പിന്നാക്ക, പട്ടിക വിഭാഗത്തെ മുസ്ലീം ലീഗ് തെറ്റിദ്ധരിപ്പിക്കുന്നു
തിരുവനന്തപുരം: മുന്നാക്ക സമുദായങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്ക് ഏർപ്പെടുത്തിയ പത്ത് ശതമാനം സംവരണം നടപ്പാക്കുന്നതിൽ എന്തെങ്കിലും അപാകതകളുണ്ടെങ്കിൽ ചൂണ്ടിക്കാട്ടിയാൽ പരിഹരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
സാമ്പത്തിക സംവരണത്തെ എതിർക്കുന്ന മുസ്ലിം ലീഗ് ഉൾപ്പെടെയുള്ളവർ സാമൂഹ്യയാഥാർത്ഥ്യം മനസിലാക്കാതെ പിന്നാക്ക, പട്ടികജാതി വിഭാഗത്തെ സർക്കാരിനെതിരെ തെറ്റിദ്ധരിപ്പിക്കാനാണ് ശ്രമിക്കുന്നത്.സാമ്പത്തിക സംവരണം വരുന്നതോടെ എന്തോ ചിലത് നഷ്ടപ്പെടുന്നുവെന്ന് പറഞ്ഞാണ് പ്രക്ഷോഭം. നിലവിൽ സംവരണാനുകൂല്യം ലഭിക്കുന്ന ആരുടേയും സംവരണം നഷ്ടപ്പെടില്ല.കേരളത്തിന് പുറത്ത് മുസ്ലിം വിഭാഗത്തിലുള്ളവർക്ക് സംവരണം കിട്ടുന്നില്ലെന്ന യാഥാർത്ഥ്യം മറന്നുകൊണ്ടാണ് മുസ്ലീം ലീഗ് പ്രക്ഷോഭത്തിനൊരുങ്ങുന്നത്.
സാമൂഹ്യമായും സാമ്പത്തികമായും പിന്നാക്കം നിൽക്കുന്നവർക്കുള്ള സംവരണം തുടരണോയെന്ന് ദേശീയ തലത്തിൽ ചർച്ചയുയർന്നപ്പോൾ, സംവരണം തുടരണമെന്ന ഉറച്ച നിലപാടെടുത്തത് ഇടതുപാർട്ടികളാണ്. പിന്നാക്ക സംവരണ തസ്തികകളിലും പ്രവേശനങ്ങളിലും അർഹതപ്പെട്ടവരുടെ കുറവുണ്ടായാൽ അതേ സമുദായത്തിലെ ക്രിമിലെയർ വിഭാഗത്തിൽ തന്നെയുള്ളവർക്ക് നൽകണമെന്ന നിലപാടുമെടുത്തു. സാമ്പത്തിക സംവരണം വർഷങ്ങൾക്ക് മുമ്പേ പ്രകടനപത്രികയിൽ ഇടതുമുന്നണി ഉൾപ്പെടുത്തിയിരുന്നു. പിന്നീടത് യു.ഡി.എഫിന്റെ പ്രകടനപത്രികയിലുമുണ്ടായി. ഇപ്പോൾ, സംവരണ പരിധി 50 ശതമാനത്തിലും കൂട്ടാൻ ദേശീയ തലത്തിൽ ഭരണഘടനാഭേദഗതിയുണ്ടായ സാഹചര്യത്തിലാണ് ,കേരളത്തിൽ സാമ്പത്തിക സംവരണം നടപ്പാക്കാൻ തീരുമാനിച്ചത്. ദേവസ്വം ബോർഡിലെ നിയമനത്തിനാണ് ആദ്യം അവസരമുണ്ടായത്. പിന്നീട് മറ്റെല്ലാ നിയമനങ്ങളിലും ബാധകമാക്കി. മുന്നാക്ക സമുദായത്തിനല്ല, നിലവിൽ സംവരണാനുകൂല്യമില്ലാത്ത എല്ലാ വിഭാഗത്തിനും ഇതിന്റെ പ്രയോജനം ലഭിക്കും. അതിന് ജാതിയും മതവുമില്ല. ക്രിസ്ത്യൻ,മുസ്ലിം വിഭാഗങ്ങളിലെ ഉന്നത സാമുദായിക വിഭാഗത്തിനും ജാതിയും മതവുമില്ലാത്തവർക്കും സാമ്പത്തികമായി പിന്നാക്ക സ്ഥിതിയാണെങ്കിൽ ഇൗ സംവരണത്തിന് അർഹതയുണ്ടായിരിക്കും-മുഖ്യമന്ത്രി പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |