തൊടുപുഴ: ഉളിയന്നൂരിലെ പെരുന്തച്ചൻ മരപ്പണിയിൽ വിസ്മയം സൃഷ്ടിച്ചെങ്കിൽ, തൊടുപുഴയ്ക്കടുത്ത് കരിമണ്ണൂർ കൊല്ലപ്പുഴയിലെ പെരുന്തച്ചൻ മോട്ടോർ വാഹനങ്ങളുണ്ടാക്കിയാണ് നാട്ടുകാരെ അദ്ഭുതപ്പെടുത്തുന്നത്. അമ്പത്തഞ്ചുകാരനായ അമ്പാട്ട് മോഹനൻ എന്ന ഈ പെരുന്തച്ചന്റെ കരവിരുതിൽ ആദ്യം പിറന്നത് ഒരു ബൈക്കാണ്. ഇപ്പോൾ ജീപ്പിന്റെ പണിപ്പുരയിലാണ്. തൊഴിൽപരമായി മരപ്പണിക്കാരനാണ് മോഹനനും. മരങ്ങൾ കൊണ്ട് മനോഹരമായ ഗൃഹോപകരണങ്ങൾ നിർമ്മിച്ചിരുന്ന മോഹനന് ചെറുപ്പത്തിലേ കമ്പം യന്ത്രങ്ങളോടും വാഹനങ്ങളോടുമായിരുന്നു.
മരം ചീന്തേരിടുന്നതിനും മരവും ഇരുമ്പും മുറിക്കുന്നതിനുമുള്ള മെഷീനുകൾ, ബുള്ളറ്റിന്റെ ഡൈനാമോ ഉപയോഗിച്ച് പ്രവർത്തിക്കുന്ന ജനറേറ്റർ, അങ്ങനെ എന്തും ഉണ്ടാക്കുന്നത് പതിവായപ്പോൾ നാട്ടുകാരിട്ട പേരാണ് പെരുന്തച്ചൻ. വണ്ടികളുടെ പഴയ സാധനങ്ങൾ വാങ്ങിയാണ് പരീക്ഷണങ്ങൾ. ലോക്ക്ഡൗൺ സമയത്താണ് സ്വന്തമായി ഒരു ബൈക്ക് ഉണ്ടാക്കണമെന്ന മോഹമുണ്ടായത്. പഴയ ബൈക്ക് വാങ്ങി അഴിച്ചുപണിത അനുഭവം മാത്രമാണ് ഒമ്പതാംക്ലാസ് വിദ്യാഭ്യാസമുള്ള മോഹനന്റെ കൈമുതൽ. മരപ്പണിക്കുശേഷമുള്ള ഒഴിവുസമയങ്ങളിലും രാത്രിയുമിരുന്ന് പണിതു. വീടിനോട് ചേർന്നുള്ള വർക്ക്ഷോപ്പിൽ രണ്ടു മാസം പണിയെടുത്തപ്പോൾ അടിപൊളി ബൈക്ക് റെഡിയായി. എം80 മോട്ടോർ സൈക്കിളിന്റെ പഴയ എൻജിനാണ് ഉപയോഗിച്ചത്. 75 കിലോ ഭാരമുള്ള ബൈക്ക് 50 കിലോമീറ്ററിലേറെ സ്പീഡിൽ കുതിക്കും. 25,000 രൂപ ചെലവായെങ്കിലും, റോഡിലിറക്കി ഓടിക്കാൻ അനുമതിയില്ല. അതിൽ നിരാശനാകാതെ പഴയ ബൈക്കിന്റെ ടയറും സൈലൻസറും ഉൾപ്പെടെ ഉപയോഗിച്ച് ജീപ്പ് നിർമ്മിക്കുന്നതിന്റെ തിരക്കിലാണ് മോഹനൻ. റിവേഴ്സടക്കം നാല് ഗിയറുള്ള ജീപ്പിന്റെ ചേസ് നിർമ്മിച്ചു. ഇനി ബോഡി കൂടി പണിതാൽ മതി. ഡ്രൈവറടക്കം അഞ്ച് പേർക്ക് യാത്ര ചെയ്യാം. 40 കിലോമീറ്റർ വേഗത്തിൽ ഓടിക്കാനാകുമെന്നാണ് പ്രതീക്ഷ. നാല്പതിനായിരം രൂപയെങ്കിലും ചെലവാകും. എൻജിനിലും ബാറ്ററിയിലും ഒരുപോലെ പ്രവർത്തിപ്പിക്കാവുന്ന ഈ ജീപ്പ് നിരത്തിലിറക്കി ഓടിക്കാമെന്ന പ്രതീക്ഷയിലാണ് മോഹനന്. മരപ്പണിക്കാരനായ മകനും കൂട്ടുകാരും ഫുൾ സപ്പോർട്ടായി കൂടെയുണ്ട്.
'ഏതൊരു മോട്ടോർ വാഹനവും നിരത്തിലിറക്കണമെങ്കിൽ റോഡ് വർത്തിനസ് സർട്ടിഫിക്കറ്റ് ആവശ്യമാണ്. ഇത് നൽകുന്നത് ആട്ടോമോട്ടീസ് റിസർച്ച് അസോസിയേഷൻ ഒഫ് ഇന്ത്യയാണ് (എ.ആർ.എ.ഐ). സംസ്ഥാന മോട്ടോർവാഹന വകുപ്പിന്റെ അനുമതിയും വേണം. സാധാരണഗതിയിൽ വ്യക്തികൾക്ക് അനുമതി കിട്ടുക ബുദ്ധിമുട്ടാണ്
-ആർ. രമണൻ (ആർ.ടി.ഒ)
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |