പത്തനംതിട്ട: ആളില്ലാത്ത സ്ഥലങ്ങളിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ കൂട്ടണമെന്ന് കോൺഗ്രസ് പ്രവർത്തക സമിതി അംഗം രമേശ് ചെന്നിത്തല
പറഞ്ഞു. യൂത്ത് കോൺഗ്രസിനെ വിമർശിച്ചുള്ള കെ.പി.സി.സി രാഷ്ട്രീയകാര്യ സമിതിയംഗം പ്രൊഫ. പി.ജെ. കുര്യന്റെ പ്രസ്താവനയെ പിന്തുണച്ചായിരുന്നു ചെന്നിത്തലയുടെ പ്രതികരണം. സംഘടനയുടെ പ്രവർത്തനം യൂത്ത് കോൺഗ്രസ് ശക്തിപ്പെടുത്തണം. കുര്യന്റെ പ്രസ്താവന സദുദ്ദേശ്യത്തോടെയാണ്. പാർട്ടി യോഗത്തിലാണ് കാര്യങ്ങൾ പറഞ്ഞതെന്നും ചെന്നിത്തല പറഞ്ഞു.
യൂത്ത് കോൺഗ്രസിന് കമ്മിറ്റികളില്ലെന്ന് കുര്യൻ
യൂത്ത് കോൺഗ്രസിനെക്കുറിച്ച് പറഞ്ഞതിൽ ഉറച്ചുനിൽക്കുകയാണെന്ന് പി.ജെ. കുര്യൻ മാദ്ധ്യമങ്ങളോട് പറഞ്ഞു. ബഹുഭൂരിപക്ഷം സ്ഥലങ്ങളിലും യൂത്ത് കോൺഗ്രസ് കമ്മിറ്റികളില്ല. സമരം കണ്ടല്ല, തിരഞ്ഞെടുപ്പ് കണ്ടാണ് ഇതുപറഞ്ഞത്. സി.പി.എമ്മിന്റെ ഗുണ്ടായിസം നേരിടണമെങ്കിൽ കോൺഗ്രസിനും ചെറുപ്പക്കാർ വേണം. യുവാക്കൾ പഞ്ചായത്തുതലങ്ങളിലും പ്രവർത്തിക്കണം. പാർട്ടിക്കുവേണ്ടി താൻ പറഞ്ഞ കാര്യങ്ങളിൽ എവിടെയാണ് ദോഷം. നിലമ്പൂരിൽ വീടുകളിൽപ്പോയ ചാണ്ടി ഉമ്മൻ മാതൃകയാണെന്നും കുര്യൻ പറഞ്ഞു.
'ഇന്നോവ കാറിൽ ഗ്ളാസിട്ടു
പോയാൽ സമരം കാണില്ല"
പി.ജെ. കുര്യന് കെ.എസ്.യുവിന്റെ കത്ത്
തിരുവനന്തപുരം: ഇന്നോവ കാറിൽ ഗ്ളാസിട്ട് പോയാൽ തങ്ങളുടെ സമരം കാണാനാകില്ലെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് പി.ജെ. കുര്യന് കെ.എസ്.യുവിന്റെ കത്ത്. യൂത്ത് കോൺഗ്രസിനെതിരെ പരസ്യ വിമർശനം നടത്തിയതിന് പിന്നാലെയാണ് കുര്യന് ഫേസ്ബുക്കിലൂടെ കെ.എസ്.യു സംസ്ഥാന വൈസ് പ്രസിഡന്റ് അരുൺ രാജേന്ദ്രൻ കത്തെഴുതിയത്.
മന്ത്രി ആർ. ബിന്ദുവിന്റെ ഔദ്യോഗിക വസതിയിലേക്ക് കെ.എസ്.യു നടത്തുന്ന മാർച്ചിൽ കുര്യനെ ക്ഷണിച്ചാണ് കത്തെഴുതിയത്. 'നാളെ സാറ് വരണം, സാറ് കാണണം, സാറ് കേൾക്കണം, സാറ് എന്നിട്ട് വീണ്ടുമൊരു പ്രതികരണം നടത്തണം. അല്ലാതെ ഇന്നോവ കാറിൽ ഗ്ളാസിട്ട് പോയാൽ ചിലപ്പോൾ ഞങ്ങളുടെ സമരങ്ങളെ സാറിന് കാണാൻ പറ്റിയെന്നു വരില്ല. സാറിന് കേൾക്കാൻ പറ്റിയെന്ന് വരില്ല. സാർ നാളെ കുറഞ്ഞ പക്ഷം എ.സി റൂമിലിരുന്ന് വാർത്ത കാണുമ്പോൾ കണ്ണട ഒന്നു തുടച്ചുവച്ചിട്ടെങ്കിലും കാണണം. എന്നാലേ കെ.എസ്.യുവിന്റെ സമരമാണെന്ന് ഒരു പക്ഷേ മനസിലാവൂ"- എന്നിങ്ങനെയാണ് കത്തിലെ വാചകങ്ങൾ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |