ട്. അതു തന്നെയാണ് 21 വർഷം താരസംഘടനയുടെ തലകളിലൊന്നാകാൻ ഇടവേള ബാബുവിന് സാധിക്കുന്നതും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |