തിരുവനന്തപുരം: കൊവിഡ് മഹാമാരി കാരണം പ്രതിസന്ധിയിലായ കെ.എസ്.ആർ.ടി.സി കൂടുതൽ യാത്രക്കാരെ ആകർഷിക്കാനായി ടിക്കറ്റ് നിരക്ക് കുറയ്‌ക്കുന്നു. ടിക്കറ്റ് ചാർജ് കൂടുതലായതിനാൽ കെ.എസ്.ആർ.ടി.സിയിൽ യാത്രക്കാർ കുറയുന്നതാണ് ടിക്കറ്റ് നിരക്ക് കുറയ്‌ക്കാൻ കാരണമെന്നാണ് വിവരം. സൂപ്പർ ഫാസ‌്റ്റ് മുതൽ മുകളിലേക്കുളള സർവീസുകളിൽ ചൊവ്വ, ബുധൻ, വ്യാഴം ദിവസങ്ങളിൽ പഴയ ടിക്കറ്റ് നിരക്ക് തന്നെ യാത്രക്കാരിൽ നിന്ന് ഈടാക്കാനാണ് തീരുമാനം. ഇതിന് കെ.എസ്.ആർ.ടി.സി ഡയറക്‌ടർ ബോർഡ് അംഗീകാരം നൽകി.
യാത്രക്കാർ കൂടുന്ന പക്ഷം ഫാസ്റ്റ് ഉൾപ്പടെയുളള മറ്റ് സർവീസുകൾക്ക് പഴയ നിരക്കു തന്നെ ഏർപ്പെടുത്താനും തീരുമാനമെടുത്തിട്ടുണ്ട്.
ഫാസ്റ്റും അതിനുമുകളിലേക്കുളള സർവീസുകളും ഒഴികെയുളളവയ്ക്ക് എട്ട് രൂപ മിനിമം നിരക്കിനുള്ള യാത്ര 5 കിലോമീറ്ററിൽ നിന്നും രണ്ടര കിലോമീറ്ററായി ചുരുക്കിയിരുന്നു. 5 കിലോമീറ്റർ യാത്രയ്ക്ക് 10 രൂപയായിരുന്നു ഈടാക്കിയിരുന്നത്. ഇത് യാത്രക്കാരുടെ എണ്ണം കുറയാൻ കാരണമാക്കിയിട്ടുണ്ടെന്നാണ് കെ.എസ്.ആർ.ടി.സിയടെ നിഗമനം.
ആവശ്യത്തിന് ദീർഘദൂര ബസുകൾ സംസ്ഥാനത്തുടനീളം സർവീസ് നടത്തുന്നുണ്ടെങ്കിലും കൊവിഡ് മൂലം യാത്രക്കാരുടെ എണ്ണത്തിൽ വലിയ കുറവുണ്ടാകുന്നുണ്ട്. ചൊവ്വ, ബുധൻ,വ്യാഴം ദിവസങ്ങളിൽ പകുതി യാത്രക്കാരെപ്പോലും കിട്ടുന്നില്ലെന്നും റിപ്പോർട്ടുകളുണ്ട്.
കൊവിഡ് മഹാമാരിയെ തുടർന്ന് സൂപ്പർ ക്ലാസ് ബസുകളിൽ മിനിമം നിരക്കിലും കിലോമീറ്റർ നിരക്കിലും 25 മുതൽ 30 ശതമാനം വരെ വർദ്ധനവുണ്ടായിരുന്നു.
സൂപ്പർ എയർ എക്‌സ്‌പ്രസ്, സ്‌കാനിയ, എ.സി ഹൈ ടെക്ക്, സൂപ്പർ ഡീലക്‌സ്, വോൾവോ, ലോ ഫ്‌ളോർ ബസുകളുടെ നിരക്കാണ് വർദ്ധിപ്പിച്ചത്. നിരക്കിലെ പുതിയ മാറ്റങ്ങൾ കൂടുതൽ യാത്രക്കാരെ ആകർഷിക്കാനുളള ഒരു പരീക്ഷണമാണെന്ന് കെ.എസ്.ആർ.ടി.സി എം.ഡി ബിജു പ്രഭാകർ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |