തിരുവനന്തപുരം: ശ്രീപദ്മനാഭസ്വാമി ക്ഷേത്ര ഭരണസമിതിയിൽ കേന്ദ്ര സർക്കാരിന്റെ പ്രതിനിധിയായി ബി.ജെ.പി മുൻ സംസ്ഥാന അദ്ധ്യക്ഷനും ഗവർണറുമായിരുന്ന കുമ്മനം രാജശേഖരനെ കഴിഞ്ഞ ദിവസമാണ് കേന്ദ്രസർക്കാർ നിയോഗിച്ചത്. ഭരണ സമിതി ചെയർമാനായ ജില്ലാ ജഡ്‌ജിക്ക് ഇതു സംബന്ധിച്ച കത്ത് കേന്ദ്ര സാംസ്‌ക്കാരിക മന്ത്രാലയം നൽകി. വിശ്വാസ സമൂഹത്തിന് വേണ്ടി ജീവിതം മാറ്റിവച്ച കുമ്മനത്തിന് ഇത് സന്തോഷത്തിന്റെ നിമിഷമാണ്. പുതിയ നിയമനത്തെപ്പറ്റിയും പിന്നാലെ വന്ന സാമ്പത്തിക ആരോപണത്തെപ്പറ്റിയും കുമ്മനം രാജശേഖരൻ 'ഫ്ളാഷി"നോട് മനസ് തുറക്കുന്നു.
കേന്ദ്രസർക്കാർ ഏൽപ്പിച്ച പുതിയ നിയോഗം എങ്ങനെയാണ് നോക്കിക്കാണുന്നത്?
പ്രശസ്‌തമായ ഒരു ക്ഷേത്രത്തിന്റെ ഭരണസമിതിയിൽ അംഗമായിരിക്കുക എന്നത് ഒരു അഭിമാനമാണ്. മഹാഭാഗ്യമായാണ് ഈ നിയോഗത്തെ കാണുന്നത്. ജനങ്ങളെ സേവിക്കാൻ കിട്ടിയ ഒരു അവസരം കൂടിയാണിത്. ലക്ഷോപലക്ഷം ജനങ്ങൾ ആരാധനയ്‌ക്കായി എത്തുന്ന വലിയൊരു ക്ഷേത്രമാണിത്. അതിന്റെ ഭരണനിർവണ കാര്യങ്ങളിൽ പങ്കെടുക്കാൻ കഴിയുക എന്നത് വലിയൊരു കാര്യം തന്നെയാണ്. ഭക്തജനങ്ങൾക്ക് എന്റെ സേവനം എങ്ങനെ പ്രയോജനപ്പെടും എന്നതിലായിരിക്കും മുഖ്യശ്രദ്ധ. അവർക്ക് വേണ്ടി എന്തെങ്കിലും ചെയ്യാൻ കഴിയുമെന്നാണ് എന്റെ പ്രതീക്ഷ.
ക്ഷേത്രത്തിന്റെ ഭരണനിർവഹണവുമായി ബന്ധപ്പെട്ട മനസിലുളള ആശയങ്ങൾ എന്തൊക്കെയാണ്?
വളരെ പെട്ടെന്ന് കിട്ടിയ ഒരു നിയോഗമാണിത്. വിശദമായി പഠിക്കേണ്ടതുണ്ട്. പഠിച്ച് മാത്രമേ അഭിപ്രായം പറയാൻ സാധിക്കുകയുളളൂ. പുറമെ നിന്നുകൊണ്ട് പറയാൻ പറ്റിയ കാര്യമല്ലിത്.
കഴിഞ്ഞ കുറേ കാലങ്ങളായി പദ്‌മനാഭസ്വാമി ക്ഷേത്രത്തിനൊപ്പം വിവാദങ്ങളും കൂടെയുണ്ടായിരുന്നു. അതിനെയൊക്കെ എങ്ങനെയാണ് വിലയിരുത്തുന്നത്?
വിശ്വാസ സമൂഹത്തെ ഏറെ വേദനിപ്പിച്ച കാര്യങ്ങളായിരുന്നു അതൊക്കെ. ഇനിയൊരു പുതിയ ഭരണമാണ് നടക്കാൻ പോകുന്നത്. ഉത്തരവാദിത്വങ്ങളോടെയാകും കാര്യങ്ങൾ ചെയ്യുക.
പദ്‌മനാഭ സ്വാമിക്ഷേത്രത്തിന്റെ വികസനവുമായി ബന്ധപ്പെട്ടുളള കാര്യങ്ങളിൽ കേന്ദ്രസർക്കാർ പ്രത്യേക ശ്രദ്ധ ചെലുത്തുന്നുണ്ടല്ലോ?
ക്ഷേത്രത്തിന്റെ പൈതൃക സംരക്ഷണത്തിന് നൂറു കോടി രൂപയാണ് കേന്ദ്രം ചെലവഴിച്ചത്. കുളം വൃത്തിയാക്കാനും ക്ഷേത്രത്തിന്റെ ചുറ്റുമുളള റോഡുകൾ ശരിയാക്കുന്നതിനും വരെ കേന്ദ്രസർക്കാർ ഇടപെട്ടു. അതിനു വേണ്ടി വലിയ തോതിലുളള ഫണ്ടുകൾ അനുവദിച്ചു. ക്ഷേത്രവികസനവുമായി ബന്ധപ്പെട്ട് കൃത്യമായൊരു മാസ്റ്റർപ്ലാൻ കേന്ദ്രത്തിനുണ്ട്. അതൊക്കെ നോക്കിയായിരിക്കും ഇനിയുളള പ്രവർത്തനങ്ങളും നടക്കുക.
കുറച്ചു കാലമായി രാഷ്ട്രീയത്തിൽ വളരെ സജീവമായി നിൽക്കുകയായിരുന്നു. വീണ്ടും ക്ഷേത്ര സംബന്ധമായ കാര്യങ്ങളിലേക്ക് പ്രവർത്തനമേഖല മാറ്റുമ്പോൾ സന്തോഷം തോന്നുന്നുണ്ടോ?
ഞാൻ വളരെ വർഷമായി ഈ രംഗത്ത് തന്നെയാണല്ലോ നിൽക്കുന്നത്. രാഷ്ട്രീയത്തിൽ പോയി എന്നു കരുതി ഞാൻ ഇതൊന്നും ഉപേക്ഷിച്ചുവെന്ന് അർത്ഥമില്ല. ഒന്നും ഞാൻ ഉപേക്ഷിച്ചിട്ടില്ല. സാംസ്‌ക്കാരിക ആദ്ധ്യാത്മക കാർഷിക കാര്യങ്ങളിൽ എപ്പോഴും ശ്രദ്ധ കൊടുക്കാൻ ഞാൻ ശ്രമിച്ചിട്ടുണ്ട്. വീണ്ടും ക്ഷേത്രസംബന്ധമായ കാര്യങ്ങളിലേക്ക് എത്തിയെന്ന് കരുതി രാഷ്ട്രീയം ഉപേക്ഷിക്കുകയുമില്ല.
ബി.ജെ.പി ദേശീയ ഉപാദ്ധ്യക്ഷൻ ആകുമെന്ന വലിയ പ്രചാരണമുണ്ടായിരുന്നു. എന്നാൽ, ഭാരവാഹി പട്ടികയിൽ ഇടം പിടിക്കാൻ താങ്കൾക്ക് കഴിഞ്ഞില്ല. അതിനു പകരമായിട്ടാണോ ഇങ്ങനെയൊരു നിയമനം?
നടന്ന പ്രചാരണങ്ങളിലൊന്നും എനിക്ക് യാതൊരു ബന്ധവുമില്ല. ഈ നിയമനം കേന്ദ്രസർക്കാർ നടത്തിയത് എന്തിനാണ്, ഏത് സാഹചര്യത്തിലാണ് എന്നെ പോസ്റ്റ് ചെയ്‌തത്, ഇത് എന്തിനെങ്കിലും പകരമാണോ ഇതൊന്നും എന്നെ ബാധിക്കുന്ന കാര്യങ്ങളല്ല. ഞാൻ ഒരു സ്ഥാനത്തെപ്പറ്റിയും ആരോടും ചർച്ച ചെയ്‌തിട്ടില്ല. ഒന്നും ഞാൻ ആവശ്യപ്പെട്ടിട്ടുമില്ല.
ഈ നിയമനത്തിന് മുമ്പ് കേന്ദ്രം എന്തെങ്കിലും സൂചന നൽകിയിരുന്നോ?
അങ്ങനെയൊന്നും നൽകിയിട്ടില്ല. വളരെ അപ്രതീക്ഷിതമായിരുന്നു. എന്നെ ഏൽപ്പിച്ച ഒരു കാര്യം ഞാൻ ചെയ്യും എന്നേയുളളൂ. ഇതിനെക്കാൾ വലുത് വേറെ കിട്ടുമോ, ഇത് ചെറുതായി പോയോ അങ്ങനെയൊന്നും എന്റെ മനസിലില്ല. രാഷ്ട്രീയത്തിൽ എനിക്ക് അങ്ങനെ തോന്നിയിട്ടില്ല.
ക്ഷേത്രഭരണ സമിതിയിലേക്കുളള നിയമനം ലഭിച്ച് തൊട്ടുപിന്നാലെ കേരളം അറിയുന്നത് കുമ്മനത്തിന് എതിരായ സാമ്പത്തിക കേസാണ്.
ചിലർ കുടുക്കാൻ നോക്കും. ചിലർ കുഴി വെട്ടി അതിലിടാൻ നോക്കും. സ്‌നേഹമുളളവർ നമ്മളെ പ്രോത്സാഹിപ്പിക്കും. ഇത് പൊതുജീവിതത്തിൽ ഉളളതാണ്. എപ്പോഴും രണ്ട് തരത്തിലുളള പ്രതികരണങ്ങൾ പൊതുജീവിതത്തിൽ ഉണ്ടായിക്കൊണ്ടിരിക്കും. രണ്ടിനോടും എനിക്ക് തുല്യമായ സമീപനമാണ്. സ്‌തുതിച്ചാലും കൊളളാം നിന്ദിച്ചാലും കൊളളാം ഒരു കേസ് വന്നുവെന്ന് കരുതി എനിക്ക് ബേജാറൊന്നുമില്ല. എന്നെ എത്ര വിമർശിച്ചാലും എന്റെ ആന്തരിക നില എപ്പോഴും ആനന്ദമാണ്. കേസ് ഫയൽ ചെയ്യുന്നവർ എത്ര വേണമെങ്കിലും ചെയ്‌തോട്ടെ.
കേസിന് പിന്നിൽ സി.പി.എമ്മിന്റെ ആസൂത്രിത നീക്കമാണ് എന്നാണോ സംശയം?
അല്ലെങ്കിൽ പിന്നെ ഒരു ബന്ധവുമില്ലാത്ത കാര്യത്തിൽ എനിക്കെതിരെ കേസെടുക്കുമോ. പൊലീസ് ഓഫീസർമാർ കേസ് ഫയൽ ചെയ്യുന്നത് ഭരണതലത്തിൽ ഉളളവരുടെ സമ്മർദ്ദം കൊണ്ടാണ്. പരാതിയിൽ ഒരിടത്തും എനിക്കെതിരെ യാതൊരു ആരോപണവും ഇല്ലായിരുന്നു.
മുൻ ഗവർണർ എന്ന പരിഗണന കിട്ടിയില്ലെന്ന് തോന്നുന്നുണ്ടോ?
കേസിൽ പ്രതിയാക്കുമ്പോൾ നമ്മളെയൊന്ന് അറിയിക്കേണ്ട മര്യാദയുണ്ടല്ലോ. ഇത് ഒന്നും ചെയ്‌തിട്ടില്ല. പരാതിയിൽ പറയുന്നത് പരാതിക്കാരൻ മുതൽമുടക്കാൻ പോകുന്ന സ്ഥാപനത്തെക്കുറിച്ച് എന്നോട് സംസാരിച്ചുവെന്നാണ്. അപ്പോൾ ഞാൻ 'അത് കൊളളാം" എന്ന് പറഞ്ഞുവെന്നാണ് പരാതിയിൽ പറയുന്നത്. അങ്ങനെയെങ്കിൽ ഞാൻ സാക്ഷി മാത്രമേ ആകുന്നുളളൂ, പ്രതിയാകുന്നില്ല.
താങ്കളുടെ സെക്രട്ടറിയായിരുന്ന പ്രവീണിന് കേസുമായി ബന്ധമുണ്ടോ?
അയാൾ പരിചയപ്പെടുത്തികൊടുത്തു എന്നതാണ് വിഷയം. പണം വാങ്ങിയെന്നും തിരികെ കൊടുക്കുമെന്നും അയാൾ പറയുന്നുണ്ടല്ലോ.
കൊവിഡ് മഹാമാരിയുമായി ബന്ധപ്പെട്ട് കേരളത്തിലെ ക്ഷേത്രങ്ങൾ വലിയ സാമ്പത്തിക പരാധീനതയിൽ ആണല്ലോ. ഇതിനെ എങ്ങനെ മറികടക്കാം?
ഭക്തജനങ്ങൾ തന്നെ അതിലൊരു പരിഹാരം കാണേണ്ടതുണ്ട്. ക്ഷേത്രങ്ങൾ നടത്തി കൊണ്ടു പോകേണ്ടത് വിശ്വാസികളുടെ കൂടി ഉത്തരവാദിത്വമാണല്ലോ. ക്ഷേത്രങ്ങൾ പരിരക്ഷിക്കാൻ ദേവസ്വം ബോർഡുകൾ ഭക്തജനങ്ങളുമായി ചർച്ചകൾ നടത്തണം.
സാമ്പത്തിക പരാധീനതയുളള ക്ഷേത്രങ്ങളിൽ കൃത്യമായ സഹായം സർക്കാരിൽ നിന്ന് ലഭിക്കുന്നുണ്ടോ?
കൊടുക്കാമെന്ന് പറഞ്ഞ പൈസയൊക്കെ അങ്ങ് കൊടുത്താൽ മതി. ഭരണഘടനാപരമായ ബാദ്ധ്യതകളുണ്ട്. പദ്‌മനാഭ സ്വാമി ക്ഷേത്രത്തിന് കൊടുക്കേണ്ട 20 ലക്ഷം രൂപ ഇതുവരെ കൊടുത്തിട്ടില്ല. ദേവസ്വംബോർഡിനും കൃത്യമായ സഹായം കൊടുത്തിട്ടില്ല.
സംസ്ഥാനത്ത് തദ്ദേശ-നിയമസഭ തിരഞ്ഞെടുപ്പുകൾ അടുത്തുവരികയാണ്. ബി.ജെ.പിയെ സംബന്ധിച്ച് എത്രമാത്രം ശുഭപ്രതീക്ഷയുണ്ട്?
ശുഭപ്രതീക്ഷയെന്നാൽ വിജയപ്രതീക്ഷയാണ്. കേരളഭരണത്തിലേക്ക് മുന്നിട്ടിറങ്ങി വരാൻ കഴിയുന്ന ഒരു വിജയം ഇത്തവണയുണ്ടാകും.
താങ്കൾ ഇത്തവണ നിയമസഭയിലേക്ക് മത്സരിക്കുമോ?
ഞാൻ അല്ലല്ലോ തീരുമാനിക്കേണ്ടത്.
പത്തിലധികം സീറ്റുകൾ കിട്ടുമോ?
കൂടുതൽ കിട്ടുമല്ലോ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |