SignIn
Kerala Kaumudi Online
Sunday, 09 November 2025 12.10 AM IST

'ക്ഷേത്രങ്ങൾ  നടത്തുന്നത്  ഭക്തരുടെ  പണംകൊണ്ടാണ്,  വിശ്വാസം  നിലനിറുത്തേണ്ടത്  ദേവസ്വം  ബോർഡിന്റെ  ജോലിയാണ്'

Increase Font Size Decrease Font Size Print Page
k-jayakumar

തിരുവനന്തപുരം: മികച്ചതും കുറ്റമറ്റതുമായ ഒരു സിസ്റ്റത്തിന്റെ അഭാവമാണ് ശബരിമലയിലെ ഇപ്പോഴത്തെ പ്രശ്നങ്ങൾക്കെല്ലാം കാരണമെന്ന് മുൻ ചീഫ് സെക്രട്ടറി കെ ജയകുമാർ. ദേവസ്വം ബോർഡിന് ഘടനാപരമായ ഒരുപാട് പ്രശ്നങ്ങളുണ്ടെന്നും സ്വർണക്കടത്ത് തന്നെ അതിശയപ്പെടുത്തിയില്ലെന്നും അദ്ദേഹം പറഞ്ഞു. ഒരു പ്രമുഖ ദേശീയ മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

'ശബരിമലയിലെ നിലവിലെ സിസ്റ്റം വളരെ ദുർബലമാണ്. ലൂപ്പ് ഹോൾസ് ഒരുപാടുണ്ട്. കോടതിയുടെ മേൽനോട്ടം ഉണ്ടെന്നത് വലിയ ആശ്വാസമാണ്. ബോർഡ് നടത്തിക്കൊണ്ടുപോകുന്നവരുടെ പ്രൊഫഷണലിസവും വലിയൊരു ഘടകമാണ്. സാങ്കേതിക വിദ്യ കൂടുതൽ നടപ്പിലാക്കിയാൽ നിരവധി പ്രശ്നങ്ങൾ കുറയ്ക്കാൻ കഴിയും. സ്പോൺസർഷിപ്പ് നല്ലൊരു കാര്യമാണ്. എന്നാൽ സ്പോൺസർമാരുമായി ഡീലുചെയ്യാനുള്ള സംവിധാനം ശബരിമലയിൽ ഇല്ല. അതുകൊണ്ടാണ് ഇടനിലക്കാർ വരുന്നത്. ശബരിമലയിലെ നിലവിലെ സിസ്റ്റം ഇടനിലക്കാരെ പ്രോത്സാഹിപ്പിക്കുന്നതാണ്. നിഷ്പക്ഷവും കുറ്റമറ്റതുമായ ഒരു സിസ്റ്റം വന്നാൽ ശബരിമല പ്രശ്നങ്ങളില്ലാതെ മുന്നോട്ടുകൊണ്ടുപോകാനാവും -കെ ജയകുമാർ പറഞ്ഞു.

'ദേവസ്വം ബോർഡിന്റെ ഭരണം കൂടുതൽ ആധുനിക വത്കരിക്കണം. ആചാരവുമായി ബന്ധപ്പെട്ടതായതുകൊണ്ട് സർക്കാരോഫീസുപോലെ ശബരിമലയെ നടത്തിക്കൊണ്ടുപോവുക ബുദ്ധിമുട്ടാണ്.ഭക്തരുമായി സംവാദം, വസ്തുനിഷ്ഠത, സുതാര്യത എന്നിവ ഉണ്ടാകണം. തീർച്ചയായും ബോർഡിന്റെ ഭരണം നവീകരിക്കേണ്ടതുണ്ട്. ഇപ്പോഴത്തെ പ്രതിസന്ധി ആധുനികവൽക്കരണത്തിനുള്ള അവസരമായി മാറുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു.

സിസ്റ്റങ്ങൾ എല്ലാം സുതാര്യമായ രീതിയിൽ അഴിച്ചുപണിയണം. ഒരു സീസൺ കഴിഞ്ഞാൽ അടുത്ത സീസണുവേണ്ടിയുള്ള മുന്നൊരുക്കങ്ങൾ തുടങ്ങണം. ഇതിനുവേണ്ടിയുള്ള ഫുൾടൈം സംവിധാനങ്ങൾ ഉണ്ടാവണം. ബോർഡിന്റെ കീഴിലുളള മൊത്തം ക്ഷേത്രങ്ങളിൽ ഒന്ന് എന്നനിലയിൽ ശബരിമലയെ കാണരുത്. അങ്ങനെ കണ്ടാൽ ഒരിക്കലും പ്രശ്നങ്ങൾ തീരില്ല. ഭക്തരുടെ പൈസകാെണ്ടാണ് ബാേർഡ് നടത്തിക്കൊണ്ടുപോകുന്നത് എന്ന ധാരണവേണം. അതിനാൽ ഭക്തരുടെ വിശ്വാസം കാത്തുസൂക്ഷിക്കേണ്ടത് ബോർഡിന്റെ ജോലിയാണ്. ഒന്നിലും മായംചേർക്കാൻ പാടില്ല. എല്ലാത്തിലും വിശ്വാസത്തിന്റെ ഒരു നൈർമല്യം ഉണ്ടാവണം.വഴിപാടുകളുടെ പവിത്രതയും ഗുണനിലവാരവും അവർ ഉറപ്പാക്കണം'- അദ്ദേഹം വ്യക്തമാക്കി.

ദേവസ്വത്തിന്റെ അധീനതയിലുള്ള ക്ഷേത്രങ്ങളിലെ പണം മറ്റുപലർക്കും കൊടുക്കുന്നു എന്നുള്ളത് വെറും ദുഷ് പ്രചരണം മാത്രമാണെന്നും ദേവസ്വം ബോർഡിന്റെ പണം സർക്കാരിനുപോലും എടുക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.'ദേവസ്വം ക്ഷേത്രങ്ങളിൽ നിന്നുള്ള പണം സർക്കാർ മ​റ്റ് കാര്യങ്ങൾക്കായി ചെലവഴിക്കുന്നുവെന്ന് വ്യാപകമായ തെ​റ്റായ പ്രചാരണമുണ്ട്. ഇതിലൂടെ ധ്രുവീകരണവും ആശയക്കുഴപ്പം സൃഷ്ടിക്കലുമാണ് ലക്ഷ്യമിടുന്നത്. ബോർഡിൽ നിന്ന് ഒരു പൈസ പോലും സർക്കാർ വാങ്ങുന്നില്ല. അത് അസാധ്യമാണ്. കോടതി അനുമതിയില്ലാതെ ബോർഡിന് സ്ഥിരനിക്ഷേപം പിൻവലിക്കാൻ പോലും കഴിയില്ല. സർക്കാരിന്റെ ഫണ്ട് വകമാ​റ്റത്തിന്റെ അവകാശവാദങ്ങൾ തികച്ചും അടിസ്ഥാനരഹിതവും ദുരുദ്ദേശപരവുമാണ്'- ജയകുമാർ പറഞ്ഞു.

തിരുവിതാംകൂർ ദേവസ്വംബോർഡിന്റെ പുതിയ പ്രസിഡന്റായി കെ ജയകുമാറിനെ നിയമിക്കും എന്നാണ് റിപ്പോർട്ട്. പ്രസിഡന്റ് സ്ഥാനത്തേക്കുള്ള നിയമനം ഒരു നിയോഗമായാണ് കാണുന്നതെന്നാണ് അദ്ദേഹം പറയുന്നത്. വല്ലാത്തൊരു സമയത്താണ് ഈ നിയോഗം തന്നെ തേടി വന്നിരിക്കുന്നത്. ഈശ്വരവിശ്വാസിയാണ്. എന്നെ പരിഗണിക്കുമെന്ന് കരുതിയിരുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മുഖ്യമന്ത്രി പിണറായി വിജയനുമായി ഇന്ന് സംസാരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

ഇന്നലെ ചേർന്ന സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിലാണ് കെ. ജയകുമാറിനെ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റായി തിരഞ്ഞെടുത്തത്. ശബരിമല സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട് നിലവിലെ ബോർഡ് പ്രസിഡന്റ് ഉൾപ്പെടെയുള്ളവർക്കെതിരെ ഹൈക്കോടതി പരാമർശം വന്ന സാഹചര്യത്തിലാണ് രാഷ്ട്രീയത്തിന് പുറത്തു നിന്നൊരാളെ പ്രസിഡന്റാക്കാനുള്ള തീരുമാനം.സ്വർണക്കൊള്ള വിവാദം മൂലമുണ്ടായ അവമതിപ്പ് ഇല്ലാതാക്കുക കൂടിയാണ് ലക്ഷ്യം. ജയകുമാറിനെപോലെ പരിചയസമ്പന്നനായ ഒരാൾ ഈ ഘട്ടത്തിൽ പ്രസിഡന്റാകുന്നത് ഗുണകരമാവുമെന്ന് സെക്രട്ടേറിയറ്റ് യോഗം വിലയിരുത്തിയിരുന്നു. ബോർഡ് അംഗമായി സി.പി.ഐ സംസ്ഥാന കമ്മിറ്റിയംഗം വിളപ്പിൽ രാധാകൃഷ്ണനും നിയമിതനാവും.നിലവിൽ ഐ.എം.ജി ഡയറക്ടറാണ് ജയകുമാർ.

TAGS: JAYAKUMAR, FORMER CHEF SECRETARY
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.