ന്യൂഡൽഹി : സ്ത്രീകളെ ശല്യപ്പെടുത്തിയതിനും പിന്തുടരുകയും ലൈംഗികാതിക്രമണം നടത്തുകയും ചെയ്ത പൊലീസുദ്യോഗസ്ഥൻ അറസ്‌റ്റിൽ. ഒറ്റ ദിവസം നാല് സ്ത്രീകൾ നൽകിയ പരാതികളുടെ അടിസ്ഥാനത്തിൽ ഡൽഹി പൊലീസിലെ സബ് ഇൻസ്പെക്ടർ ആയ പുനീത് ഗ്രേവാൾ ആണ് അറസ്‌റ്റിലായത്.
ഒക്ടോബർ 17നാണ് തെക്ക് പടിഞ്ഞാറൻ ഡൽഹിയിലെ ദ്വാരകയിലുള്ള നാല് വ്യത്യസ്ത സ്ത്രീകൾ പരാതിയുമായി പൊലീസിനെ സമീപിച്ചത്. രാവിലെ 8നും 9നും ഇടയിൽ ചാരനിറത്തിലെ ഒരു കാറിലെത്തിയ ഒരാൾ പിന്തുടർന്നതായും ലൈംഗികാതിക്രമണം നടത്തിയെന്നുമായിരുന്നു പരാതി. പരാതികളുടെ അടിസ്ഥാനത്തിൽ പോക്സോ ഉൾപ്പെടെ ചുമത്തി നാല് കേസുകൾ പൊലീസ് ഫയൽ ചെയ്തു.
പരാതി നൽകിയ സ്ത്രീകളിൽ ഒരാൾ തനിക്കുണ്ടായ ദുഃരനുഭവം വീഡിയോയിലൂടെ പുറത്തുവിട്ടിരുന്നു. ' രാവിലെ സൈക്ലിംഗിന് ഇറങ്ങിയ തന്റെ പിറകെ ഒരു കാറെത്തി ഹോണടിച്ചു. കാറിന് പോകാൻ വേണ്ടി വഴിമാറിക്കൊടുത്തെങ്കിലും കാർ തന്നെ പിന്തുടരുകയായിരുന്നു. കാറിലിരുന്ന ആൾ തന്നോട് സെക്ടർ 14 ദ്വാരകയിലേക്കുള്ള വഴി ചോദിച്ചു.
അതിന് മറുപടി പറയാൻ തുടങ്ങുമ്പോഴേക്കും അയാൾ അയാളുടെ പാന്റിന്റെ സിപ്പ് അഴിച്ച് സ്വകാര്യ ഭാഗങ്ങളിൽ സ്പർശിക്കുകയും തുടർന്ന് മോശം രീതിയിൽ സംസാരിക്കുകയും ചെയ്തു. താൻ ബഹളമുണ്ടാക്കിയപ്പോഴേക്കും അയാൾ കാറുമായി കടന്നു കളഞ്ഞു. കാറിന് നമ്പർ പ്ലേറ്റ് ഉണ്ടായിരുന്നില്ല. ' സ്ത്രീ പറയുന്നു.
200 ഓളം സി.സി.ടി.വി ക്യാമറകളിൽ നിന്നും ശേഖരിച്ച ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് പ്രതിയെ പിടികൂടിയത്. 200 ലേറെ പൊലീസ് ഉദ്യോഗസ്ഥർ അന്വേഷണത്തിന്റെ ഭാഗമായി. ഡൽഹിയിൽ രജിസ്‌റ്റർ ചെയ്യപ്പെട്ട 286 കാറുകളുടെ വിവരങ്ങളും ശേഖരിച്ചു. ഒടുവിൽ ശനിയാഴ്ച ജനക്‌പുരിയിൽ നിന്നുള്ള വീട്ടിൽ നിന്നും ഇയാളെ പിടികൂടുകയായിരുന്നു. ഡൽഹി പൊലീസിലെ സ്പെഷ്യൽ സെൽ യൂണിറ്റിലെ ഉദ്യോഗസ്ഥൻ ആയ ഇയാൾ ഇപ്പോൾ ജുഡീഷ്യൽ കസ്‌റ്റഡിയിലാണ്.
ഇയാൾ മുമ്പും സ്ത്രീകൾക്ക് നേരെ അതിക്രമണം നടത്തിയിട്ടുണ്ടെന്നും എന്നാൽ ആദ്യമായാണ് ഇയാൾക്കെതിരെ പരാതിയുമായി സ്ത്രീകൾ എത്തിയതെന്നും ഡൽഹി പൊലീസ് പറഞ്ഞു. സമാന രീതിയിലുള്ള പരാതികളുടെ വിവരങ്ങൾ ശേഖരിച്ച ശേഷം ഇയാൾക്കെതിരെ കൂടുതൽ കേസുകൾ ചുമത്തുമെന്നും പൊലീസ് വ്യക്തമാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |