കോഴിക്കോട്: തന്റെ വീട് പൊളിക്കൽ അസാദ്ധ്യമായ കാര്യമാണെന്ന് കെ.എം ഷാജി എം.എൽ.എ. നിയമവിരുദ്ധമായ നിർമ്മാണമൊന്നും വീട്ടിൽ നടന്നിട്ടില്ല. വീട് നിർമ്മിക്കുമ്പോൾ ബഫർസോണായിരുന്നു. എന്നാൽ ഇപ്പോൾ അങ്ങനെയല്ല. വീടിന് പെർമിറ്റെടുത്താൽ ഒൻപത് വർഷം വരെ അതിന് കാലയളവുണ്ട്. 2012ലാണ് ഈ വീട് നിർമ്മിച്ചതെന്നും വീട് പൊളിക്കാനുളള നോട്ടീസ് തനിക്ക് ലഭിച്ചിട്ടില്ലെന്നും കെ.എം ഷാജി മാദ്ധ്യമങ്ങളോട് പ്രതികരിച്ചു.താൻ ജനിച്ചത് പതിനായിരം സ്‌ക്വയർഫീറ്റുളള വീട്ടിലാണ്. സാമ്പത്തികമായി ഉയർന്ന കുടുംബമാണ്. പിണറായി വിജയനും ഇ.പി ജയരാജനും വീട് വച്ച രീതിയിൽ തന്റെ വീടിനെ കാണേണ്ടെന്നും ഷാജി പറഞ്ഞു.
അഴീക്കോട് മണ്ഡലത്തിൽ സ്‌കൂളിന് പ്ളസ്‌ടു അനുവദിക്കാൻ 25 ലക്ഷം രൂപ കൈപ്പറ്റി എന്ന ആരോപണത്തിൽ കഴിഞ്ഞ ദിവസമാണ് കോർപറേഷൻ അധികൃതർ ഇ.ഡിയുടെ നിർദ്ദേശപ്രകാരം വീട് അളന്നത്. കണ്ണൂർ ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്റായ പദ്‌മനാഭനാണ് വിജിലൻസിൽ പരാതിപ്പെട്ടത്. തുടർന്ന് സാമ്പത്തിക സ്രോതസ് അറിയാൻ ഇ.ഡി അന്വേഷണം തുടങ്ങി.കേസിൽ കളളപ്പണം വെളുപ്പിക്കൽ ആക്‌ട് പ്രകാരമുളള നടപടികളിലേക്ക് എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് കടന്നിരുന്നു.
വീടിന് എത്ര മതിപ്പ് വിലവരുമെന്ന് പരിശോധിക്കാൻ ആവശ്യപ്പെട്ടതിനെ തുടർന്ന് കോർപറേഷൻ എക്‌സിക്യൂട്ടീവ് എഞ്ചിനീയർ രമേശ് കുമാറിന്റെ നേതൃത്വത്തിൽ മാലൂർകുന്നിന് സമീപമുളള വീട് അളന്നു.3200 സ്‌ക്വയർഫീറ്റിൽ വീട് നിർമ്മിക്കാൻ അനുമതി വാങ്ങിയെങ്കിലും വീട് 5500 ചതുരശ്ര അടിയോളം സ്ഥലത്താണെന്ന് അളവെടുപ്പിൽ കണ്ടെത്തി. 2016ൽ പൂർത്തിയാക്കിയ പ്ലാൻ നൽകിയിരുന്നെങ്കിലും അനുമതിയില്ലാതെ നടത്തിയ നിർമ്മാണം ക്രമവത്കരിക്കാൻ കോർപ്പറേഷൻ നൽകിയ നോട്ടീസിന് മറുപടി നൽകാത്തതിനാൽ വീടിന് നമ്പർ ലഭിച്ചിട്ടില്ല. വീടിന്റെ മൂന്നാം നിലയിലായിരുന്നു പുതിയ നിർമ്മാണം. കെട്ടിടനിർമ്മാണ ചട്ടം ലംഘിച്ചെന്ന് കാട്ടി വീട് പൊളിക്കാൻ കോർപറേഷൻ അധികൃതർ നോട്ടീസ് നൽകിയിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |