കാസർകോട്: കൊല്ലൂർ മൂകാംബിക ദേവീ ക്ഷേത്രത്തിൽ നവരാത്രി ആഘോഷത്തോടനുബന്ധിച്ചു നടത്തിയ രഥോത്സവത്തിന് കൊവിഡ് നിയന്ത്രണത്തിലും ഭക്തജനങ്ങളുടെ വൻതിരക്ക്. രഥോത്സവത്തിൽ സംബന്ധിക്കാൻ നാനാഭാഗങ്ങളിൽ നിന്നും ഭക്തർ അമ്മയുടെ സന്നിധിയിൽ എത്തിയിരുന്നു.
നിയന്ത്രണങ്ങൾ പാലിക്കുന്നതിനായി ക്ഷേത്രസന്നിധിയിൽ തിങ്ങിനിറഞ്ഞ ഭക്തരെ മതിൽക്കെട്ടിന് പുറത്തേക്ക് മാറ്റിയ ശേഷമാണ് ചടങ്ങുകൾ ആരംഭിച്ചത്. ആചാരക്കാർ, പൂജാരിമാർ, രഥം വലിക്കുന്നവർ തുടങ്ങി മുന്നൂറോളം പേരെ മാത്രമാണ് അകത്ത് നിറുത്തിയത്. വാദ്യമേളങ്ങളുടെയും ദേവീമന്ത്ര ജപങ്ങളുടെയും അകമ്പടിയോടെ ഭക്തിയുടെ നിറവിൽ ക്ഷേത്രത്തിലെ പ്രധാന തന്ത്രി രാമചന്ദ്ര അഡിഗയുടെ മുഖ്യകാർമ്മികത്വത്തിലാണ് രഥോത്സവ ചടങ്ങുകൾ പൂർത്തിയായത്. ക്ഷേത്രത്തിന്റെ കിഴക്കേ നടയിൽ നിന്ന് സൗപർണികാതീരത്തെ ആറാട്ട് മണ്ഡപം വരെയുള്ള പുറത്തെ ചടങ്ങുകൾ കൊവിഡ് കാരണം ദേവിയെ മാത്രം എഴുന്നെള്ളിച്ചു പൂജ നടത്തി. രാത്രി 11 മണിയോടെ സമാപനത്തിന് തൊട്ടുമുമ്പ് രഥത്തിൽ നിന്നും നാണയവർഷം ഉണ്ടായി. രഥത്തിൽ നിന്നു വലിച്ചെറിഞ്ഞ നാണയങ്ങളും വെള്ളിനാണയങ്ങളും ഏറ്റുവാങ്ങാൻ ഭക്തർ തിക്കിത്തിരക്കി.
കേരളത്തിൽ നിന്നും ധാരാളം ഭക്തർ രഥോത്സവം കാണാൻ ഈ വർഷവും എത്തിയിരുന്നു. ഇന്നലെ വൈകിട്ട് ലളിതമായ ചടങ്ങുകളോടെ ദേവിയുടെ ആറാട്ട് മഹോത്സവം നടന്നു. വിജയദശമി നാളായ ഇന്ന് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് എഴുത്തിനിരുത്തൽ ചടങ്ങും നടത്തും.
'കൊവിഡ് നിർദ്ദേശങ്ങൾ പാലിച്ചുകൊണ്ടാണ് ക്ഷേത്രത്തിൽ നവരാത്രി ആഘോഷം നടത്തുന്നത്. സെപ്തംബർ മുതലാണ് ഭക്തർക്ക് അകത്തുകയറിയുള്ള ദർശനം അനുവദിച്ചത്. അതുവരെ പുറത്ത് നിന്ന് ദർശനം നടത്തി പോകുന്ന സൗകര്യമാണ് നൽകിയത്. പുറത്തുനിന്നും ഭക്തർ വരുന്നതും കുറവാണ്"- പി .വി. അഭിലാഷ്
( ട്രസ്റ്റി, കൊല്ലൂർ ശ്രീ മൂകാംബിക ക്ഷേത്രം )
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |