തിരുവനന്തപുരം: റൂൾസ് ഒഫ് ബിസിനസ് ഭേഗതിയെ രണ്ടാം തവണയും ശക്തമായി എതിർത്ത് ഘടകകക്ഷി മന്ത്രിമാർ. ഉത്തരേന്ത്യൻ ശൈലിയിൽ ഭരണം മാറ്റാനാവില്ലെന്ന് മന്ത്രിസഭ ഉപസമിതിയിൽ അഭിപ്രായം ഉയർന്നു. നവംബർ നാലിന് മന്ത്രിമാരുടെ വിയോജനക്കുറിപ്പോടെ ഉപസമിതി റിപ്പോർട്ട് മുഖ്യമന്ത്രി പിണറായി വിജയന് കൈമാറും.
മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും വകുപ്പു സെക്രട്ടറിമാരുടെയും ഉദ്യോഗസ്ഥരുടെയും ഉത്തരവാദിത്തങ്ങൾ നിർവചിക്കുന്നതാണ് റൂൾസ് ഒഫ് ബിസിനസ്. മുഖ്യമന്ത്രിയ്ക്കും ചീഫ് സെക്രട്ടറിയ്ക്കും കൂടുതൽ അധികാരം നൽകുന്നതാണ് റൂൾസ് ഒഫ് ബിസിനസ് ഭേദഗതി.
വകുപ്പ് മന്ത്രിമാർ ഡമ്മി എന്ന നിലയിലേക്കു പോകുമെന്ന വിമർശനമാണ് ഉയരുന്നത്.റൂൾ ഒൻപതിലെ മാറ്റമനുസരിച്ച് വകുപ്പ് മന്ത്രി കാണാതെ തന്നെ സെക്രട്ടറിമാർക്കു ഫയലിൽ തീരുമാനമെടുത്ത് ചീഫ് സെക്രട്ടറിയുടെയോ മുഖ്യമന്ത്രിയുടേയോ അംഗീകാരത്തിനായി നൽകാമെന്നത് ഒരു ഉദാഹരണം മാത്രം.
ഭേദഗതിയിലൂടെ മന്ത്രിമാരെ നോക്കുകുത്തികളാക്കുകയാണെന്ന് ഘടകകക്ഷി മന്ത്രിമാർ ഉപസമിതിയോഗത്തിൽ വിമർശനം ഉന്നയിച്ചതോടെയാണ് സർക്കാർ നീക്കം മെല്ലെയായത്. എന്നാൽ കാലാനുസൃതമായ മാറ്റങ്ങൾ വേണമെന്ന നിലപാടാണ് ഐ എ എസ് ഉദ്യോഗസ്ഥർക്ക് ഉള്ളത്. അങ്ങനെ വരുമ്പോൾ വകുപ്പ് മന്ത്രി അറിയാതെ തന്നെ ചീഫ് സെക്രട്ടറിക്കും മുഖ്യമന്ത്രിക്കും വകുപ്പുകൾ നിയന്ത്രിക്കാവുന്ന സ്ഥിതി വരും.
റൂൾ 19, 21 എ, എന്നിവയിലെ മാറ്റം കൂടുതൽ അധികാരം മുഖ്യമന്ത്രിയ്ക്ക് നൽകാൻ ഉദ്ദേശിച്ചിട്ടുള്ളതാണ്. റൂൾസ് ഒഫ് ബിസിനസ് പോലും മറികടക്കാൻ മുഖ്യമന്ത്രിക്ക് അധികാരമുണ്ടെന്നാണ് ഈ ഭേദഗതി പറയുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |