തിരുവനന്തപുരം: കൊവിഡ് രോഗികളുടെ എണ്ണം പതിനായിരം കടന്ന സാഹചര്യത്തിൽ പൂജവയ്‌പ്പ്, വിദ്യാരംഭം ദിനങ്ങൾ ആൾക്കൂട്ട ആഘോഷങ്ങൾ ഒഴിവാക്കി എല്ലാവരും ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ ശൈലജ. ഒരുമിച്ചുളള ആൾക്കൂട്ടങ്ങൾ കൊവിഡ് വ്യാപിക്കാനുളള സാദ്ധ്യത കൂടുതലാണ്. അതിനാൽ തന്നെ ഈ പൂജാനാളുകളിൽ ഏറെ ജാഗ്രത വേണം. ആരിൽ നിന്നും ആരിലേക്കും രോഗം പകരാവുന്ന അവസ്ഥയാണുളളതെന്നും മന്ത്രി വ്യക്തമാക്കി.
കുട്ടികൾക്കും പ്രായമായവർക്കും കൊവിഡ് ബാധിച്ചാൽ പെട്ടെന്ന് ഗുരുതരാവസ്ഥയിലെത്തിക്കുമെന്നാണ് അനുഭവം. അതിനാൽ തന്നെ വിദ്യാരംഭം വീടുകളിൽ തന്നെ നടത്തുന്നതാണ് ഉചിതം. ആരോഗ്യ വകുപ്പ് പുറത്തിറക്കിയ നവരാത്രി ഉത്സവ മാർഗ നിർദേശങ്ങൾ എല്ലാവരും കർശനമായി പാലിക്കേണ്ടതാണെന്നും. മന്ത്രി വ്യക്തമാക്കി.
വിദ്യാരംഭവും ബൊമ്മഗൊലുവുമായും ബന്ധപ്പെട്ടുളള ചടങ്ങുകൾ വീടുകളിലോ രണ്ടോ മൂന്നോ അടുത്ത കുടുംബങ്ങൾ ചേർന്നുള്ള സുരക്ഷിതമായ ക്ലസ്റ്ററുകളിലോ മാത്രമേ നടത്താൻ പാടുള്ളൂ. കണ്ടെയ്ൻമെന്റ് സോണുകളിൽ വീടുകൾക്ക് പുറത്ത് ഒരു ചടങ്ങും സംഘടിപ്പിക്കരുത്. 65 വയസിന് മുകളിലുളളവർ, മറ്റ് രോഗമുളളവർ, ഗർഭിണികൾ,പത്ത് വയസിന് താഴെയുളള കുട്ടികൾ എന്നിവർ വീട്ടിൽ തന്നെ കഴിയേണ്ടതാണ്.
വ്യക്തികൾ എല്ലാവരും ആറടി ശാരീരിക അകലം പാലിക്കണം. എല്ലാവരും നിർബന്ധമായും മാസ്‌കുകൾ ധരിക്കണം. ഏതെങ്കിലും പ്രതലത്തിലോ ഉപകരണങ്ങളിലോ തൊട്ടാൽ ഉടനെ സോപ്പ് അല്ലെങ്കിൽ സാനിറ്റൈസർ ഉപയോഗിച്ച് കൈ കഴുകേണ്ടതാണ്. അതിനുളള സൗകര്യങ്ങൾ ഒരുക്കേണ്ടതാണ്. സ്‌പർശിക്കാൻ സാദ്ധ്യതയുളള എല്ലാ സ്ഥലങ്ങളും ഒരു ശതമാനം സോഡിയം ഹൈപ്പോക്ലോറൈറ്റ് ലായനി ഉപയോഗിച്ച് തുടർച്ചയായി അണുവിമുക്തമാക്കണം.
വിദ്യാരംഭ സമയത്ത് നാവിൽ സ്വർണം കൊണ്ടെഴുതുന്നെങ്കിൽ അത് അണുവിമുക്തമാക്കിയിരിക്കണം. ആ സ്വർണം വീണ്ടും അടുത്ത കുട്ടിയ്ക്ക് ഉപയോഗിക്കരുത്. കൊറോണ വൈറസ് പെട്ടെന്ന് ബാധിക്കുന്നത് വായിലൂടെയും മൂക്കിലൂടെയുമാണെന്ന് ഓർക്കണം. അതിനാൽ ഓരോ കുട്ടിയേയും എഴുത്തിനിരുത്തുന്നതിന് മുമ്പും ശേഷവും എഴുത്തിനിരുത്തുന്നയാൾ കൈകൾ സോപ്പ് ഉപയോഗിച്ച് ഫലപ്രദമായി കഴുകേണ്ടതാണ്. ചെറുതാണെങ്കിലും രോഗലക്ഷണമുളള ഒരാളും കുട്ടികളെ എഴുത്തിനിരുത്തരുത്. മധുര പലഹാരം, ഭക്ഷണം എന്നിവ കഴിക്കുമ്പോൾ ഒത്തുകൂടാതെ നിശ്ചിത അകലം പാലിക്കണം. ചടങ്ങുകളിൽ പങ്കെടുക്കുന്ന എല്ലാവരുടേയും പേരും ഫോൺ നമ്പരും എഴുതി സൂക്ഷിക്കേണ്ടതാണ്.
പനി, തൊണ്ടവേദന, ജലദോഷം, മൂക്കൊലിപ്പ്, ചുമ, മണമില്ലായ്‌മ, രുചിയില്ലായ്‌മ, ക്ഷീണം എന്നീ രോഗ ലക്ഷങ്ങൾ ഉളളവർ ഒരു കാരണവശാലും ചടങ്ങളുകളിൽ പങ്കെടുക്കരുത്. അത്തരം രോഗലക്ഷണങ്ങളുളള കുട്ടികളുണ്ടെങ്കിൽ അവരെ വീട്ടിൽ മാത്രം എഴുത്തിനിരുത്തുക. രോഗ ലക്ഷണങ്ങൾ ഉളളവർക്കോ മറ്റ് സംശയങ്ങൾക്കോ ദിശ 1056ൽ വിളിക്കാവുന്നതാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |