തിരുവനന്തപുരം: ദൈവമില്ല അമ്പലമില്ലെന്നൊക്കെ പാർട്ടി ക്ലാസുകളിൽ പറയും എന്നിട്ട് വെളുപ്പിന് തലയിൽ മുണ്ടുമിട്ട് അമ്പലത്തിൽ പോകുമെന്ന് 'സന്ദേശം' സിനിമയിൽ പ്രഭാകരൻ താത്വികാചാര്യനായ കുമാരപ്പിളള സാറിനോട് പറയുന്ന രംഗം മലയാളിക്ക് മറക്കാൻ കഴിയില്ല. ഏതാണ്ട് ഇതേഗതി തന്നെയാണ് കേരളത്തിൽ സി.പി.എമ്മിനും. ശബരിമല യുവതി പ്രവേശനം ഉൾപ്പടെയുളള വിഷയങ്ങളിൽ വിശ്വാസി സമൂഹത്തോട് എത്ര മല്ലടിച്ചാലും തിരഞ്ഞെടുപ്പ് അടുക്കുമ്പോൾ ഭൂരിപക്ഷം വരുന്ന വിശ്വാസികളെ ആശ്രയിക്കാതെ രക്ഷയില്ല.
ശബരിമല യുവതി പ്രവേശന വിവാദവുമായി ബന്ധപ്പെട്ട് പാർട്ടിയോട് അകന്ന വിഭാഗങ്ങളെ ഒപ്പംകൂട്ടാൻ ലോക്കൽ കമ്മിറ്റികളുടെ പരിധിയിൽ വിശ്വാസികളുടെ യോഗം വിളിച്ച് കൂട്ടാനാണ് പാർട്ടിയുടെ നീക്കം. ദേവസ്വം ബോർഡ് ക്ഷേത്രങ്ങളിൽ കാണിക്കയിടരുതെന്ന സംഘപരിവാർ പ്രചാരണംമൂലം ക്ഷേത്ര ജീവനക്കാർക്കും പെൻഷൻകാർക്കുമുണ്ടാകുന്ന ബുദ്ധിമുട്ടുകൾ യോഗങ്ങളിൽ വിശദീകരിക്കാനാണ് തീരുമാനം. ദേവസ്വം ബോർഡിനും സ്വകാര്യ ക്ഷേത്രങ്ങൾക്കും സംസ്ഥാനസർക്കാർ നൽകിയ സഹായങ്ങളും ചർച്ചചെയ്യും.
സംസ്ഥാന സെക്രട്ടറി തന്നെ വീടുകൾ കയറിയിറങ്ങി തെറ്റ് ഏറ്റുപറഞ്ഞിട്ടും രക്ഷയില്ലെന്ന് കണ്ടതോടെയാണ് സി.പി.എമ്മിന്റെ പുതിയ നീക്കം. ഇനിയും മസിൽ പിടിച്ചിരുന്നാൽ പാർലമെന്റ് തിരഞ്ഞെടുപ്പ് ഫലം നിയമസഭയിലും ആവർത്തിക്കുമെന്ന ഭയം പാർട്ടിക്കുണ്ട്. സ്വർണക്കടത്ത് ഉൾപ്പടെയുളള വിവാദങ്ങൾക്കൊപ്പം വിശ്വാസികളോട് മുഖം തിരിക്കുക കൂടി ചെയ്‌താൽ സി.പി.എമ്മിന് സംസ്ഥാനത്ത് നിലംതൊടാനാവില്ലെന്നാണ് നേതാക്കളുടെ നിഗമനം.
തദ്ദേശ തിരഞ്ഞെടുപ്പിന് മുമ്പായി തന്നെ യോഗങ്ങൾ നടക്കും. ക്ഷേത്ര, പളളി കമ്മിറ്റി ഭാരവാഹികളുടെയും ദേവസ്വം ജീവനക്കാരുടെയും യോഗങ്ങളാണ് പ്രത്യേകം പ്രത്യേകമായി വിളിക്കുന്നത്. സ്വകാര്യ ക്ഷേത്രങ്ങളുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നവരെയും യോഗങ്ങളിൽ പങ്കെടുപ്പിക്കുമെന്നാണ് വിവരം.
ക്രിസ്‌ത്യൻ, മുസ്ലീം പള്ളികളിലും സ്ഥാപനങ്ങളിലും മതേതര വിശ്വാസികൾ ഭാരവാഹികളായി വരേണ്ടതിന്റെ ആവശ്യകത ബോദ്ധ്യപ്പെടുത്തണമെന്നും സി.പി.എം കീഴ്ഘടകങ്ങളോട് പറഞ്ഞിട്ടുണ്ട്. ആരാധനാലയങ്ങളുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നവരുടെ ലോക്കൽതല യോഗങ്ങളിൽ പങ്കെടുക്കാത്തവരെ നേതാക്കൾ നേരിട്ട് ബന്ധപ്പെട്ട് കാര്യങ്ങൾ വിശദീകരിക്കും.
വിശ്വാസികളുടെ യോഗം വിളിക്കുന്നതിനൊപ്പം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ അടിസ്ഥാനത്തിൽ ഇടത്തരക്കാരുടെ യോഗവും വിളിച്ചുചേർക്കും. കുടുംബശ്രീ, ആശാ പ്രവർത്തകർ, അങ്കണവാടി ജീവനക്കാർ, ഡെപ്പോസിറ്റ് കളക്ഷൻ ഏജന്റുമാർ എന്നിവരുടെ യോഗങ്ങളും സംഘടിപ്പിക്കാൻ പറഞ്ഞിട്ടുണ്ട്. ഈ യോഗങ്ങളുടെ സമയക്രമം ഏരിയ, ലോക്കൽ കമ്മിറ്റികൾ നിശ്ചയിച്ചുകൊടുക്കും. ഇത്തരം യോഗങ്ങളെല്ലാം നവംബർ പത്തിന് മുമ്പ് പൂർത്തിയാക്കണമെന്നാണ് സംസ്ഥാന കമ്മിറ്റി നൽകിയിരിക്കുന്ന നിർദേശം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |