കാസർകോട്: ഗൾഫിലേക്ക് പോകുന്നവർക്ക് അനധികൃതമായി കൊവിഡ് ടെസ്റ്റ് നടത്തി വ്യാജ നെഗറ്റീവ് സർട്ടിഫിക്കറ്റ് നൽകിയെന്ന പരാതിയിൽ മഞ്ചേശ്വരം പൊലീസ് ഉപ്പളയിലെ ഡോക്ടേഴ്സ് ലാബിനെതിരെ കേസെടുത്തു. കേരള പകർച്ചവ്യാധി നിയന്ത്രണ നിയമപ്രകാരമാണ് കേസ്. അനധികൃതമായി വീടുകളിൽ എത്തി സ്രവം ശേഖരിച്ചു തെറ്റായ റിപ്പോർട്ട് നൽകിയെന്നാണ് ഡി.എം.ഒ ഡോ.ഏ.വി രാംദാസ് നൽകിയ പരാതിയിൽ പറയുന്നത്.
ഇവർ നൽകിയ റിപ്പോർട്ടും ആരോഗ്യ വകുപ്പ് നടത്തിയ പരിശോധനയും യാതൊരു പൊരുത്തവുമില്ലതാണെന്ന് കണ്ടെത്തിയിരുന്നു. ആവശ്യക്കാർക്കെല്ലാം നെഗറ്റീവ് റിപ്പോർട്ടാണ് ലാബിൽ നിന്നും നൽകി വരുന്നതെന്ന് സംശയിക്കുന്നതായി കാസർകോട് ഡിവൈ. എസ്. പി. ബാലകൃഷ്ണൻ നായർ പറഞ്ഞു.കാസർകോട് ജില്ലയിൽ കൊവിഡ് ടെസ്റ്റ് നടത്താൻ ആരോഗ്യ വകുപ്പ് ഈ ലാബിന് അംഗീകാരം നൽകിയിരുന്നില്ല. കോഴിക്കോട്ടെ ഒരു ലാബ് വഴി പരിശോധിച്ചാണ് ഇവർ സർട്ടിഫിക്കറ്റ് നൽകുന്നതെന്നാണ് വിവരം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |