തിരുവനന്തപുരം: പെയ്യുന്ന മഴയെല്ലാം പ്രളയമായും കുത്തൊഴുക്കായും കടലിൽ പോകാതെ തടഞ്ഞു നിറുത്തി കേരളത്തെ ഒരു മഴവെള്ള മഹാസംഭരണിയാക്കാൻ ഒരു ലക്ഷത്തോളം കിണറുകളും അരലക്ഷത്തോളം കുളങ്ങളും റെഡി. സർക്കാരിന്റെ ഹരിതകേരളമിഷന്റെ ശ്രമത്തിന്റെ ഫലമാണിത്. ഇനി ഇവയിൽ സംഭരിക്കുന്ന മഴവെള്ളം വേനൽക്കാലത്ത് ഉപയുക്തമാക്കും.
മഴവെള്ളം സംഭരിച്ച് കൃഷിക്കും കുടിവെള്ളത്തിനും ഭൂഗർഭ ജലനിരപ്പ് ഉയർത്താനുമുള്ള ഈ പദ്ധതിക്ക് വർഷം 175കോടി രൂപയാണ് സർക്കാർ ചെലവിടുന്നത്.മഴയെ രണ്ടുതരത്തിൽ പ്രയോജനപ്പെടുത്താനാണ് പദ്ധതിയെന്ന് ഹരിതകേരളമിഷൻ ജലവിഭവവിഭാഗം കൺസൾട്ടന്റ് എബ്രഹാം കോശി പറഞ്ഞു. ഭൂജലവിതാനം ഉയർത്തി കൃഷിയെ സഹായിക്കും. ഉപരിതല സംഭരണികളിലൂടെ വെള്ളത്തിന്റെ പുനരുപയോഗം സാദ്ധ്യമാക്കും.
ജൂൺ മുതൽ ഒക്ടോബർ വരെയുള്ള കാലവർഷ മഴ കുളങ്ങളിലും കിണറുകളിലും സംഭരിക്കും. ഒക്ടോബർ മുതൽ ഡിസംബർ വരെയുള്ള തുലാവർഷത്തിന് ശേഷം ശക്തമാകുന്ന നീരൊഴുക്കാണ് വേനൽക്കാലത്ത് ഉപയുക്തമാകുന്നത്. ഇതിനായി ഉറവകൾ ശക്തമാക്കണം. അതിനായി നദികളിലും അരുവികളിലും കനാലുകളിലും തടയണകളും ചെക്ക് ഡാമുകളും പണിത് വെള്ളം സംഭരിക്കും.ഇൗ വർഷം മുതൽ തുലാവർഷ നീരൊഴുക്ക് സംഭരിക്കാൻ 'ബന്ധാര' എന്ന പുതിയ സംഭരണ സംവിധാനം പരീക്ഷണാടിസ്ഥാനത്തിൽ നാല് ജില്ലകളിൽ നടപ്പാക്കുകയാണ്. പാലക്കാട് പത്തൊൻപതും, കാസർകോട് ഒൻപതും വയനാട് മൂന്നും പത്തനം തിട്ടയിൽ മൂന്നും ബന്ധാരകളുണ്ടാക്കും. വിജയിച്ചാൽ അടുത്തവർഷം മുതൽ മറ്റ് ജില്ലകളിലും നടപ്പാക്കും.
ബന്ധാര
മഴക്കാലത്ത് രൂപപ്പെടുന്ന ചെറിയ നീരൊഴുക്കുകളെ താത്കാലിക തടയണകൾ ഉപയോഗിച്ച് തടഞ്ഞുനിറുത്തി നാലും അഞ്ചും മാസം കൃഷിക്കും കുടിവെളളത്തിനും ഉപയോഗിക്കുന്ന രീതിയാണിത്.പ്ലാസ്റ്റിക് ഉപയോഗിച്ച് മോൾഡ് ചെയ്‌ത് മോഡുലർ വസ്തു ഉപയോഗിച്ചാണ് താത്കാലിക തടയണ നിർമ്മിക്കുന്നത്. ഇതിന് നിരവധി ഷട്ടറുകൾ ഉണ്ടാവും. ഒാരോ ഷട്ടറായി വെള്ളം തുറന്ന് വിട്ട് കനാലിലൂടെയും പൈപ്പുകളിലൂടെയും വിതരണം ചെയ്യാം. പ്രാദേശികമായി കർഷകർക്കും തദ്ദേശസ്ഥാപനങ്ങൾക്കും ഇത് പ്രവർത്തിപ്പിക്കാം. മഹാരാഷ്ട്ര, ഗോവ മേഖലകളിൽ മഴവെള്ള സംഭരണത്തിനും പുനരുപയോഗത്തിനും ഉപയോഗിക്കുന്ന പാരമ്പര്യ മാതൃകയാണിത്.
"അടുത്ത വർഷം മുതൽ മഴവെള്ളം കുടിവെള്ള വിതരണത്തിനും ഉപയോഗിക്കുന്ന ബന്ധാര സംവിധാനം പ്രാവർത്തികമാകും."
-ഡോ.ടി.എൻ.സീമ, ഹരിതകേരളമിഷൻ, വൈസ് ചെയർപേഴ്സൺ.
സംസ്ഥാനത്ത് പെയ്യുന്ന മഴ 3000 മില്ലിമീറ്റർ
അണക്കെട്ടുകൾ 81
മൊത്തം സംഭരിക്കുന്ന വെള്ളം 5,80,600 കോടി ഘന മീറ്റർ
മഴക്കുളങ്ങൾ 41,831
മഴക്കിണറുകൾ 91,482
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |