വാഷിഗ്ടൺ: കൊവിഡ് ബാധിതരിൽ മൂന്നിലൊന്നു പേർക്കും തലച്ചോറിൽ പ്രശ്നങ്ങളുണ്ടായെന്ന് 80ലധികം പഠനങ്ങൾ വെളിപ്പെടുത്തുന്നതായി അമേരിക്കൻ വിദഗ്ദ്ധർ. നാഡീസംബന്ധമായ ലക്ഷണങ്ങൾ വൈറസ് ബാധയുമായി ബന്ധപ്പെട്ട് ഉണ്ടാകുമെന്നാണ് ഇത്രയും പഠനങ്ങൾ വിശകലനം ചെയ്തതിൽ വെളിപ്പെടുത്തുന്നതെന്നും തലച്ചോറിലെ വൈദ്യുതതരംഗങ്ങൾ വിശകലനം ചെയ്യുന്ന ഇലക്ട്രോഎൻസഫലോഗ്രാം (ഇ.ഇ.ജി) വഴിയാണ് ഇത് തിരിച്ചറിഞ്ഞതെന്നും വിദഗ്ദ്ധർ പറയുന്നു. ''നേരത്തെ ചെറിയ ഒരു സംഘം രോഗികളിലായിരുന്നു ഇതു കണ്ടെത്തിയതെങ്കിൽ പിന്നീട് നടത്തിയ വലിയ പരിശോധനയിൽ 600ലേറെ രോഗികൾക്ക് തലച്ചോറിൽ സങ്കീർണത സൃഷ്ടിക്കുന്നതായി കണ്ടെത്തി. അതിനാൽതന്നെ ഇതൊരു ആകസ്മികതയല്ലെന്ന് ഉറപ്പിക്കാം'' -അമേരിക്കയിലെ ബെയ്ലർ കോളജ് ഓഫ് മെഡിസിനിലെ അസി. പ്രഫസർ സുൽഫി ഹനീഫ് വിശദീകരിച്ചു. തലച്ചോറിന്റെ മുൻവശത്ത് സുപ്രധാന കർത്തവ്യങ്ങൾ നിർവഹിക്കുന്ന ഭാഗത്തെയാണ് ഇത് കാര്യമായി ബാധിക്കുന്നതെന്നും അദ്ദേഹം പറയുന്നു. അതുകൊണ്ടുതന്നെ കൂടുതൽ രോഗികളിൽ ഇ.ഇ.ജിയും എം.ആർ.ഐ, സി.ടി സ്കാനുകളും നടത്തേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. ''കൊവിഡ് വെറുതെ വന്നുപോകുമെന്ന് കരുതുന്നവരാണ് കൂടുതൽ പേരും. എന്നാൽ, പുതിയ പഠനങ്ങൾ പറയുന്നത് ദീർഘനാൾ നീണ്ടുനിൽക്കുന്ന പ്രശ്നങ്ങൾ ഇതുമായി ബന്ധപ്പെട്ട് ഉണ്ടാകുമെന്നാണ്'' -അദ്ദേഹം കൂട്ടിച്ചേർത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |