'ദേവായന'ത്തിന്റെ ഗേറ്റ് തുറന്നുവരുന്ന അച്ഛന്റെ രൂപം അതേ വ്യക്തതയോടെ ഇപ്പോഴും ആറുമക്കളുടെയും മനസിലുണ്ട്. അദ്ദേഹത്തിന്റെ പ്രിയപ്പെട്ട തോൾസഞ്ചിയുടെ ഒരുകള്ളിയിൽ നിറയെ ആകാശവാണിയിൽ
നിന്നുള്ള കത്തുകളും മറ്റേ കള്ളിയിൽ ഹൽവയോ നേന്ത്രപ്പഴമോ ഒരുപാക്കറ്റ് ബ്രെഡോ ഉണ്ടാവും. ഏറെക്കാലം നിഴലായി കൂടെ നിന്ന ഇളയമകൻ നാരായണൻ പങ്കുവയ്ക്കുകയാണ് അച്ഛൻ എന്ന മഹാവെളിച്ചത്തിന്റെ കെടാത്ത ഓർമ്മകൾ...
മഹാകവി മണ്ണോട് ചേർന്ന അമേറ്റിക്കരയിലെ 'ദേവായന" ത്തിൽ ഏറെക്കാലം നിഴലായി കൂടെ നിന്ന ഇളയമകൻ നാരായണൻ അച്ഛന്റെ കെടാത്ത ഓർമ്മകളിലാണ്. 'അച്ഛൻ പോയെന്ന് ആർക്കും ഇപ്പോഴും വിശ്വസിക്കാനാവുന്നില്ല. രാവിലെയായാൽ അച്ഛന്റെ ചിതയെരിഞ്ഞ സ്ഥലത്ത് പോവും. ഒന്നും മനസിലാവുന്നില്ലെന്നതാണ് സത്യം."വേർപാടിന്റെ വേദന മൗനമായി മാറി. പതിയെ നാരായണൻ പറഞ്ഞുതുടങ്ങി.
ആകാശവാണിയിലെ ജോലിയുമായി ബന്ധപ്പെട്ട് കോഴിക്കോടും തൃശൂരുമായിരുന്നു അച്ഛൻ ഏറെയും. ശനിയാഴ്ച രാത്രിയാവും വീട്ടിലേക്കുള്ള വരവ്. കട്ടി ഖദർ ഷർട്ടും ഒരു തോൾ സഞ്ചിയും തൂക്കി ഇരുട്ട് പരന്നുതുടങ്ങും നേരം ദേവായനത്തിന്റെ ഗേറ്റ് തുറന്നുവരുന്ന അച്ഛന്റെ രൂപം അതേ വ്യക്തതയോടെ ഇപ്പോഴുമുണ്ട് മനസിൽ. സഞ്ചിയുടെ ഒരു കള്ളിയിൽ നിറയെ ആകാശവാണിയിൽ അച്ഛന് വന്നിരുന്ന കത്തുകളാവും. മറ്റേ കള്ളിയിൽ ഹൽവയും. ചിലപ്പോൾ നേന്ത്രപ്പഴമോ ഒരു പാക്കറ്റ് ബ്രെഡോ ഉണ്ടാവും. ഞങ്ങൾ ആറ് മക്കളാണ്, നാല് പെൺകുട്ടികളും രണ്ട് ആൺകുട്ടികളും. അച്ഛൻ വന്നപാടെ തോൾ സഞ്ചി തിരഞ്ഞ് അതിലുള്ളതെടുത്ത് ഞങ്ങൾ കുട്ടികൾ കഴിക്കും. ഇതിനായി കാത്തിരിക്കുകയാവും ഞങ്ങളെന്ന് അച്ഛന് നന്നായിട്ടറിയാം. ഇന്ന് വരും അച്ഛൻ.... കൊണ്ടുവരും നെയ്യലുവ എന്ന വരി അച്ഛൻ തന്നെ എഴുതിയിട്ടുണ്ട്.
1985ൽ ആകാശവാണിയിൽ നിന്ന് വിരമിച്ച ശേഷമാണ് പണി പാതിമാത്രം പൂർത്തിയായ അമേറ്റിക്കരയിലെ പുതിയ വീട്ടിൽ താമസം തുടങ്ങിയത്. വിരമിച്ചശേഷം അച്ഛൻ ആദ്യം ശ്രമിച്ചത് തന്റെ ആരാധ്യനായിരുന്ന അരബിന്ദോ മഹർഷിയുടെ 'സാവിത്രി" എന്ന കൃതി തർജ്ജമ ചെയ്യാനായിരുന്നു. എന്നാൽ 25 ശതമാനത്തോളം തർജ്ജമ ചെയ്ത് അച്ഛൻ വഴിമുട്ടിനിന്നു. അരബിന്ദോയെ പോലെ ഒരാൾക്കേ സാവിത്രി തർജ്ജമ ചെയ്യാനാവൂ എന്ന് പറഞ്ഞ് അച്ഛൻ അത് അവസാനിപ്പിച്ചു. പിന്നീടാണ് 17 വർഷമെടുത്ത് ഭാഗവതം തർജ്ജമ പൂർത്തിയാക്കിയത്. 1999ൽ മൂന്ന് വാല്യങ്ങളായി പുസ്തകം പുറത്തുവന്നു. പുസ്തകത്തിന് വലിയ സ്വീകാര്യതയാണ് ലഭിച്ചത്. പല ക്ഷേത്രങ്ങളിലും സപ്താഹഗ്രന്ഥമായി മാറി. തർജ്ജമ ചെയ്യുമ്പോൾ അച്ഛൻ അതൊന്നും വിചാരിച്ചിരുന്നില്ല. അച്ഛന്റെ ഒരു മാനസിക സംതൃപ്തിക്ക് വേണ്ടി ചെയ്തു എന്നേയുള്ളൂ. ആകാശവാണി കാലത്താണ് പ്രധാന കൃതികളെല്ലാം എഴുതിയത്. ഭാഗവതം തർജ്ജമയ്ക്ക് ശേഷം അച്ഛൻ കാര്യമായ കൃതികളൊന്നും ചെയ്തിട്ടില്ല, ചെറിയ കവിതകളൊക്കെ എഴുതിയിട്ടുണ്ടെന്നല്ലാതെ. ഒരു ഗുഹയ്ക്ക് അകത്തുകൂടെ കടന്നുപോന്ന അനുഭൂതിയിലായിരുന്നു അച്ഛൻ. ഭാഗവതം തർജ്ജമ ചെയ്തപ്പോൾ തന്റെ ശക്തിയാകെ ചോർന്നെന്നും ഇനിയൊന്നും ചെയ്യാനില്ലെന്ന ഭാവവുമായിരുന്നു അച്ഛന്.
കൃതികൾ കണ്ടെത്തിയത് വീട്ടിനുള്ളിൽ
ഞങ്ങളുടെ ജീവിതവും കുടുംബത്തിലെ ദാരിദ്ര്യവും കഷ്ടപ്പാടുകളും മാനസിക സംഘർഷങ്ങളും ഓരോ രൂപത്തിൽ അച്ഛന്റെ കൃതികളായി രൂപപ്പെട്ടു. ഉദാഹരണത്തിന് 'ധർമ്മസൂര്യൻ" എന്ന കവിതയുടെ അവസാന ഭാഗമുണ്ട്. മഹാത്മജി സൗത്ത് ആഫ്രിക്കയിൽ നിന്ന് മടങ്ങിവരുമ്പോൾ ഒരുപാട് സമ്മാനങ്ങൾ കിട്ടുന്നുണ്ട്. ഈ സമയത്ത് ഗാന്ധി കസ്തൂർബയോട് പറയുകയാണ്, ഈ സമ്മാനങ്ങൾ മുഴുവൻ ആഫ്രിക്കൻ വൻകരയിലെ ജനങ്ങൾക്ക് തന്നെ തിരിച്ചുകൊടുത്തിട്ട് ഒഴിഞ്ഞ കൈയോടെ വേണം ഇന്ത്യയിലേക്ക് പോവാനെന്ന്. എല്ലാം തിരിച്ചുകൊടുക്കാൻ കസ്തൂർബ തയ്യാറായി. അവസാനമുണ്ടായിരുന്നത് ഒരു ചെറിയ മണിമാല മാത്രം. കസ്തൂർബ ഗാന്ധിയോട് പറയുകയാണ്, അങ്ങ് എനിക്ക് കിട്ടിയ എല്ലാ സമ്മാനങ്ങളും തിരിച്ചുകൊടുക്കണമെന്ന് പറഞ്ഞില്ലേ, എന്നിട്ട് ഈ മണിമാല എനിക്ക് തന്നത് ഞാൻ അങ്ങയെ സംരക്ഷിച്ചത് കൊണ്ടല്ലേ, അപ്പോൾ ഇതിന് എനിക്കും അർഹതയില്ലേ എന്നൊരു ചോദ്യവുമുണ്ട്. ഈ ചോദ്യങ്ങളൊക്കെ ഒരുതരത്തിൽ അല്ലെങ്കിൽ മറ്റൊരു തരത്തിൽ ഞങ്ങളുടെ കുടുംബത്തിലെ സംസാരങ്ങളായിട്ടുണ്ട്. അങ്ങ് ഇത്ര വലിയ കവിതകളൊക്കെ എഴുതുന്നു, അങ്ങയെ ഞങ്ങളൊക്കെ പരിചരിച്ചത് കൊണ്ടല്ലേ ഇങ്ങനെയൊക്കെ ചെയ്യാൻ പറ്റുന്നത് എന്നൊരു ചോദ്യവും ഭാവവും അമ്മയ്ക്കുമുണ്ടായിരുന്നു. അമ്മ ഒരുപാട് കഷ്ടപ്പെട്ടിട്ടുണ്ട്. 'ബലിദർശന" മെന്ന പുസ്തകത്തിലൊക്ക അതുണ്ട്. സ്വന്തം ജീവിതത്തിലെ ഓരോ ചിത്രങ്ങളും അച്ഛന്റെ കവിതയിലേക്ക് വാർന്നുവീണിട്ടുണ്ട്.
'അടുത്തൂൺ" എന്നൊരു കവിതയുണ്ട്. തൃശൂർ ആകാശവാണിയിൽ നിന്ന് വിരമിച്ച ശേഷം വീട്ടിലെത്തിയ അച്ഛൻ വൈകിട്ട് സ്ഥിരമായി മുറ്റത്തിറങ്ങി പുല്ലും കളകളും പറിക്കുന്ന പതിവുണ്ടായിരുന്നു. ഒരുദിവസം അച്ഛന് മനസിലായി മുക്കുറ്റി പൂവിന് അഞ്ചും നിലപ്പനപ്പൂവിന് ആറും ഇതളാണെന്ന്. അതാണ് ആ കവിതയായി രൂപാന്തരപ്പെട്ടത്. ഈ ലോകം മുഴുവൻ കണ്ടു, അതിലെയെല്ലാം എനിക്ക് മനസിലായി, പക്ഷേ സ്വന്തം കാൽചുവട്ടിലെ മുക്കുറ്റി പൂവിനഞ്ച് ഇതളാണെന്ന് 59 വയസായിട്ടും മനസിലായില്ലല്ലോ എന്നതാണ് ആ കവിതയുടെ പ്രമേയം. 'പഴുക്ക പറഞ്ഞത് " എന്നൊരു കവിതയുണ്ട്. വൈകിട്ട് വീട്ടിലെ കവുങ്ങിന് വെള്ളം തിരിക്കാൻ കൈക്കോട്ടുമായി അച്ഛനിറങ്ങും. വീണ് കിടക്കുന്ന അടയ്ക്കയെടുത്ത് മടിക്കുത്തിലിടും. വെറ്റിലകൂട്ടി മുറുക്കുന്ന പതിവുണ്ടായിരുന്നു അച്ഛന്. ഈയൊരു സംഭവത്തിൽ നിന്നാണ് പഴുക്ക എന്നൊരു കവിത പിറന്നത്. പഴുക്ക കവിയോട് പറയുകയാണ്, മുറുക്കാൻ നിറുത്തരുത്, എന്റെ വംശം മുഴുവൻ ഇല്ലാണ്ടാവുമെന്ന്. ഇത്രയൊക്കെ പറഞ്ഞത്, സ്വന്തം ജീവിതത്തിലെ ചെറിയ ചെറിയ കാര്യങ്ങളിൽ ഫിലോസഫിയും കണ്ണീരും ഉപ്പും ഒക്കെ കലർത്തികൊണ്ടാണ് അച്ഛൻ കവിത എഴുതിയിട്ടുള്ളതെന്ന് പറയാനാണ്.
ഒന്നിലും നിർബന്ധമില്ല
അച്ഛന്റെയും അമ്മയുടെയും സ്വഭാവങ്ങളിൽ വലിയ വ്യത്യാസങ്ങളുണ്ടായിരുന്നു. പുസ്തകവും എഴുത്തും ലോക ചിന്തകളുമൊക്കെയായിട്ട് ഒരുതരത്തിൽ പറഞ്ഞാൽ സ്വപ്നാടനമെന്നോ അല്ലെങ്കിൽ മറ്റൊരു രീതിയുള്ള ചിന്തകളോ ഒക്കെയായിരുന്നു അച്ഛനുണ്ടായിരുന്നത്. കുടുംബ ജീവിതത്തിലെ ഒരു കാര്യത്തിലും അത്ര ശക്തമായി ഇടപെട്ടിരുന്നില്ല. കുടുംബ ഭരണത്തിൽ ശക്തമായ താങ്ങും തണലുമായത് അമ്മയായിരുന്നു. കുടുംബചുമതലകളുടെ ഭാഗം അമ്മയും മറുഭാഗം അച്ഛനും നോക്കും. അച്ഛൻ സാമ്പത്തിക കാര്യങ്ങളിലൊന്നും വലിയ ശ്രദ്ധയേകിയിരുന്നില്ല. പൈസ കിട്ടിയാൽ ശ്രീദേവി ഇതെടുത്ത് വെച്ചോളൂ എന്ന് പറഞ്ഞ് അമ്മയുടെ കൈയിൽ ഏൽപ്പിക്കും. വീട്ടിൽ നിന്ന് പോവുമ്പോൾ അമ്മയുടെ കൈയിൽ നിന്ന് ബസ് ചാർജിനായി അമ്പത് രൂപ വാങ്ങിക്കും. സാമ്പത്തികമായി ഉന്നതി വേണമെന്നോ മനോഹരമായ ഒരു വീട് ഉണ്ടാക്കണമെന്നോ അച്ഛൻ ആഗ്രഹിച്ചിരുന്നില്ല. മക്കളൊക്കെ പഠിച്ച് നന്നാവണമെന്ന് അച്ഛൻ അഗ്രഹിച്ചിരുന്നെങ്കിലും ഇപ്പോഴത്തെ അച്ഛനമ്മമാരെ പോലെ ഓരോ പരീക്ഷയ്ക്കും കിട്ടുന്ന മാർക്ക് നിരീക്ഷിക്കുകയൊന്നുമില്ല. ഞങ്ങളെ വളർത്തിയതല്ല, വളർന്നതാണ്. അമ്മ രണ്ടാം ക്ലാസ് വരെയാണ് പഠിച്ചിട്ടുള്ളത്. 15-ാം വയസിൽ വിവാഹം കഴിഞ്ഞ് കുമരനെല്ലൂർ അക്കിത്തത്ത് മനയിലെത്തിയ ശേഷം അച്ഛന്റെ ശിക്ഷണത്തിൽ വടക്കത്ത് പാറുകുട്ടിയമ്മ എന്നൊരു ഇംഗ്ലീഷ് ടീച്ചറുടെ കീഴിലായിരുന്നു പഠനം. അത്യാവശ്യം ഇംഗ്ലീഷും സാഹിത്യവുമൊക്കെ വായിച്ചാൽ മനസിലാവുന്ന രൂപത്തിലേക്ക് അമ്മയെ വളർത്തിയെടുക്കുകയാണ് അച്ഛൻ ചെയ്തത്.
ഒരിക്കൽപോലും മക്കളെ ശാസിച്ചിട്ടില്ല. എന്നാൽ ഇതിന് തുല്യമായിട്ട് ഉപദേശരൂപേണ കാര്യങ്ങൾ പറഞ്ഞുതരും. ഓരോ സാമൂഹ്യകാര്യങ്ങളെ കുറിച്ചും അഭിപ്രായം പറയും. ഇതുകേട്ടു വളരുന്ന ഞങ്ങളുടെ മനസിലും അഭിപ്രായം രൂപപ്പെടാൻ വഴിവെക്കും. ഏത് വിഷയം വന്നാലും അതിൽ ധർമ്മമെന്ത്, സത്യമെന്ത് എന്ന ചിന്തയാണ് അച്ഛനുണ്ടാവുക. ഈ പുസ്തകം വായിക്കണം, ഇന്നത് പഠിക്കണം എന്നൊരു കാഴ്ചപ്പാട് അച്ഛന് ഇല്ലായിരുന്നു. മക്കൾക്ക് അവരുടെ ബോദ്ധ്യത്തിലൂടെ, ദിശയിലൂടെ മുന്നോട്ടുപോവാനുള്ള എല്ലാ സ്വാതന്ത്ര്യവും അച്ഛൻ തന്നിരുന്നു.
കിടന്ന് കവിതയെഴുതുന്ന അച്ഛൻ
അച്ഛന്റെ ബെഡ് റൂമിന്റെ പടിഞ്ഞാറു വശത്ത് ഒരു വാതിലുണ്ട്. നല്ല നനുത്ത കാറ്റാണവിടെ. വാതിൽ തുറന്നിട്ട് ഇതിനടുത്ത് നിലത്തൊരു പായ വിരിച്ച് അതിലൊരു തലയണ വയ്ക്കും. ഈ തലയണയിൽ ഇടത്തേ കൈ കുത്തി കമഴ്ന്ന് കിടന്നാവും എഴുത്ത്. ചിലപ്പോൾ മണിക്കൂറുകളോളം നീളും. കിഴക്കോട്ട് തലയിണ വെച്ച് കിടന്നയാൾ എഴുത്തിന്റെ അനുഭൂതിയിൽ കുറച്ചുകഴിഞ്ഞാൽ കാണാം പടിഞ്ഞാറേക്ക് നീങ്ങിയത്. എഴുതാൻ തുടങ്ങിയാൽ രാത്രി കിടക്കാൻ ഒരുപാട് വൈകും, ഉണരാനും. രാത്രിയെത്ര സമയം വേണേലും ഇരുന്ന് എഴുതും. എന്നാൽ രാവിലെ വൈകിയാവും എണീക്കുക. ഒരു കാര്യം പറയാതിരിക്കാനാവില്ല, അച്ഛന് എത്ര കണ്ട് പ്രശസ്തി ഉണ്ടായിട്ടുണ്ടോ അതിലേറെ അച്ഛനെ അവഹേളിച്ചിട്ടുമുണ്ട് ചിലർ. പ്രശസ്തി വരുന്നതോ അവഹേളിക്കുന്നതോ അച്ഛനെ ബാധിച്ചിരുന്നില്ലെന്നത് ഞങ്ങൾക്ക് നല്ല ബോദ്ധ്യമുള്ള കാര്യമായിരുന്നു. അച്ഛൻ അതൊന്നും ശ്രദ്ധിക്കുക കൂടിയില്ലായിരുന്നു. അച്ഛനെ പറ്റി വരുന്ന ലേഖനങ്ങൾ പോലും എത്ര കണ്ടു വായിച്ചിരുന്നു എന്നത് സംശയമാണ്. അച്ഛന് അതിനെ കുറിച്ച് യാതൊരു ചിന്തയുമില്ലായിരുന്നു. അച്ഛന്റെ ഈ നിലപാട് എന്നെ ഏറെ സ്വാധീനിച്ചിട്ടുണ്ട്. അച്ഛനെതിരെ പല ആരോപണങ്ങളും പലരും ഉന്നയിച്ചു. സ്വന്തം മനഃസാക്ഷിയ്ക്ക് തോന്നിയത് മാത്രം ചെയ്യുകയെന്നതായിരുന്നു അച്ഛന്റെ രീതി. ഒരാൾക്കും നിയന്ത്രിക്കാനോ ചിട്ടവട്ടത്തിലൂടെ കൊണ്ടുനടത്താനോ കഴിയുന്ന ഒരാളേയല്ല. അതുകൊണ്ടാണല്ലോ ഒരുഘട്ടത്തിൽ പിന്തിരിപ്പനാണെന്നും അങ്ങനെ പല രീതിയിലുമുള്ള വാഗ്വാദങ്ങൾ അച്ഛനെ ചുറ്റിപ്പറ്റി നടന്നത്.
ഇതൊന്നും അച്ഛനെ ബാധിച്ചിരുന്നില്ലെന്നതാണ് സത്യം. തന്റെ ഏതെങ്കിലും പുസ്തകങ്ങൾ പ്രസിദ്ധീകരിക്കപ്പെടാതെയിരിക്കുമോ, അവാർഡ് കിട്ടാതിരിക്കുമോ എന്നൊന്നും അച്ഛൻ ചിന്തിച്ചിരുന്നില്ല. ആ നിമിഷം എന്താണോ തോന്നിയത് അത് പറയും. വിമർശനങ്ങളൊക്കെ നല്ലതാണെന്ന നിലപാടായിരുന്നു അച്ഛന്. ഒരു കവിത മോശമാണെന്ന് പറയണമെങ്കിൽ അത് വായിക്കണമല്ലോ, ആൾക്കാർ എന്റെ കവിത പരിഗണിക്കുന്നുണ്ടെന്നല്ലേ ഇതിൽ നിന്ന് മനസിലാക്കേണ്ടതെന്നായിരുന്നു അച്ഛന്റെ മറുപടി. ഒരു എഴുത്തുകാരൻ സ്വന്തം ഹൃദയത്തിലേക്കാണ് നോക്കേണ്ടതെന്നും അന്യരിലേക്ക് അല്ലെന്നുമായിരുന്നു അച്ഛൻ എന്നും പറഞ്ഞിരുന്നത്.
സ്വർഗം കിട്ടിയ അനുഭൂതി
എട്ടാം ക്ലാസിൽ പഠിക്കുമ്പോൾ ഞാൻ ചെറിയ കഥയെഴുതി. അത് സ്കൂൾ സുവനീറിൽ അച്ചടിച്ചുവന്നു. ഈ കഥ അച്ഛന്റെ അടുത്ത് കൊണ്ടുപോയി കൊടുത്തു. അന്ന് അച്ഛൻ തൃശൂർ ആകാശവാണിയിലായിരുന്നു. ഇത് ഇങ്ങനെ എഴുതിയാൽ ശരിയാവില്ലായെന്ന് പറഞ്ഞ് അച്ഛൻ ചില തിരുത്തലുകൾ വരുത്തി. അത് കൈയിൽ കിട്ടിയപ്പോൾ സ്വർഗത്തിൽ എത്തിയപോലെയായിരുന്നു, ശരിക്കും ഞെട്ടി. അച്ഛന്റെ കൈപ്പെരുമാറ്റത്തിന്റെ ഗുണം ആ സമയത്ത് തന്നെ എന്റെ മനസിൽ പതിഞ്ഞിട്ടുണ്ട്. നമ്മൾ വിചാരിക്കുന്ന ഒരുകാര്യം അച്ഛൻ വിപുലീകരിക്കുമ്പോൾ ഉണ്ടാവുന്ന സൗന്ദര്യമെന്താണെന്ന് കുട്ടിയായിരിക്കുമ്പോൾ തന്നെ അറിഞ്ഞിട്ടുണ്ട്.
60ൽ മരണം കാത്തിരുന്ന അക്കിത്തം
അച്ഛൻ ഒരു ജ്യോതിഷ വിശ്വാസിയാണ്. ജ്യേതിഷം അത്യാവശ്യം അറിയാം. അച്ഛൻ അറുപതാം വയസ്സിൽ മരിക്കുമെന്ന് ജ്യോതിഷി ടി.വി.ശൂലപാണി വാര്യർ എഴുതിയിട്ടുണ്ടായിരുന്നു. 58- 59 വയസ്സ് കാലയളവിൽ അച്ഛൻ എൻ.ബി.എസിന്റെ ഡയറക്ടർ ബോർഡിലുണ്ടായിരുന്നു. അധികം ആർക്കും അറിയാത്തൊരു കാര്യമുണ്ട്, അച്ഛൻ ഒരു സംസ്കൃത- മലയാളം നിഘണ്ടു എഡിറ്റ് ചെയ്തിട്ടുണ്ട്. എൻ.ബി.എസിന് വേണ്ടിയായിരുന്നു അത്. ഞാൻ സ്കൂളിൽ പഠിക്കുന്ന സമയത്താണത്. ഒരു ഈസി ചെയറിലിരുന്ന് അങ്ങനെ എഴുതുന്നത് കാണം. ഒരുദിവസം സ്കൂൾ കഴിഞ്ഞ് വീട്ടിലെത്തുമ്പോൾ അച്ഛൻ പറഞ്ഞു, അറുപത് വയസ്സ് വരെയേ അച്ഛൻ ഉണ്ടാവുകയുള്ളൂട്ടോയെന്ന്. അന്ന് അച്ഛന് 59 വയസ്സൊക്കെയാണ്. എനിക്ക് സങ്കടമായി, എന്താ അച്ഛാ അങ്ങനെ പറയുന്നതെന്ന് ചോദിച്ചു. 60 വയസുവരെയേ ജീവിക്കൂ എന്ന് ജാതകത്തിലുണ്ട്, നിങ്ങൾ നന്നായി വളരണമെന്നൊക്കെ പറഞ്ഞു.
അച്ഛന് ബോദ്ധ്യമുണ്ടായിരുന്നു
സി.രാധാകൃഷ്ണൻ എഡിറ്റ് ചെയ്ത നമ്മുടെ പ്രിയപ്പെട്ട അക്കിത്തം എന്നൊരു പുസ്തകമുണ്ട്. ഗുരുവായൂരിൽവെച്ച് ഷഷ്ഠിപൂർത്തി ആഘോഷത്തിനിടെ ഈ പുസ്തകം പ്രകാശനം ചെയ്തിരുന്നു. അതിനകത്ത് ശൂലപാണി വാര്യർ ഒരു ലേഖനമെഴുതിയിട്ടുണ്ട്. അക്കിത്തം 60 വയസിനെ മുറിച്ചുകടന്നൂ എന്ന്. അക്കിത്തത്തിന്റെ ശക്തമായ ദൈവിക ഉപാസനയാവാം കാരണമെന്നാണ് എഴുതിയത്. കുമാരനെഴുത്തച്ഛൻ എന്ന പ്രഗത്ഭനായ ജ്യോതിഷി തലക്കശ്ശേരിയിലുണ്ടായിരുന്നു. അദ്ദേഹം ഇടയ്ക്ക് വീട്ടിൽ വരും. അച്ഛന്റെ സുഹൃത്തായിരുന്നു. എന്താ അറുപത് വയസിൽ മരിക്കാതിരുന്നേ... എന്ന അച്ഛന്റെ ചോദ്യത്തിന് എന്നാൽ കവടിവെച്ചു നോക്കാമെന്ന മറുപടി പറഞ്ഞു. കവടി നിരത്തി കുമാരനെഴുത്തച്ഛൻ പറഞ്ഞു, അക്കിത്തം 95 വയസ് വരെ ജീവിക്കുമെന്ന്. അന്ന് അച്ഛന് 62 വയസാണ്. ഇനിയും മുപ്പത് വർഷമുണ്ടല്ലോയെന്ന സന്തോഷത്തിലായിരുന്നു ഞാൻ. അക്കിത്തത്തിന്റെ കവിത വലിയ തോതിൽ ശ്രദ്ധിക്കപ്പെടുന്നൊരു കാലം വരുമെന്നും കുമാരനെഴുത്തച്ഛൻ പറഞ്ഞു. ഈസമയം തൊട്ടപ്പുറത്ത് ഇരിക്കുകയായിരുന്ന അമ്മ ചോദിച്ചു, ഞാൻ എത്രകാലം ഉണ്ടാവുമെന്ന്. ജ്യേതിഷി കവടി നിരത്തി പറഞ്ഞു, 84 വയസ് വരെയെന്ന്. 85-ാം പിറന്നാളിന്റെ രണ്ടാഴ്ച മുമ്പാണ് അമ്മ മരിച്ചത്. 84 വയസായ ശേഷം ഓരോ ദിവസവും അടുത്ത നിമിഷം താൻ മരണത്തെ കാത്തിരിക്കുന്ന പോലെയായിരുന്നു അമ്മയുടെ പെരുമാറ്റം. ഇതേയൊരു അന്തരീക്ഷം അച്ഛനുമുണ്ടായിരുന്നു. അച്ഛൻ 94ന്റെയും 95ന്റെയും ഇടയിൽ മരിക്കുമെന്നായിരുന്നല്ലോ ജ്യോതിഷി പറഞ്ഞിരുന്നത്. മരിക്കുന്നതിന് തൊട്ടുമുമ്പ് ഇടയ്ക്കിടയ്ക്ക് ആശുപത്രിയിൽ തന്നെയായിരുന്നു. ആശുപത്രിയിൽ പോവുന്ന സമയത്ത് അച്ഛൻ പറയും, ഈ ആശുപത്രി പോക്കിനിടയിൽ എപ്പോഴെങ്കിലും ഞാൻ മരിച്ചുപോവുമെന്ന്. മരണം അടുത്തുവരുന്നെന്ന് അച്ഛന് ബോദ്ധ്യമായിരുന്നു. കഴിഞ്ഞ രണ്ട് വർഷത്തിനിടയിൽ നാലോ, അഞ്ചോ തവണ മരണത്തിന്റെ വക്കിൽ ചെന്നിട്ട് തിരിച്ചുവന്നിട്ടുണ്ട്. അപ്പോഴും അച്ഛൻ പറയുമായിരുന്നു 94ന്റെയും 95ന്റെയും ഇടയ്ക്കാവും മരിച്ചുപോവുകയെന്ന്. 95 വയസാവാൻ അഞ്ച് മാസം മാത്രം ശേഷിക്കെയാണ് അച്ഛന്റെ വിടവാങ്ങൽ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |