തിരുവനന്തപുരം: ബി.ജെ.പി നേതാവ് കുമ്മനം രാജശേഖരനെതിരെ തട്ടിപ്പിന് കേസെടുത്ത സംഭവത്തിൽ പ്രതികരണവുമായി കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി.മുരളീധരൻ. കുമ്മനം രാജശേഖരനെ പോലെ ആദർശ ശുദ്ധിയുള്ള ഒരു നേതാവിനെ അപകീർത്തിപ്പെടുത്താനുള്ള സർക്കാർ നീക്കം ജനങ്ങൾ പുച്ഛിച്ചുതള്ളുകയാണ് ചെയ്യുകയെന്നാണ് കേന്ദ്രമന്ത്രി തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ പറയുന്നത്.
'കേസുകളുടെ പദ്മവ്യൂഹം ഭേദിക്കാനാകാതെ പിണറായിയും കൂട്ടരും നട്ടം തിരിഞ്ഞ് നിൽക്കുകയാണല്ലോ' എന്നും അദ്ദേഹം തന്റെ കുറിപ്പിലൂടെ പരിഹസിക്കുന്നു. മുഖ്യമന്തി പിണറായി വിജയൻ മുൻപ് നടത്തിയ ഒരു പ്രയോഗത്തെ അനുസ്മരിപ്പിക്കുന്ന രീതിയിൽ 'വിരട്ടലും വേട്ടയാടലുമൊന്നും ബി.ജെ.പി നേതാക്കളോട് വിലപ്പോവില്ല എന്നോർത്താൽ സഖാവിനും കൂട്ടർക്കും നല്ലത്!' എന്ന് പറഞ്ഞുകൊണ്ടാണ് അദ്ദേഹം തന്റെ പോസ്റ്റ് അവസാനിപ്പിക്കുന്നത്.
ഫേസ്ബുക്ക് പോസ്റ്റ് ചുവടെ:
'ബി.ജെ.പി മുൻ സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരനെതിരെ സാമ്പത്തിക തട്ടിപ്പിന് കേസെടുത്ത സംസ്ഥാന സർക്കാരിന്റെ നീക്കം തീർത്തും അപലപനീയമാണ്. പിണറായിയും കൂട്ടരും തങ്ങളെ വട്ടം കറക്കുന്ന ഒരു കൂട്ടം കേസുകളുടെ പദ്മവ്യൂഹം ഭേദിക്കാനറിയാതെ നട്ടം തിരിഞ്ഞ് നിൽക്കുകയാണല്ലോ. മടിയിൽ കനമില്ലാത്തവരെന്ന് സ്വയം വിശേഷിപ്പിച്ചവർ ഇപ്പോൾ പൊതുജനമധ്യേ നാണം കെട്ട് നിൽക്കുന്നു. ഇത്തരം സന്ദർഭങ്ങളിൽ പൊതുജന ശ്രദ്ധ തിരിച്ചു വിടാൻ പല തന്ത്രങ്ങളും സിപിഎം ഇറക്കുന്നത് പതിവു പരിപാടിയാണ്. ഇത്തവണ പയറ്റുന്ന പുതിയ ഒരു തന്ത്രം ബിജെപി നേതാക്കളെ കള്ളക്കേസിൽ കുടുക്കുകയെന്നതാണ്.. എന്നാൽ ആ പരിപ്പ് ഇനി വേവില്ല.
കുമ്മനം രാജശേഖരനെ പോലെ ആദർശ ശുദ്ധിയുള്ള ഒരു നേതാവിനെ അപകീർത്തിപ്പെടുത്താനുള്ള സർക്കാർ നീക്കം ജനങ്ങൾ പുച്ഛിച്ചുതള്ളും. സ്വർണ്ണക്കടത്തും സ്പ്രിംക്ളറും ലൈഫും മയക്കുമരുന്നും, കൊവിഡ് പ്രതിരോധത്തിലെ പാളിച്ച..... ഒട്ടേറെ അമ്പുകളേറ്റ് പരാജയപ്പെട്ട് ജീവച്ഛവമായി കിടക്കുന്ന പിണറായി സർക്കാരിന് വെന്റിലേറ്റർ സഹായമെന്ന നിലയിൽ ഉപദേശികളിറക്കിയ ഒരു ക്യാപ്സൂൾ - അത്ര വിലയേ കുമ്മനത്തിനെതിരെ കെട്ടിച്ചമച്ച ഈ കേസിനുള്ളൂ. തെരഞ്ഞെടുപ്പുകൾ പടിവാതിൽക്കൽ നിൽക്കേ, സിപിഎം ഇങ്ങനെയെന്തെങ്കിലും ചെയ്യാതെ എങ്ങനെ പിടിച്ചു നിൽക്കും, അല്ലേ സഖാവേ? എല്ലാം ശരിയാക്കാൻ അധികാരത്തിൽ കയറിയിട്ട് , സഖാവിനെ ചുറ്റുമുള്ളവർ ശരിയാക്കിക്കളഞ്ഞില്ലേ! എനിക്ക് ഒന്നേ പറയാനുള്ളൂ .....വിരട്ടലും വേട്ടയാടലുമൊന്നും ബി.ജെ.പി നേതാക്കളോട് വിലപ്പോവില്ല എന്നോർത്താൽ സഖാവിനും കൂട്ടർക്കും നല്ലത്!
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |