തിരുവനന്തപുരം: കൊവിഡ് രോഗവ്യാപനം രൂക്ഷമായതിനാൽ മഹാനവമി, വിജയദശമി ചടങ്ങുകളിൽ ജാഗ്രത വേണമെന്ന് ആരോഗ്യവകുപ്പിന്റെ മുന്നറിയിപ്പ്. പൂജവയ്‌പിനും വിദ്യാരംഭത്തിനും ആൾക്കൂട്ടമോ ആഘോഷങ്ങളോ പാടില്ല. വിദ്യാരംഭവും ബൊമ്മക്കൊലുവുമായി ബന്ധപ്പെട്ട ചടങ്ങുകളും വീടുകളിലോ രണ്ടോ മൂന്നോ അടുത്ത കുടുംബങ്ങൾ ചേർന്നുള്ള സുരക്ഷിതമായ ക്ലസ്റ്ററുകളിലോ മാത്രമേ നടത്താവൂ.
കണ്ടെയിൻമെന്റ് സോണുകളിലുള്ള വീടുകൾക്ക് പുറത്ത് ചടങ്ങ് സംഘടിപ്പിക്കരുത്. 65 വയസിന് മുകളിലുള്ളവർ, മറ്റ് രോഗമുള്ളവർ, ഗർഭിണികൾ, 10 വയസിന് താഴെയുള്ള കുട്ടികൾ എന്നിവർ വീടുകളിൽ കഴിയണം. പനി, തൊണ്ടവേദന, ജലദോഷം, മൂക്കൊലിപ്പ്, ചുമ, മണമില്ലായ്മ, രുചിയില്ലായ്മ, ക്ഷീണം എന്നീ രോഗലക്ഷണങ്ങളുള്ളവർ ചടങ്ങളുകളിൽ പങ്കെടുക്കരുത്. രോഗലക്ഷണങ്ങളുള്ള കുട്ടികളുണ്ടെങ്കിൽ വീട്ടിൽ മാത്രം എഴുത്തിനിരുത്തണം. രോഗലക്ഷണമുള്ളവർക്കും മറ്റ് സംശയങ്ങൾക്കും ദിശ നമ്പരിൽ (1056) വിളിക്കാമെന്നും ആരോഗ്യവകുപ്പ് നിർദ്ദേശിക്കുന്നു.
വിദ്യാരംഭ ചടങ്ങിൽ ശ്രദ്ധിക്കാൻ
വ്യക്തികൾ തമ്മിൽ ആറ് അടി അകലം പാലിക്കണം
എല്ലാവരും നിർബന്ധമായും മാസ്‌ക്ക് ധരിക്കണം.
കൈകളിൽ ഇടയ്‌ക്കിടെ സാനിറ്റൈസർ പുരട്ടുന്നതിന് സൗകര്യമൊരുക്കണം.
എല്ലാവരും സ്‌പർശിക്കുന്ന സ്ഥലങ്ങൾ സോഡിയം ഹൈപ്പോക്ലോറൈറ്റ് ലായനി ഉപയോഗിച്ച് അണുവിമുക്തമാക്കണം.
വിദ്യാരംഭ സമയത്ത് നാവിൽ സ്വർണം കൊണ്ടെഴുതുന്നെങ്കിൽ അത് അണുവിമുക്തമാക്കണം.
വൈറസ് വായിലൂടെയും മൂക്കിലൂടെയും പകരുമെന്നതിനാൽ സ്വർണം വീണ്ടും അടുത്ത കുട്ടിയ്ക്ക് ഉപയോഗിക്കരുത്.
എഴുത്തിനിരുത്തുന്നയാൾ ഓരോ കുഞ്ഞിനെയും എഴുതിച്ചശേഷം കൈ കഴുകണം.
മധുരപലഹാരം, ഭക്ഷണം എന്നിവ കഴിക്കുമ്പോൾ അകലം പാലിക്കണം.
ചടങ്ങുകളിൽ പങ്കെടുക്കുന്നവരുടെ പേരും ഫോൺ നമ്പരും എഴുതി സൂക്ഷിക്കണം.
'ഒത്തുകൂടലുകളിൽ പ്രത്യേക ശ്രദ്ധ ആവശ്യമാണ്. ആരോഗ്യ വകുപ്പ് പുറത്തിറക്കിയ നവരാത്രി ഉത്സവ മാർഗ നിർദേശങ്ങൾ എല്ലാവരും കർശനമായി പാലിക്കണം".
- കെ.കെ. ശൈലജ, ആരോഗ്യമന്ത്രി
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |