SignIn
Kerala Kaumudi Online
Monday, 07 July 2025 5.25 PM IST

ഗുരുദേവ ദർശനങ്ങളുടെ ഗവേഷണ വിഭാഗം വേണം

Increase Font Size Decrease Font Size Print Page
guru

മതവിദ്വേഷവും മത തീവ്രവാദവും വർദ്ധിച്ചുവരുന്ന ഈ കാലഘട്ടത്തിൽ മാനവികതയുടെ പ്രവാചകനായ ഗുരുദേവന്റെ പേരിലുള്ള സർവകലാശാലയുടെ നേതൃത്വനിരയിൽ അന്യജാതിയിലും മതത്തിലുമുള്ളവർ വരുന്നത് ഗുരുദേവ ദർശനങ്ങൾക്ക് വിരുദ്ധമല്ല. ശ്രീനാരായണീയർ മാത്രമല്ലാതെ അന്യജാതിമതസ്ഥരെ കൂടി ഈ സർവകലാശാലയുടെ സെനറ്റിലും സിൻഡിക്കേറ്റിലും ഉൾപ്പെടുത്തി അതിനൊരു മതേതരത്വ സ്വഭാവം ഉണ്ടാക്കുന്നതും അഭികാമ്യമാണ്. അവർ സത്യസന്ധരും സാമൂഹ്യ സാംസ്കാരിക വിദ്യാഭ്യാസ മണ്ഡലങ്ങളിൽ കറതീർന്ന പ്രവർത്തനം കാഴ്ചവച്ചിട്ടുള്ളവരുമായിരിക്കണം. കേവലം രാഷ്ട്രീയവും രാഷ്ട്രീയ ചായ്‌വുകളും മാത്രം ആയിരിക്കരുത് അവരെ നിയോഗിക്കുന്നതിന്റെ മാനദണ്ഡം. അങ്ങനെ വന്നാൽ 2008-ൽ കേരള സർവകലാശാലയിലെ അസിസ്റ്റന്റ് നിയമനത്തിലെന്നപോലെ ടെസ്റ്റിലും ഇന്റർവ്യൂവിലും പങ്കെടുക്കാത്തവരെയും കൂടി സെലക്‌ഷൻ ലിസ്റ്റിൽപ്പെടുത്തി നിയമനം നടത്തിയതു പോലുള്ള ഞെട്ടിപ്പിക്കുന്ന സംഭവങ്ങൾ വന്നുകൂടായ്കയില്ല.

നിയുക്ത വൈസ് ചാൻസലർ ഡോ. മുബാറക് പാഷയ്ക്ക് ഈ ലേഖകൻ മനസിലാക്കിയടത്തോളം മതിയായ യോഗ്യതകൾ ഉണ്ട്. ചെറുപ്രായത്തിൽ തന്നെ കേരളത്തിലെ ഒന്നാംകിട ആർട്സ് ആൻഡ് സയൻസ് കോളേജുകളിൽ ഒന്നായ കോഴിക്കോട്ടെ ഫാറൂക്ക് കോളേജിൽ പ്രിൻസിപ്പലായി പ്രശസ്തമായ സേവനം കാഴ്ചവച്ചതിനുശേഷമാണ് ഒമാനിലെ നാഷണൽ യൂണിവേഴ്സിറ്റി ഒഫ് സയൻസ് ആൻഡ് ടെക്നോളജിയിൽ ഗവേണൻസ് ആൻഡ് സ്ട്രാറ്റജിക് പ്ളാനിംഗ് ഡിപ്പാർട്ട്‌മെന്റ് തലവനായി നിയമിതനായത്. ഇംഗ്ളണ്ടിലെയും അമേരിക്കയിലെയും പ്രശസ്തമായ യൂണിവേഴിസിറ്റികളുമായി അഫിലിയേഷനുള്ളതാണ് ഈ നാഷണൽ യൂണിവേഴ്സിറ്റി. വിദേശ സർവകലാശാലകളുമായി ഡോ. പാഷയ്ക്കുള്ള ബന്ധവും വിദേശ വിദ്യാഭ്യാസരീതികളിലുള്ള അറിവും ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്സിറ്റിക്ക് മുതൽക്കൂട്ടാകുമെന്ന് ആശിക്കാം.

ഒരു യൂണിവേഴ്സിറ്റിയുടെ പ്രവർത്തന മികവ് വൈസ് ചാൻസലറിൽ മാത്രം ഒതുങ്ങിനിൽക്കുന്നതല്ല. സെനറ്റിന്റെയും സിൻഡിക്കേറ്റിന്റെയും അദ്ധ്യാപകരുടേയുമെല്ലാം കൂട്ടായ ശ്രമഫലമല്ലേ അത്. നിർഭാഗ്യവശാൽ ജാതി, മത, രാഷ്ട്രീയ പരിഗണനകൾകൊണ്ട് കലുഷിതമായ നമ്മുടെ യൂണിവേഴ്സിറ്റികളുടെ പ്രവർത്തനങ്ങൾ പ്രതീക്ഷിച്ചരീതിയിൽ ഫലവത്താകുന്നില്ലെന്ന സത്യം നമുക്കെല്ലാം അറിവുള്ളതാണല്ലോ. ഗുരുദേവനെപ്പോലെ സാമൂഹ്യപരിഷ്ക ത്താവും പുണ്യാത്മാവുമായ ഒരു പ്രവാചകന്റെ പേരിലുള്ള യൂണിവേഴ്സിറ്റിയുടെ ഭരണത്തിൽ സങ്കുചിത ചിന്തകൾ കടന്നുകൂടാൻ ഒരിക്കലും അനുവദിച്ചുകൂടാത്തതാണ്. യൂണിവേഴ്സിറ്റിയുടെ ഉത്തമ താത്പര്യങ്ങളും ലക്ഷ്യങ്ങളും മുന്നിൽ കണ്ടുകൊണ്ട് സത്യസന്ധമായും നീതിപൂർവവും വസ്തുനിഷ്ഠമായും ചിന്തിക്കുകയും പ്രവർത്തിക്കുകയും ചെയ്യുന്നവരെ കണ്ടുപിടിച്ച് ഭരണം ഏല്പിക്കുന്ന കാര്യത്തിൽ ഈ ഗവൺമെന്റും വരുന്ന ഗവൺമെന്റുകളും ശ്രദ്ധിക്കുമെങ്കിൽ ഇതിനെ ലോകോത്തര നിലവാരത്തിലുള്ള ഒരു യൂണിവേഴ്സിറ്റി ആക്കാൻ സാധിക്കും. ഈ മഹൽ പ്രസ്ഥാനത്തിന്റെ സുഗമമായ പ്രവർത്തനത്തിന് ഇടങ്കോലിടാൻ ആരെയും അനുവദിക്കരുത്. ജാതി, മത, രാഷ്ട്രീയ സങ്കുചിതചിന്തകൾ വെടിഞ്ഞ് തുറന്ന മനസോടെ പ്രവർത്തിച്ചാൽ ഇത് ലോകോത്തര നിലവാരത്തിലേക്ക് ഉയരും - ഉയരണം.

കലാപകലുഷിതമായ സമകാലീന സമൂഹത്തിൽ രാജ്യത്തിനകത്തും പുറത്തും ശ്രീനാരായണ ദർശനങ്ങളുടെ പ്രസക്തി വർണനാതീതമാണ്. ഇതിനു വേണ്ടുന്ന കർമ്മപദ്ധതികൾ കൂടി സർവകലാശാല ആവിഷ്കരിക്കുകയും അവ നടപ്പിലാക്കുന്നതിനുവേണ്ട നിർദ്ദേശങ്ങൾ നൽകുകയും വേണം. ഇതിനായി ഒരു പ്രത്യേക റിസർച്ച് ആൻഡ് എക്സ്റ്റൻഷൻ ഡിപ്പാർട്ട്‌മെന്റ് തുടങ്ങണം.

(തിരുവനന്തപുരം ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ലേബർ ആൻഡ് മാനേജ്‌‌മെന്റ് ചെയർമാനാണ് ലേഖകൻ)

ഫോൺ: 9446060452.

TAGS: GURU
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
Kaumudi Salt & Pepper
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.