*ശിവശങ്കറിനെതിരെ തെളിവുകളുമായി ഇ.ഡിയും കസ്റ്റംസും
തിരുവനന്തപുരം: നിർണായക ചോദ്യങ്ങൾക്ക് 'നോ കമന്റ്സ്' എന്ന് മറുപടി നൽകി അന്വേഷണസംഘത്തെ വെല്ലുവിളിച്ച ശിവശങ്കറിന് ഇനി അത് നടപ്പില്ല. ഡോളർ കടത്തിലും കള്ളപ്പണ ഇടപാടിലും അദ്ദേഹത്തിന്റെ പങ്കാളിത്തത്തിനുള്ല തെളിവുകളും വാട്സ്ആപ് ചാറ്റുകളടക്കമുള്ള ഡിജിറ്റൽ തെളിവുകളും മൊഴികളും കൂട്ടിയിണക്കിയാണ് ഇ.ഡിയും കസ്റ്റംസും ചോദ്യം ചെയ്യുന്നത്. കള്ളപ്പണക്കേസിൽ പ്രതിയാക്കിയിട്ടില്ലെങ്കിലും, പ്രതികൾക്കെതിരായ പ്രാഥമിക കുറ്റപത്രത്തിലുടനീളം ശിവശങ്കറിനെക്കുറിച്ച് പരാമർശമുണ്ട്.
സന്ദേശങ്ങളെല്ലാം മായ്ച്ച ശേഷം ഒളിവിൽ പോവും മുൻപ് സ്വപ്ന വീട്ടിൽ ഉപേക്ഷിച്ച ഫോണിൽ നിന്ന് ശാസ്ത്രീയപരിശോധനയിലൂടെ വീണ്ടെടുത്ത തെളിവുകൾ ചൂണ്ടിക്കാട്ടിയാണ് സ്വപ്നയല്ല, ശിവശങ്കറാണ് സ്വർണക്കടത്തിന്റെ സൂത്രധാരനെന്ന് ഇ.ഡി ആരോപിക്കുന്നത്. മുദ്ര വച്ച കവറിൽ നൽകിയ തെളിവുകൾ കൂടി ശരിവച്ചാണ് കോടതി മുൻകൂർജാമ്യം തടഞ്ഞത്. സ്വർണമടങ്ങിയ ബാഗ് വിട്ടുകിട്ടാൻ ഇടപെടണമെന്ന് സ്വപ്ന ശിവശങ്കറിനെ നിർബന്ധിക്കുന്നതും വിട്ടുതരണമെന്ന് താൻ വിളിച്ചുപറഞ്ഞിട്ടുണ്ടെന്ന് ശിവശങ്കർ അറിയിച്ചതും വാട്സ്ആപ്, ടെലിഗ്രാം സന്ദേശങ്ങളിലുണ്ട്. ശിവശങ്കറിന്റെ സ്വർണക്കടത്ത് ബന്ധം ഉറപ്പിക്കാനുള്ള തെളിവുകളോടെയാണ് ഇ.ഡി അദ്ദേഹത്തെ ചോദ്യംചെയ്യുന്നത്. അറസ്റ്റ് ചെയ്താൽ മൂന്നു മുതൽ ആറ് മാസം വരെ ജാമ്യം കിട്ടില്ല. ബിനാമി ആക്ട്, ഇൻകംടാക്സ് ആക്ട്, ആന്റി മണിലോണ്ടറിംഗ് ആക്ട് എന്നിവയ്ക്ക് പുറമെ, വിദേശത്തെ ഹവാലാ പണമിടപാടിന് ഫെമയും ചുമത്താം. ബാങ്കുദ്യോഗസ്ഥരെ സമ്മർദ്ദത്തിലാക്കി 1.90ലക്ഷംഡോളർ(1.30കോടി രൂപ) മാറിയെടുക്കുകയും അത് വിദേശത്തേക്ക് കടത്താൻ സ്വപ്നയ്ക്ക് ഒത്താശ നൽകുകയും ചെയ്തതെന്നാണ് കസ്റ്റംസ് കേസ്. ശിവശങ്കറിന്റെ ഇടപെടൽ കാരണമാണ് പരിധിയിൽ കവിഞ്ഞ് ഡോളർ ലഭിച്ചതെന്നതിന്റെ തെളിവുകൾ സഹിതം, ശിവശങ്കറിനെ കൂട്ടുപ്രതിയാക്കാനാണ് നീക്കം. സ്വപ്നയുമായി ചേർന്ന് ജോയിന്റ് അക്കൗണ്ടിൽ ബാങ്ക് ലോക്കർ എടുത്തത് ശിവശങ്കറിന്റെ നിർദ്ദേശ പ്രകാരമായിരുന്നെന്നും, പണവുമായി അദ്ദേഹം നേരിട്ട് തന്റെ വീട്ടിലെത്തിയെന്നും ചാർട്ടേർഡ് അക്കൗണ്ടന്റ് വേണുഗോപാൽ വെളിപ്പെടുത്തിയതോടെ കുരുക്കു മുറുകി. യു.എ.ഇ കോൺസുലേറ്റിലെ രേഖകൾ ഉപയോഗിച്ചും ശിവശങ്കറുമൊത്ത് നടത്തിയ വിദേശയാത്രകളിലും സ്വപ്ന നിയമവിരുദ്ധമായി ഡോളർ കടത്തിയെന്ന് കസ്റ്റംസ് കണ്ടെത്തിയിട്ടുണ്ട്.. യു.എ.ഇ കോൺസുൽ ജനറൽ സ്വപ്നയ്ക്ക് സമ്മാനമായി നൽകിയ 30ലക്ഷം രൂപ സൂക്ഷിക്കാനാണ് ലോക്കർ തുറന്നതെന്ന ശിവശങ്കറിന്റെമൊഴി കളവാണെന്നും ഇ.ഡി പറയുന്നു.
തീരുന്നില്ല കേസുകൾ
1 ലൈഫ് പദ്ധതിയിലെ കോഴയാണ് ഡോളറാക്കി കടത്തിയതെന്നും കോഴപ്പണം പൊതുപ്രവർത്തകർക്കും ഉദ്യോഗസ്ഥർക്കും നൽകിയിട്ടുണ്ടാവാമെന്നും സിബിഐ വ്യക്തമാക്കുന്നു.
2 കോടികളുടെ കോഴപ്പണം കിട്ടയത് ആർക്കൊക്കെയാണെന്നും ഡോളറാക്കി വിദേശത്തേക്ക് കടത്തി ആർക്കൊക്കെ പങ്കുവച്ചെന്നുമാണ് ആദായനികുതിവകുപ്പ് അന്വേഷിക്കുന്നത്.
3 പരിധിയിൽ കവിഞ്ഞ പണം ഡോളറാക്കി മാറ്റിയെടുക്കാൻ സ്വപ്ന ആദ്യം ഭീഷണിപ്പെടുത്തിയെന്നും പിന്നാലെ ശിവശങ്കർ കടുത്ത സമ്മർദ്ദം ചെലുത്തിയെന്നുമാണ് സ്വകാര്യബാങ്ക് മാനേജരുടെ മൊഴി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |