തിരുവനന്തപുരം: തൊളിക്കോട് വച്ച് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിലെ പ്രതിയായ മുന്‍ ഇമാം ഷഫീഖ് അല്‍ ഖാസിമിയുടെ ചിത്രവും പേരും നബിദിനാഘോഷവുമായി ബന്ധപ്പെട്ട പോസ്റ്ററിൽ. സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന ഈ പോസ്റ്റർ ഖാസിമിയുടെ ഫേസ്ബുക്ക് അക്കൗണ്ടിലും കാണാവുന്നതാണ്. മതചടങ്ങുകളിലും പരിപാടികളിയും ഇപ്പോൾ സജീവ സാന്നിധ്യമാണ് ഇമാം ഷഫീഖ് അല്‍ ഖാസി എന്നാണ് വിവരം.
ചൂനാട് മര്‍കസുല്‍ ഖാദരിയ്യയുടെ പ്രിന്‍സിപ്പലാണ് ഖാസിമി. ഇയാൾ നിലവില്‍ ജാമ്യത്തിലാണ്. പീഡനക്കേസിലെ പ്രതിയായ ഒരാളെ മതപരമായ ചടങ്ങുകളിൽ പങ്കെടുപ്പിക്കുന്നതിൽ പ്രതിഷേധിച്ച് ഒരു വിഭാഗം ആൾക്കാർ രംഗത്തെത്തിയിട്ടുണ്ട്. പേപ്പാറ വനത്തോട് ചേര്‍ന്ന ആളൊഴിഞ്ഞ റബര്‍ തോട്ടത്തില്‍ ഇമാമിനെയും 14 വയസുള്ള പെണ്‍കുട്ടിയെയും ദുരൂഹസാഹചര്യത്തില്‍ തൊഴിലുറപ്പ് സ്ത്രീകള്‍ കണ്ടെത്തിയതോടെയാണ് സംഭവം പുറത്തറിഞ്ഞത്.
തൊളിക്കോട് ജമാഅത്ത് പ്രസിഡന്റിന്റെ പരാതിയിലാണ് പൊലീസ് കേസെടുത്തത്. പെൺകുട്ടിയോ ബന്ധുക്കളെ പരാതി നൽകാത്തതിനാൽ സംഭവം നടന്ന ദിവസങ്ങൾ കഴിഞ്ഞിട്ടും പൊലീസ് കേസെടുത്തിരുന്നില്ല. അഞ്ച് ദിവസത്തെ കൗൺസലിങ്ങിനൊടുവിലാണു പീഡനവിവരം പെൺകുട്ടി സമ്മതിച്ചത്. പ്രമുഖ മതപ്രഭാഷകനും തൊളിക്കോട് പള്ളിയിലെ ഇമാമുമായിരുന്നു ഷഫീഖ് അല്‍ ഖാസിമി. ഇമാംസ് കൗണ്‍സില്‍ സംസ്ഥാന സമിതി അംഗവുമായിരുന്നു.
പെൺകുട്ടിയെ ലൈംഗികമായി ഉപദ്രവിക്കാനാണ് ഇയാൾ കൂട്ടിക്കൊണ്ടുവന്നതെന്ന് ആരോപണം പള്ളി കമ്മിറ്റി നടത്തിയ അന്വേഷണത്തില്‍ ശരിവയ്ക്കുകയും ഖാസിമിയെ ഇമാം സ്ഥാനത്ത് നിന്ന് മാറ്റുകയും ചെയ്തിരുന്നു. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച ഇയാളെ തമിഴ്നാട്ടിലെ മധുരയിലുള്ള ലോഡ്ജിൽ നിന്നാണ് പിടിയിലായത്. കേസിൽ ഇയാൾക്ക് ജാമ്യം ലഭിച്ചത് പ്രതിഷേധം ക്ഷണിച്ചുവരുത്തിയിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |