ലണ്ടൻ: ആദ്യ കൊവിഡ് 19 വാക്സിനുകൾ അപൂർണ്ണമാകാൻ സാദ്ധ്യതയുണ്ടെന്ന് യുകെ വാക്സിൻ ടാസ്‌ക്‌ഫോഴ്സ് അദ്ധ്യക്ഷൻ കേറ്റ് ബിംഗ്ഹാം. അവ എല്ലാവരിലും കാര്യക്ഷമമായി പ്രവർത്തിച്ചേക്കില്ലെന്നും അവർ പറഞ്ഞു. 'ഒന്നാം തലമുറയിൽപ്പെട്ട വാക്സിനുകൾ അപൂർണ്ണമാകാൻ സാദ്ധ്യതയുണ്ട്. എല്ലാവരിലും അത് ഒരുപാട് കാലം പ്രവർത്തിച്ചേക്കില്ല' അവർ കൂട്ടിച്ചേർത്തു.
'എപ്പോൾ ഫലപ്രദമായ ഒരു വാക്സിൻ ലഭിക്കുമെന്ന് ഞങ്ങൾക്കറിയില്ല. അലംഭാവവും അമിത ശുഭാപ്തി വിശ്വാസവും പാടില്ല'- ലാൻസെറ്റ് മെഡിക്കൽ ജേണലിൽ പ്രസിദ്ധീകരിച്ച ഒരു കുറിപ്പിൽ ബിംഗ്ഹാം വ്യക്തമാക്കി. 65 വയസിന് മുകളിൽ പ്രായമുള്ളവക്കായുള്ള വാക്സിനുകളിൽ ശ്രദ്ധ കേന്ദ്രീകരിച്ചിട്ടുണ്ടെന്നും, ഈ വാക്സിനുകളിൽ പലതും ഒരുപക്ഷേ പരാജയപ്പെടാമെന്നും അവർ കുറിച്ചു.
അതേസമയം, ബ്രിട്ടണില്‍ അടുത്ത മാസത്തോടെ കൊവിഡ് 19 വാക്‌സിന്‍ വിതരണത്തിനെത്തുമെന്ന് റിപ്പോര്‍ട്ടുകൾ ഉണ്ട്. ഓക്‌സ്‌ഫോർഡ് യൂണിവേഴ്‌സിറ്റിയും ആസ്ട്രസെനേകയും ചേര്‍ന്ന് വികസിപ്പിക്കുന്ന വാക്സിന്‍ നവംബര്‍ ആദ്യം ലഭ്യമാകുമെന്ന് ലണ്ടനിലെ ഒരു പ്രമുഖ ആശുപത്രിയെ ഉദ്ധരിച്ച് സണ്‍ പത്രം റിപ്പോര്‍ട്ട് ചെയ്യുന്നു. നവംബര്‍ രണ്ടോടെ വാക്‌സിന്റെ ആദ്യ ബാച്ചിന്റെ വിതരണത്തിന് തയ്യാറെടുക്കാന്‍ ആശുപത്രിക്ക് നിര്‍ദേശം ലഭിച്ചതായും റിപ്പോര്‍ട്ടില്‍ പറയുന്നു. കൊവിഡിന്റെ രണ്ടാം തരംഗം ആദ്യത്തേതിനേക്കാൾ മാരകമാകുമെന്ന ധാരണയിലാണ് ബ്രിട്ടീഷ് സർക്കാർ പ്രവർത്തിക്കുന്നതെന്ന് ടെലിഗ്രാഫ് പത്രം റിപ്പോർട്ട് ചെയ്യുന്നു..
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |