ന്യൂഡൽഹി: രാജ്യത്തിന്റെ ഒരിഞ്ച് പോലും സ്വന്തമാക്കാൻ ഇന്ത്യൻ സൈന്യം ആരെയും അനുവദിക്കില്ലെന്ന് പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ്. നവരാത്രി ഉത്സവത്തിന്റെ ഭാഗമായുള്ള 'ശസ്ത്ര പൂജ' (ആയുധ പൂജ) സിക്കിമിലെ ഷെറാതങ്ങിൽ ആചരിക്കുകയായിരുന്നു അദ്ദേഹം.
'ചൈനയുമായുള്ള അതിർത്തി സംഘർഷം അവസാനിപ്പിക്കാനും സമാധാനം പുനഃസ്ഥാപിക്കാനും ഇന്ത്യ ആഗ്രഹിക്കുന്നു. ഇതാണ് ഞങ്ങളുടെ ലക്ഷ്യം. പക്ഷേ ചില സമയങ്ങളിൽ ചില അനിഷ്ട സംഭവങ്ങൾ സംഭവിക്കുന്നു.' - അദ്ദേഹം പറഞ്ഞു.
കിഴക്കൻ ലഡാക്കിൽ ചൈനയുമായി മാസങ്ങളായുള്ള സംഘർഷത്തിന് അയവില്ലാത്ത പശ്ചാത്തലത്തിൽ, യഥാർത്ഥ നിയന്ത്രണ രേഖയിൽനിന്ന് (എൽ.എ.സി) രണ്ട് കിലോമീറ്റർ മാത്രം അകലെയുള്ള കേന്ദ്രത്തിലാണ് പൂജ നടന്നത്.
സൈനികർക്കൊപ്പം പ്രതിരോധ മന്ത്രി ദസറ ആഘോഷിക്കുന്നത് സേനയ്ക്ക് വലിയ ആത്മവിശ്വാസം നൽകും. ചൈനയ്ക്കുള്ള മുന്നറിയിപ്പ് കൂടിയാണിതെന്നും സൈനികവൃത്തങ്ങൾ ചൂണ്ടിക്കാട്ടി.
രണ്ടു ദിവസത്തെ സന്ദർശനത്തിനായി ശനിയാഴ്ച ഉച്ചതിരിഞ്ഞാണ് രാജ്‌നാഥ് ത്രിശക്തി കോർപ്‌സ് എന്നറിയിപ്പെടുന്ന 33 കോർപ്‌സിന്റെ ആസ്ഥാനത്തെത്തിയത്. അതിർത്തിയിൽ ബോർഡർ റോഡ്‌സ് ഓർഗനൈസേഷൻ നിർമ്മിച്ച റോഡുകളും അദ്ദേഹം ഉദ്ഘാടനം ചെയ്യും.
ചൈനയ്‌ക്കെതിരെ ഇന്ത്യൻ സൈന്യം നടത്തിയ തയാറെടുപ്പുകളും രാജ്നാഥ് വിലയിരുത്തി.
കഴിഞ്ഞവർഷം ഫ്രാൻസിലായിരുന്നു രാജ്‌നാഥ് സിംഗ് ആയുധ പൂജ നിർവഹിച്ചത്. റഫേൽ യുദ്ധവിമാനങ്ങളിൽ ആദ്യത്തേത് ബോർദോ മെരിഗ്‌നാക് വിമാനത്താവളത്തിലെ ചടങ്ങിൽ ദസോ ഏവിയേഷനിൽനിന്ന് ഏറ്റുവാങ്ങുന്നതിനു മുന്നോടിയായായിരുന്നു പൂജ.
ചൈനയ്‌ക്കെതിരെ ഡോവൽ
ഭീഷണി ഉയർന്നുവരുന്നിടത്ത് ഇന്ത്യ പോരാടുമെന്ന് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ പറഞ്ഞു. സന്യാസിമാരുടെ ഒരു പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
'നമ്മൾ ഒരിക്കലും ആക്രമണം നടത്തിയിട്ടില്ലെന്ന് നിങ്ങൾ പറഞ്ഞു. എന്നാൽ എവിടെ നിന്നെങ്കിലും ആക്രണമുണ്ടായാൽ നമ്മൾ തിരിച്ചടിക്കണം. രാജ്യത്തെ സംരക്ഷിക്കാൻ അത് അത്യാവശ്യമാണ്. നമ്മുടെ മണ്ണിലും വിദേശ മണ്ണിലും ഇന്ത്യ പോരാടും. പക്ഷേ, അത് നമ്മുടെ വ്യക്തിപരമായ താത്പര്യങ്ങൾക്ക് വേണ്ടിയായിരിക്കില്ല.''- ഡോവൽ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |