ന്യൂഡൽഹി : കൊവിഡ് പശ്ചാത്തലത്തിൽ നടപ്പു സാമ്പത്തിക വർഷം ഇന്ത്യയുടെ മൊത്തം ആഭ്യന്തര ഉത്പാദനം ( ജി.ഡി.പി ) പൂജ്യത്തിനടുത്തോ താഴെയോ ആയിരിക്കുമെന്ന് കേന്ദ്രമന്ത്രി നിർമലാ സീതാരാമൻ പറഞ്ഞു. സെറാ വീക്ക് ഇന്ത്യ എനർജി ഫോറത്തിൽ സംസാരിക്കുകയായിരുന്നു നിർമലാ സീതാരാമൻ.
അതേ സമയം, അൺലോക്ക് ഇളവുകൾ ഘട്ടം ഘട്ടമായി നടപ്പാക്കിയതിനാൽ സമ്പദ്‌വ്യവസ്ഥയിൽ പുനഃരുജ്ജീവനം പ്രകടമാകുന്നുവെന്നും അടുത്ത വർഷത്തോടെ ലോകത്തിലെ അതിവേഗം വളരുന്ന സമ്പദ്‌വ്യവസ്ഥകളിൽ ഒന്നായി അത് മാറുമെന്നും മന്ത്രി പറഞ്ഞു.
ഉപജീവനമാർഗത്തേക്കാൾ ജനങ്ങളുടെ ജീവന് സർക്കാർ പ്രാധാന്യം കൊടുത്ത ലോക്ക്ഡൗൺ കാലയളവിലൂടെ കൊവിഡ് മഹാമാരിയെ ഫലപ്രദമായി നിയന്ത്രിക്കുന്നതിനുള്ള തയാറെടുപ്പ് നടത്താൻ കഴിഞ്ഞു.
'ഉത്സവ സീസൺ സമ്പദ്‌വ്യവസ്ഥയെ ശക്തിപ്പെടുത്തും. കേന്ദ്ര സർക്കാർ ജീവനക്കാർക്ക് ഉത്സവ സീസണിനോടനുബന്ധിച്ച് ബോണസ് പ്രഖ്യാപിച്ചിരുന്നു. കേന്ദ്ര ജീവനക്കാരോ അവരുടെ ബന്ധുക്കളോ നടത്തുന്ന ഉല്ലാസയാത്രകൾക്ക് എൽ.ടി.എ വൗച്ചറും ഏർപ്പെടുത്തിയിരുന്നു. വിപണിയെ സജീവമാക്കുന്നതിനുള്ള നടപടികളാണ് സർക്കാർ സ്വീകരിച്ചത്. '-നിർമലാ സീതാരാമൻ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |