തിരുവനന്തപുരം : കരമന കൂടത്തിൽ തറവാട്ടിലെ ജയമാധവൻനായരുടെ മരണം സംബന്ധിച്ച് അന്വേഷണം ഊർജിതമാക്കി പൊലീസ്. ജയമാധവൻനായരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതുൾപ്പെടെയുളള രേഖകൾ ആവശ്യപ്പെട്ട് അന്വേഷണ സംഘം മെഡിക്കൽ കോളേജ് അധികൃതർക്ക് കത്ത് നൽകി. ജയമാധവൻനായരെ പരിശോധിച്ച ഡോക്ടർമാർ, ആ ദിവസം ഡ്യൂട്ടിയിലുണ്ടായിരുന്ന ജീവനക്കാർ, മോർച്ചറി ജീവനക്കാർ എന്നിവരുടെ വിവരങ്ങൾ പൊലീസ് ശേഖരിച്ചു. അതേസമയം, കേസന്വേഷണം മുറുകിയതോടെ കൂടത്തിൽ തറവാട്ടിലെ കാരണവരായ രവീന്ദ്രൻനായർ മുൻകൂർ ജാമ്യത്തിനായി ഹൈക്കോടതിയെ സമീപിച്ചു.
ഒരുവർഷത്തിലേറെയായി കേസിന്റെ അന്വേഷണചുമതല വഹിച്ചിരുന്ന മുൻ ക്രൈംഡിറ്റാച്ച് മെന്റ് അസി.കമ്മിഷണറുടെ ഭാഗത്ത് നിന്ന് അന്വേഷണത്തിൽ മതിയായ താൽപ്പര്യം ഉണ്ടാകാതിരുന്നതും ചില ബാഹ്യ ഇടപെടലുകളുമാണ് കൂടത്തിൽകേസിന്റെ നെല്ലും പതിരും തിരിക്കുന്നതിൽ താമസത്തിനിടയാക്കിയത്. കേസുമായി ബന്ധപ്പെട്ട ചില നിർണായക തെളിവുകൾ ഫോറൻസിക് ലാബിലുണ്ട്. ഇതിന്റെ പരിശോധനാഫലങ്ങൾ ശേഖരിക്കാനോ അവപരിശോധിക്കാനോ മുൻ അന്വേഷണ സംഘത്തിന് കഴിഞ്ഞിരുന്നില്ല. ഈ തെളിവുകൾ ശേഖരിക്കാനുള്ള ശ്രമങ്ങളും തുടങ്ങിയിട്ടുണ്ട്. ജയമാധവൻനായരെ ആശുപത്രിയിലെത്തിച്ച ഒാട്ടോറിക്ഷയും പൊലീസ് തിരിച്ചറിഞ്ഞു.
കൂടത്തിൽ തറവാട്ടിലെ ഗോപിനാഥൻ നായർ, ഭാര്യ സുമുഖിയമ്മ, മക്കളായ ജയശ്രീ, ജയബാലകൃഷ്ണൻ, ജയപ്രകാശ്, ഗോപിനാഥൻ നായരുടെ ജ്യേഷ്ഠൻമാരായ നാരായണ പിള്ളയുടെയും വേലുപ്പിള്ളയുടെയും മക്കളായ ജയ മാധവൻ, ഉണ്ണികൃഷ്ണൻ നായർ എന്നിവരാണ് നിശ്ചിത ഇടവേളകളിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ചത്. നഗരത്തിൽ കോടിക്കണക്കിന് രൂപ വിലമതിക്കുന്ന കെട്ടിടങ്ങളും വസ്തുക്കളും കുടുംബത്തിനുണ്ട്. കുടുംബാംഗങ്ങളിൽ അവസാനം മരിച്ച രണ്ടുപേരുടെ മരണത്തിൽ ദുരൂഹത ആരോപിച്ച് കരമന സ്വദേശി അനിൽകുമാറും ബന്ധുവായ പ്രസന്നകുമാരിയും നൽകിയ പരാതിയിലാണ് പൊലീസ് അന്വേഷണം തുടങ്ങിയത്. അന്വേഷണത്തിൽ മരണത്തിൽ ദുരൂഹതകൾ സംശയിക്കുന്ന നിരവധി കാര്യങ്ങൾ കണ്ടെത്തുകയും കോടികളുടെ സ്വത്തുക്കൾ തറവാട്ടിലെ കാര്യസ്ഥനായിരുന്ന ആളും മറ്റ് ചില സഹായികളും കൈക്കലാക്കുകയും ചെയ്തതിന്റെ തെളിവുകൾ പുറത്താകുകയും ചെയ്തിരുന്നു.
സ്വത്ത് തട്ടിപ്പിന് കേസ് രജിസ്റ്റർ ചെയ്ത അന്വേഷണ സംഘം തട്ടിപ്പിന് തെളിയിക്കാവുന്ന നിരവധിതെളിവുകൾ പുറത്ത് വന്നിട്ടും ആരെയും അറസ്റ്ര് ചെയ്യാൻ മുതിർന്നിരുന്നില്ല. കൂടത്തിൽ തറവാട്ടിൽ അവസാന കാലങ്ങളിലുണ്ടായ മരണങ്ങളിലും സംശയകരമായ പലരുടെയും സാന്നിദ്ധ്യവും ഇടപെടലുകളും പൊലീസ് കണ്ടെത്തിയിട്ടുണ്ട്.
അവസാനം മരിച്ച ജയ മാധവൻ നായരെ (63) ആശുപത്രിയിലേക്കു കൊണ്ടു പോകുമ്പോഴും പോസ്റ്റുമോർട്ടം നടക്കുമ്പോഴും ക്രിമിനൽ കേസിലെ പ്രതികളുടെ സാന്നിദ്ധ്യം ഉണ്ടായിരുന്നതായി സ്ഥിരീകരിച്ചിരുന്നു. ഇൻക്വസ്റ്റ് നടക്കുമ്പോൾ എടുത്ത ചിത്രങ്ങളിൽ പ്രതികളെന്ന് സംശയിക്കുന്നവരുടെ സാന്നിദ്ധ്യം കണ്ടെത്തിയതിനെത്തുടർന്നുള്ള അന്വേഷണത്തിലാണ് ആശുപത്രിയിലേക്കു കൊണ്ടു പോകുമ്പോഴും സംഘം കൂടെയുണ്ടായിരുന്നതായി വ്യക്തമായത്.
ആദ്യം കേസ് അന്വേഷിച്ച ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പിയുടെ സംഘത്തിന് ഈ വിവരങ്ങൾ ലഭിച്ചിരുന്നെങ്കിലും ആ ദിശയിൽ അന്വേഷിച്ചില്ല.
കാര്യസ്ഥനായിരുന്ന രവീന്ദ്രൻ നായരുടെയും വീട്ടു ജോലിക്കാരിയായ ലീലയുടെയും മൊഴികളിലെ വൈരുദ്ധ്യം ആദ്യ സംഘം പരിശോധിച്ചില്ല. ജയമാധവൻ നായരെ ആശുപത്രിയിലേക്കു കൊണ്ടു പോയതായി ആദ്യം പറഞ്ഞ ഒാട്ടോഡ്രൈവർ പിന്നീട് മൊഴി മാറ്റിയിരുന്നു. തന്റെ ഒാട്ടോയിലല്ല ആശുപത്രിയിൽ കൊണ്ടുപോയതെന്നും തന്റെ ഒാട്ടോയിലാണെന്ന് സമ്മതിച്ചാൽ 5 ലക്ഷം രൂപ നൽകാമെന്ന് വാഗ്ദാനം നൽകിയതിനാലാണ് കള്ളം പറഞ്ഞതെന്നുമായിരുന്നു രണ്ടാമത്തെ മൊഴി.
അടുത്ത വീട്ടിലെ ഒാട്ടോ ഡ്രൈവർ തന്റെ വണ്ടി രാത്രി പാർക്ക് ചെയ്തിരുന്നത് കൂടത്തിൽ തറവാട്ടിലായിരുന്നു. ഈ ഒാട്ടോ വിളിക്കാതെ മറ്റൊരു ഒാട്ടോ വിളിച്ച് ജയ മാധവൻ നായരെ കൊണ്ടു പോയതിൽ ദുരൂഹതയുണ്ടെന്ന് കേസിലെ പരാതിക്കാരിയായ പ്രസന്നകുമാരിയമ്മയും മൊഴി നൽകിയിരുന്നു. തലയ്ക്കേറ്റ പരുക്കാണ് ജയമാധവൻ നായരുടെ മരണകാരണമെന്നാണ് പോസ്റ്റുമോർട്ടം റിപ്പോർട്ടിലും ആന്തരാവയവങ്ങളുടെ പരിശോധനാ റിപ്പോർട്ടിലുമുള്ളത്. മുഖത്ത് രക്തം കട്ടപിടിച്ച നിലയിലായിരുന്നു
മുറിവുകൾ എങ്ങനെ സംഭവിച്ചുവെന്ന് ഫോറൻസിക് പരിശോധനയിൽ വ്യക്തമാകും. സഹോദരൻ ജയപ്രകാശ് രക്തം ഛർദ്ദിച്ചാണ് മരിച്ചതെങ്കിലും പോസ്റ്റുമോർട്ടം നടത്തിയിരുന്നില്ല.കരമനയിലെ വീട്ടിൽ നിന്നു കണ്ടെടുത്ത രക്തക്കറ പുരണ്ട തടിക്കഷ്ണവുമായി ബന്ധപ്പെട്ട ഫോറൻസിക് റിപ്പോർട്ടും പുറത്ത് വന്നിട്ടില്ല. പുതിയ അന്വേഷണ സംഘമെത്തി തെളിവുകൾ കൂട്ടിയിണക്കിയും സംശയനിഴലിലുള്ളവരെ വിശദമായി ചോദ്യം ചെയ്തും കൂടത്തിൽ കേസിന് ഉത്തരം കണ്ടെത്തുമെന്ന പ്രതീക്ഷയിലാണ് നാട്ടുകാർ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |